Wednesday, March 11, 2026 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.34 PM

ആറു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; 198 പേര്‍ ആശുപത്രിയില്‍

ഇന്‍ഡോര്‍: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇന്‍ഡോറിലുണ്ടായ മലിനജല ദുരന്തത്തിന്റെ ഇരയായി ആറു മാസം പ്രായമുള്ള കുഞ്ഞും. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ കുഞ്ഞ്‌ മരിച്ചത്‌. ഇതോടെ മലിനജലം കുടിച്ചതു മൂലം മരിച്ചവരുടെ എണ്ണം ഏഴായി.
ഭഗീരത്‌പുരയില്‍ മലിനജലം കുടിച്ചതു മൂലം വയറിളക്കം ബാധിച്ച്‌ 198 പേരാണ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ആണ്‍കുഞ്ഞിനെയാണ്‌ കുടുംബത്തിനു നഷ്‌ടമായതെന്നു ബന്ധുക്കള്‍ പറഞ്ഞു. വെള്ളം കലര്‍ത്തി നല്‍കിയ പാല്‍ കുടിച്ചതോടെയാണ്‌ കുഞ്ഞിനു ഛര്‍ദിയും വയറിളക്കവുമുണ്ടായതെന്നു പിതാവ്‌ സുനില്‍ സാഹു പറഞ്ഞു.
ആശുപത്രിയിലെത്തി മരുന്നു വാങ്ങിയതിനുശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും രാത്രിയോടെ കുട്ടിയുടെ നില വഷളായി. കടുത്ത പനി കൂടി ബാധിച്ചതോടെ കുഞ്ഞ്‌ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അതേസമയം, മലിനീകരണത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ്‌ മന്ത്രി കൈലാഷ്‌ വിജയവര്‍ഗീയ പറഞ്ഞു. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ എന്നും ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 01 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW