-->
ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ ക്രാന്‍സ് മൊണ്ടാനയില്‍ പുതുവത്സരാഘോഷത്തിനിടെ ബാറിലുണ്ടായ അഗ്നിബാധയില്‍ 40 മരണം. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ആല്‍പൈന്‍ സ്‌കൈ ആഡംബര റിസോര്‍ട്ടിലെ 'ലെ കോണ്‍സ്‌റ്റലേഷന്‍' ബാറിലാണ് ദുരന്തമുണ്ടായത്.
സംഭവം അഗ്നിബാധയാണെന്നും ഭീകരാക്രമണമല്ലെന്നും സ്വിസ് പോലീസ് വ്യക്‌തമാക്കി. 40 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നു സ്വിസ് പോലീസ് കരുതുന്നതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയമാണ് പ്രസ്‌താവനയിലൂടെ വെളിപ്പെടുത്തിയത്. പ്രാദേശികസമയം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് റിസോര്‍ട്ട് വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരുന്നു. ദുരന്തത്തില്‍പ്പെട്ടവരില്‍ ഏതൊക്കെ രാജ്യക്കാരുണ്ടെന്നതില്‍ വ്യക്‌തതയില്ല.
തീപിടിത്തമുണ്ടാകുമ്പോള്‍ ബാറില്‍ മാത്രം നൂറിലേറെപ്പേരുണ്ടായിരുന്നു. രാജ്യാന്തരപ്രസിദ്ധമായ റിസോര്‍ട്ടായതിനാല്‍ ധാരാളം വിദേശവിനോദസഞ്ചാരികളുണ്ടായിരുന്നെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പോലീസ് വ്യക്‌തമാക്കി. ബാറിലെ അഗ്നിബാധയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി ഹെലികോപ്‌ടറുകളുടെ സഹായത്തോടെ പോലീസും അഗ്നിരക്ഷാസേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദുരന്തത്തില്‍പ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ ഹോട്ട്‌ലൈന്‍ പ്രവര്‍ത്തിക്കുന്നു.
കരിമരുന്നുപ്രയോഗം നടത്തിയതാണ് അഗ്നിബാധയ്‌ക്കു കാരണമെന്നു പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല.