-->
സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കര്‍ക്കെതിരെ സൈബര്‍ ആക്രമണം. ഗോവയില്‍ നിന്നുളള സാറയുടെയും സുഹൃത്തുക്കളുടെയും ഒരു വീഡിയോയാണ് ട്രോളുകള്‍ക്ക് കാരണം. ഗോവയിലെ ഒരു റോഡിലൂടെ നടന്നുപോകുന്ന സാറയുടെ കൈയില്‍ ഒരു കുപ്പി കാണാം. ഇത് ബിയര്‍ കുപ്പിയാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഗോവന്‍ ബ്രോ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ മൂന്നു ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ എപ്പോഴാണ് എടുത്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുവത്സരാഘോഷത്തിന് സാറ ഗോവയിലെത്തിയപ്പോള്‍ എടുത്ത വീഡിയോയാണിതെന്നും ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
ഇതുവരെ 54 ലക്ഷം പേര്‍ കണ്ട ഈ വീഡിയോയ്ക്ക് താഴെ സാറയെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്. പൊതുസ്ഥലത്ത് ബിയര്‍ കുപ്പിയുമായി നടക്കുന്ന സാറയെപ്പോലുളള സെലിബ്രിറ്റികള്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. വലിയൊരു ക്രിക്കറ്റ് താരത്തിന്റെ പ്രവൃത്തി ആളുകളെ സ്വാധീനിക്കുമെന്നും കമന്റുകളുണ്ട്.
എന്നാല്‍ സാറയുടെ സ്വകാര്യത അവരുടെ അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഒട്ടേറെ പേര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതെന്തൊരു ഭ്രാന്തന്‍ ചിന്താഗതിയാണ്? സാറാ ബിയര്‍ കഴിക്കുന്നത് സച്ചിന്‍ മദ്യം പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണോ? ഒരു മകള്‍ക്ക് മദ്യം കഴിച്ചുകൂടേ? എന്നാണ് ഒരാള്‍ കുറിച്ചത്.