-->
ദോഹ:വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്നഗ്ലോബൽ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു. കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ–കവിത വിഭാഗങ്ങളിൽ ഏർപ്പെടുത്തിയ ഗ്ലോബൽ കലാലയം പുരസ്‌കാരത്തിന് ഇംഗ്ലണ്ടിൽ നിന്നുള്ള സുബിൻ അയ്യമ്പുഴയുടെ ‘ഹ്യൂമൻ ബീസ്റ്റ്’ കഥയും മലേഷ്യയിൽ നിന്നുള്ള സതീഷൻ ഒ.പിയുടെ ‘പൂരപ്പറമ്പിൽ ഒരാണ്‍കുട്ടി’ എന്ന കവിതയും അർഹമായി. പുരസ്‌കാര ജേതാക്കളെ പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദന പത്രവും നൽകി ആദരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന പ്രവാസി മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച അനവധി രചനകളിൽ നിന്നാണ് കൃതികൾ തിരഞ്ഞെടുത്തത്.പ്രവാസികൾക്കിടയിൽ വായനയെയും എഴുത്തിനെയും ശക്തിപ്പെടുത്തുകയും, ഭാഷയോടും സാഹിത്യത്തോടും ഉള്ള സമഗ്ര പ്രതിബദ്ധതയ്ക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് കലാലയം പുരസ്‌കാരം ലക്ഷ്യമിടുന്നത്.
കെ.ടി. സൂപി, സുറാബ്, നജീബ് മൂടാടി, മജീദ് സൈദ് എന്നിവരടങ്ങുന്ന ജൂറി, രചനാശൈലിയിലെ സവിശേഷതകളും പ്രമേയങ്ങളിലെ വൈവിധ്യവും പരിഗണിച്ചാണ് പുരസ്‌കാരാർഹമായ കൃതികൾ തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ രാഷ്ട്രീയ–സാംസ്‌കാരിക പശ്ചാത്തലങ്ങളോട് സൗഹാർദത്തിന്റെയും മൈത്രിയുടെയും ഭാഷയിൽ സംവദിക്കുന്ന ഈ രചനകൾ വർത്തമാന കാലത്ത് വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നതെന്നും ജൂറി വിലയിരുത്തി.
ഷഫീക്ക് അറക്കൽ