-->
ബേണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ ക്രാന്‍സ് മൊണ്ടാനയില്‍ പുതുവത്സരാഘോഷത്തിനിടെ ബാറിലുണ്ടായ അഗ്നിബാധയ്‌ക്കു കാരണം മെഴുകുതിരിയില്‍നിന്നു പകര്‍ന്ന തീയെന്നു റിപ്പോര്‍ട്ട്. തീപിടുത്തത്തിന്റെ കാരണം നിര്‍ണയിക്കാന്‍ ഇതുവരെയായിട്ടില്ലെന്നാണു സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്.
എന്നാല്‍ മെഴുകുതിരിയില്‍നിന്നാണു തീപടര്‍ന്നതെന്നു ഫ്രാഞ്ച് പൗരന്മാരായ ദൃക്‌സാക്ഷികള്‍ എംമയും അല്‍ബേനുംപറഞ്ഞു. ബാറിലെ ജീവനക്കാരിയായ ഒരു യുവതി ഷാംപെയ്‌ന്‍ കുപ്പികള്‍ക്ക് മുകളില്‍ ജന്മദിന മെഴുകുതിരികള്‍ വയ്‌ക്കുകയും അവ സീലിങ്ങിന് നേരെ ഉയര്‍ത്തുകയുമായിരുന്നു. ഉടന്‍ തന്നെ സീലിങ്ങിനു തീപിടിച്ചു. എല്ലാം മരം കൊണ്ടായിരുന്നു നിര്‍മിച്ചിരുന്നത്.- അവര്‍ പറഞ്ഞു.തീ വളരെ വേഗത്തില്‍ പടര്‍ന്നതിനാല്‍ ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സീലിങ് മുഴുവന്‍ തീപിടിച്ചു.
അതിവേഗം ഒന്നാംനിലയിലേക്കും തീപടര്‍ന്നു. രക്ഷപ്പെടാനുള്ള വഴി വളരെ ഇടുങ്ങിയതായിരുന്നു. പുറത്തേക്കുള്ള പടികള്‍ ഇടുങ്ങിയതായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടായിരുന്നു. ഏകദേശം 200 പേര്‍ 30 സെക്കന്‍ഡിനുള്ളില്‍ ബാറില്‍നിന്ന് പുറത്തുപോകാന്‍ ശ്രമിച്ചതായി അവര്‍ പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗം പേരും 16 നും 26 നും ഇടയില്‍ പ്രായമുള്ളവരാണെന്നു ബിബിസി അറിയിച്ചു.
പ്രദേശം പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്, ക്രാന്‍സ്‌മോണ്ടാനയില്‍ നിരോധന മേഖല പ്രഖ്യാപിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.പരുക്കേറ്റവരുടെ എണ്ണം കൂടുതലായതിനാല്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും ഓപ്പറേഷന്‍ തിയേറ്ററും വേഗത്തില്‍ നിറഞ്ഞതായി പ്രാദേശിക ഭരണകൂടത്തിന്റെ തലവന്‍ റെനാര്‍ഡ് പറഞ്ഞു.ക്രാന്‍സ്‌മോണ്ടാന സ്വിറ്റ്‌സര്‍ലന്‍ഡിലെ തലസ്‌ഥാനമായ ബേണില്‍നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെ, വാലൈസ് മേഖലയില്‍ സ്‌ഥിതി ചെയ്യുന്ന ആല്‍പ്‌സിന്റെ ഹൃദയഭാഗത്തുള്ള ആഡംബര സ്‌കീ റിസോര്‍ട്ട് പട്ടണമാണ്.വേനല്‍ക്കാലത്താണു ക്രാന്‍സ്‌മോണ്ടാനയില്‍ കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്. അവിടുത്തെ ഒമ്പത് തടാകങ്ങള്‍, ആല്‍പൈന്‍ വനങ്ങള്‍, മനോഹരമായ പുല്‍മേടുകള്‍ എന്നിവയാണുസന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ശൈത്യകാലത്ത് അവിടെ ഹിമപാതമുള്ള ചരിവുകള്‍, ക്രോസ്‌കണ്‍ട്രി സ്‌കീയിങ്ങിനുള്ള ഗ്‌ലേസിയര്‍ പ്ലാറ്റോ ട്രാക്കുകള്‍, ടോബോഗന്‍ റണ്ണുകള്‍, സ്‌നോ പാര്‍ക്ക്, ഐസ് റിങ്കുകളില്‍ എന്നിവ അവിടെ തയാറാക്കും.