-->
ഇന്ത്യന്‍ ക്രിക്കിറ്റിന്റെ ദൈവം, ഇതിഹാസം എന്നൊക്കെ വിളിപ്പേരുള്ള ഒറ്റ കായികതാരമേ ഉള്ളൂ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തില്‍ വലിയൊരു സ്ഥാനം നേടിയ, ലോക ക്രിക്കറ്റിനെ തന്റെ ബാറ്റിന്റെ മാന്ത്രികത കൊണ്ട് വിസ്മയിപ്പിച്ച ഈ ഇതിഹാസ താരത്തിന്റെ 52-ാം ജന്മദിനമാണിന്ന്. ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ആഘോഷമാണിന്ന്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം കോച്ചായി ഇപ്പോഴും തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
താരത്തിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. ലോകമെമ്പാടുമുള്ള ഫാഷന്‍ ആരാധകര്‍ സാറയുടെ പുതുമയുള്ള ഡ്രസിംഗും വെറൈറ്റി ആഭരണങ്ങളുമൊക്കെ ശ്രദ്ധിക്കാറുണ്ട്. എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ള സാറ ചിരിച്ച മുഖത്തോടെയാണ് എന്നും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോഴിതാ അച്ഛന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ നേരുകയാണ് സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. തന്റെ കുട്ടിക്കാലത്തെ വിലയേറിയ ഓർമ്മകളുടെ ഒരു പരമ്പരയും, ക്രിക്കറ്റ് ഇതിഹാസവുമായുള്ള ആർദ്രമായ നിമിഷങ്ങളും പങ്കിട്ടാണ് സാറയുടെ കുറിപ്പ്. കളിചിരികൾ മുതൽ അച്ഛന്റെ കൈകളിൽ ഇണങ്ങിച്ചേരുന്നത് വരെ ചിത്രങ്ങളിൽ കാണാം. ഗൃഹാതുരത്വമുണർത്തുന്ന സ്നാപ്പ്ഷോട്ടുകൾക്കൊപ്പം, സാറ തന്റെ അച്ഛനായി പങ്കിട്ട വൈകാരിക കുറിപ്പില്‍, അദ്ദേഹത്തിന്റെ ശക്തി, വിനയം, എപ്പോഴും നിലനിൽക്കുന്ന നർമ്മബോധം എന്നിവയുമുണ്ട്.
എല്ലാവരെയും ബഹുമാനിക്കാന്‍ പഠിപ്പിച്ച, പരിക്കുകള്‍ വകവയ്ക്കാതെ തന്നെ പരിഗണിക്കുന്ന അച്ഛനാണ് സാറ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘‘ആരെയും പേടിക്കരുതെന്ന് പറയുന്നതിനൊപ്പം, എല്ലാവരെയും ബഹുമാനിക്കാൻ എന്നെ പഠിപ്പിച്ച ആ മനുഷ്യന്... ഒടിഞ്ഞ കൈ (മറ്റ് പരിക്കുകളുടെ അവസാനമില്ലാത്ത പട്ടികയുണ്ട്) വകവയ്ക്കാതെ എന്നെ ചുമന്ന ആ മനുഷ്യന്, എന്റെ ഷൂട്ടുകളിൽ ഫോട്ടോബോംബ് ഇടുന്നത് തുടരുന്ന ആ മനുഷ്യന്, ഏറ്റവും പ്രധാനമായി, ആസ്വദിക്കുക, ധാരാളം ചിരിക്കുക, ജീവിതം ആസ്വദിക്കുക എന്നിവ പ്രധാനമാണെന്ന് എന്നെ പഠിപ്പിച്ച ആ മനുഷ്യന്...ജന്മദിനാശംസകൾ ബാബാ...’’ എന്ന ക്യാപ്ഷനൊപ്പം സച്ചിനൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രവും ത്രോ ബാക്ക് ചിത്രവും പങ്കിട്ടാണ് സാറയുടെ ആശംസ.
1989 നവംബർ 15 നാണ് 16-ാം വയസ്സില്‍ മഹാരാഷ്ട്രയില്‍ നിന്ന് ക്രിക്കറ്റ് ലോകത്തേക്ക് കൗമാരക്കാരനായ സച്ചിന്‍ കടന്നുവന്നത്. പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ വളർന്നു. ഇടയ്ക്ക് പരിക്കുകളും പ്രതിസന്ധികളും പലതവണ തളർത്താൻ ശ്രമിച്ചെങ്കിലും, ഫീനിക്സ് പക്ഷിയെപ്പോലെ താരം ഉയർത്തെഴുന്നേറ്റു.
ടെസ്റ്റ് ക്രിക്കറ്റിലെ രാജാവായും, ഏകദിന ക്രിക്കറ്റിലെ വിശ്വരൂപമായും സച്ചിൻ തിളങ്ങി. തലമുറകളെ പ്രചോദിപ്പിച്ച ഈ ഇതിഹാസ താരത്തിന്റെ റെക്കോർഡുകള്‍ ഇന്നും ലോക ക്രിക്കറ്റിന് അത്ഭുതമാണ്. 2011-ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് ഉയർത്തിയപ്പോള്‍, ഒരു കായികതാരമെന്ന നിലയിലെ തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സച്ചിൻ സാക്ഷാത്കരിച്ചത്. വിരാട് കോഹ്‌ലിയും, സ്റ്റീവ് സ്മിത്തും, കെയ്ൻ വില്യംസണും, ജോ റൂട്ടും, വീരേന്ദർ സെവാഗും, എം.എസ് ധോണിയുമെല്ലാം സച്ചിന്റെ ബാറ്റിംഗ് മികവിനെയും, കളിയോടുള്ള അഭിനിവേശത്തെയും ഇന്നും ആരാധിക്കുന്നവരാണ്.