-->
ന്യൂയോര്‍ക്ക്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുറാനില്‍തൊട്ട് ന്യൂയോര്‍ക്ക് സിറ്റിയുടെ പുതിയ മേയറായി സോഹ്‌റാന്‍ മാംദാനി(34) സത്യപ്രതിജ്‌ഞ ചെയ്‌തു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ പദവിയില്‍ ഇസ്ലാമിക വിശുദ്ധ ഗ്രന്‌ഥം ഉപയോഗിക്കുന്നത് ആദ്യമായാണ്.
ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ അദ്ദേഹം സിറ്റി ഹാളിന് താഴെയുള്ള ഏറെക്കാലമായി അടഞ്ഞുകിടന്ന ഒരു സബ്‌വേ സ്‌റ്റേഷനിലാണ് അര്‍ദ്ധരാത്രി സത്യപ്രതിജ്‌ഞ ചെയ്‌തത്. ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലീം, ആദ്യ ദക്ഷിണേഷ്യന്‍, ആദ്യ ആഫ്രിക്കന്‍ വംശജന്‍ കൂടിയാണ് അദ്ദേഹം.
സാധാരണ ന്യൂയോര്‍ക്ക് മേയര്‍മാര്‍ ബൈബിളില്‍തൊട്ടാണു സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നത്. ഫെഡറല്‍, സംസ്‌ഥാന, നഗര ഭരണഘടനകള്‍ പാലിക്കാനുള്ള സത്യപ്രതിജ്‌ഞയ്‌ക്ക് ഏതെങ്കിലും മതഗ്രന്‌ഥം ഉപയോഗിച്ചാല്‍ മതിയാകും. പ്രചാരണ വേളയില്‍ മാംദാനി തന്റെ മുസ്ലീം വിശ്വാസത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. അത് ദക്ഷിണേഷ്യന്‍, മുസ്ലീം വോട്ടര്‍മാരുടെ പിന്തുണ അദ്ദേഹത്തിനു നേടിക്കൊടുത്തു. അദ്ദേഹം തെരഞ്ഞെടുത്ത ഖുറാന്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ മുസ്ലീം ജനതയുടെ വൈവിധ്യത്തെയും സ്വാധീനത്തെയും പ്രതീകവല്‍ക്കരിക്കുന്നു എന്ന് മിഡില്‍ ഈസ്‌റ്റേണ്‍ ആന്‍ഡ് ഇസ്ലാമിക് സ്‌റ്റഡീസ് വിഭാഗത്തിലെ ലൈബ്രറിയുടെ ക്യൂറേറ്റര്‍ ഹിബ അബിദ് പറഞ്ഞു. ആഫ്രിക്കന്‍ വംശജരുടെ ലോക സംഭാവനകള്‍ രേഖപ്പെടുത്തിയ കറുത്ത വര്‍ഗക്കാരനും പ്യൂര്‍ട്ടോറിക്കക്കാരനുമായ ചരിത്രകാരന്‍ ആര്‍തുറോ ഷൊംബര്‍ഗ് ആണ് മാംദാനി ഉപയോഗിച്ച ഖുറാന്റെ കൈയെഴുത്ത് പ്രതി ശേഖരിച്ചത്. രാജകീയമോ ഉന്നതരോ ഉപയോഗിക്കുന്ന അലങ്കരിച്ച മതഗ്രന്‌ഥങ്ങളില്‍നിന്ന് വ്യത്യസ്‌തമായി, മാംദാനി ഉപയോഗിച്ച ഖുറാന്‍ ലളിതമായ രൂപകല്‍പ്പനയുള്ളതാണ്. അതിന് കടും ചുവപ്പ് ചട്ടയുാണുള്ളത്. കറുപ്പും ചുവപ്പും മഷിയിലാണു എഴുതിയിട്ടുള്ളത്. ലിപി ലളിതവും വായിക്കാന്‍ എളുപ്പമുള്ളതുമാണ്. ഈ സവിശേഷതകള്‍ ഈ കൈയഴുത്ത് പ്രതി സാധാരണ വായനക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് സൂചിപ്പിക്കുന്നു. കൈയെഴുത്ത് പ്രതിക്ക് തീയതിയോ ഒപ്പുവച്ചിരിക്കുന്നയാളോ ഇല്ലാത്തതിനാല്‍, പണ്ഡിതന്മാര്‍ അതിന്റെ ചട്ടയും ലിപിയും ഉപയോഗിച്ച് നിര്‍മാണ കാലഘട്ടം ഏകദേശം വിലയിരുത്തി. ഒട്ടോമന്‍ കാലഘട്ടത്തില്‍, ഇന്നത്തെ സിറിയ, ലെബനാന്‍, ഇസ്രായേല്‍, പലസ്‌തീനിയന്‍ പ്രദേശങ്ങള്‍, ജോര്‍ദാന്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രദേശത്ത് 18ാം നൂറ്റാണ്ടിന്റെ അവസാനമോ 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇത് നിര്‍മിച്ചതാകാമെന്ന് കരുതപ്പെടുന്നു.