-->
ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും നിലവിലുള്ള ജിഎസ്ടി നിരക്കിന് പുറമെ പുതിയ നികുതികള്‍ കൂടി ഏര്‍പ്പെടുത്തുന്നതോടെ ഫെബ്രുവരി 1 മുതല്‍ സിഗരറ്റ്, ബീഡി, പാന്‍മസാല എന്നിവയ്ക്ക് വില കൂടും.
പുകയില ഉല്‍പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് ഡ്യൂട്ടിയും പാന്‍മസാലയ്ക്ക് പുതിയ സെസ്സും ഏര്‍പ്പെടുത്തുന്ന തീയതി ഫെബ്രുവരി 1 ആയി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാന്‍മസാല, സിഗരറ്റ്, പുകയില തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 40 ശതമാനം ജിഎസ്ടി നിരക്ക് ബാധകമാകും. എന്നാല്‍ ബീഡികള്‍ക്ക് 18 ശതമാനം ജിഎസ്ടി ആയിരിക്കും ഈടാക്കുക.
ഇതിനു പുറമെ, പാന്‍മസാലയ്ക്ക് 'ഹെല്‍ത്ത് ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സെസ്സ്' ഏര്‍പ്പെടുത്തും. പുകയിലയ്ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും അധിക എക്‌സൈസ് ഡ്യൂട്ടിയും നല്‍കേണ്ടി വരും. നിലവിലുള്ള ജിഎസ്ടി കോംപന്‍സേഷന്‍ സെസ്സ് നിര്‍ത്തലാക്കി പകരം പുതിയ സെസ്സും എക്‌സൈസ് ഡ്യൂട്ടിയും വരുന്നു. പാന്‍മസാല നിര്‍മ്മാണത്തിന് പുതിയ സെസ്സ് ഏര്‍പ്പെടുത്തുന്നതിനും പുകയിലയ്ക്ക് എക്‌സൈസ് ഡ്യൂട്ടി ചുമത്തുന്നതിനുമുള്ള രണ്ട് ബില്ലുകള്‍ ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
ചവയ്ക്കുന്ന പുകയില , ജര്‍ദ്ദ, ഗുഡ്ഖ എന്നിവ പാക്ക് ചെയ്യുന്ന യന്ത്രങ്ങളുടെ ശേഷി നിര്‍ണ്ണയിക്കുന്നതിനും നികുതി പിരിക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങളും ധനമന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 1 മുതല്‍ ഈ പുതിയ നികുതി വ്യവസ്ഥകള്‍ നിലവില്‍ വരുന്നതോടെ വിപണിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി വര്‍ധിക്കാനാണ് സാധ്യത.