Wednesday, March 18, 2026 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
 വിനോദ്‌ കണ്ണോളി
വിനോദ്‌ കണ്ണോളി
Tuesday 17 Mar 2026 11.39 PM

തൊടുപുഴയില്‍ അഞ്ചു പതിറ്റാണ്ടിനുശേഷം തലമുറമാറ്റം; പി.ജെയ്‌ക്കു പകരം കന്നിയങ്കത്തിന് അപു, എന്‍ജിനീയറിംഗ് ബിരുദധാരി, പിതാവിനെപോലെ കര്‍ഷകനും ഗായകനും

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ്‌ താന്‍ മാറി നില്‍ക്കുന്നതെന്നാണ്‌ പി.ജെ ജോസഫ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന കോര്‍ഡിനേറ്ററായി അപുവിന്‌ ഇത്‌ കന്നിയങ്കമാണ്‌.
uploads/news/2026/03/830748/k8.jpg

തൊടുപുഴ: അഞ്ചു പതിറ്റാണ്ടിനു ശേഷം തൊടുപുഴയില്‍ കേരള കോണ്‍ഗ്രസില്‍ തലമുറമാറ്റം. കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.ജെ ജോസഫ്‌ തൊടുപുഴയില്‍ മകന്‍ അപു ജോണ്‍ ജോസഫിനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ്‌ താന്‍ മാറി നില്‍ക്കുന്നതെന്നാണ്‌ പി.ജെ ജോസഫ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന കോര്‍ഡിനേറ്ററായി അപുവിന്‌ ഇത്‌ കന്നിയങ്കമാണ്‌.

തെരഞ്ഞെടുപ്പിന്‌ കേളികൊട്ട്‌ ഉയര്‍ന്നതു മുതല്‍ പി.ജെയോ അപുവോ ആരായിരിക്കും സ്‌ഥാനാര്‍ഥി എന്നത്‌ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പി.ജെ ജോസഫ്‌ മനസു തുറന്നിരുന്നില്ല. ഇതിനാല്‍ ഇരുവരുടേയും പേരുകള്‍ മാറിമാറി വന്നിരുന്നു. എന്നാല്‍ ഒടുവില്‍ പി.ജെ തന്നെ ഔദ്യോഗികമായി അപുവിന്റെ പേര്‌ പ്രഖ്യാപിക്കുകയായിരുന്നു. സംസ്‌ഥാന രാഷ്‌ട്രീയത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ്‌ പി.ജെ ജോസഫ്‌. അഞ്ചു പതിറ്റാണ്ടായി ഇടതു മുന്നണിയിലും വലതുമുന്നണിയിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

മാത്രമല്ല തൊടപുഴയുടെ മറു പേരായിരുന്നു പി.ജെ ജോസഫ്‌. തൊടുപുഴയുടെ വികസനത്തിന്‌ അദ്ദേഹം നല്‍കിയ സംഭാവന ചെറുതല്ല. അതിനാല്‍ തന്നെ 85-ാം വയസില്‍ പന്ത്രണ്ടാം അങ്കത്തിന്‌ പി.ജെ ഇറങ്ങുമെന്ന്‌ കരുതിയവരും ഏറെ. കര്‍ഷകന്‍, ഗായകന്‍ തുടങ്ങിയ നിലകളില്ലൊം അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. പുറപ്പുഴ പാലത്തിനാല്‍ വീട്ടിലെ പശുഫാമും കൃഷിയും കാണാന്‍ എത്താത്ത രാഷ്‌ട്രീയ നേതാക്കളില്ല. ഇതിനിടെ പത്തുതവണ എം.എല്‍.എയും ഏഴുതവണ മന്ത്രിയുമായി.

1970 ല്‍ 29-ാം വയസില്‍ തൊടുപുഴയുടെ കൈപിടിച്ച പി.ജെയെ ഒരിക്കലേ ഇന്നാട്ടുകാര്‍ കൈവിട്ടിട്ടുളളൂ. 2001ല്‍ മാത്രം. 1941 ഓഗസ്‌റ്റ്‌ 10ന്‌ ജനിച്ച ജോസഫ്‌ 1970 ലെ കന്നി അങ്കത്തില്‍ തോല്‍പ്പിച്ചത്‌ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കരിങ്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന യു.കെ ചാക്കോയെയായിരുന്നു. അടിയന്തരാവസ്‌ഥക്ക്‌ ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. പരാജയപ്പെട്ടത്‌ കേരള കോണ്‍ഗ്രസ്‌ പിളള ഗ്രൂപ്പ്‌ സ്‌ഥാനാര്‍ഥിയായി രംഗത്തുവന്ന മുന്‍ ഡി.സി.സി പ്രസിഡന്റ്‌ എ.സി ചാക്കോ. കെ.എം മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ 78 ലെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. സുപ്രീം കോടതി വിധി മാണിക്ക്‌ അനുകൂലമായപ്പോള്‍ എട്ട്‌ മാസത്തിന്‌ ശേഷം മന്ത്രിസ്‌ഥാനം ഒഴിഞ്ഞു.

1979 ല്‍ ജോസഫിന്റെ നേതൃത്വത്തിലുളള കേരളാ കോണ്‍ഗ്രസ്‌ നിലവില്‍ വന്നു. 80 ല്‍ യു.ഡി.എഫ്‌ കണ്‍വീനറായി. 81ല്‍ കരുണാകരന്റെ കാസ്‌റ്റിങ്‌ മന്ത്രിസഭയില്‍ റവന്യു-വിദ്യാഭ്യാസ മന്ത്രി. 82 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യു-ഭവന നിര്‍മാണ വകുപ്പുകളുടെ ചുമതല. ഇതിനിടെ 84ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ച്‌ ഒന്നായെങ്കിലും ജോസഫും മാണിയും പിന്നെയും പിളര്‍ന്നു. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ്‌ നിഷേധിച്ചതോടെ യു.ഡി.എഫുമായി അകന്നു. മുന്നണി വിട്ട്‌ മൂവാറ്റുപുഴയില്‍ ഒറ്റക്ക്‌ മല്‍സരിച്ചു. പക്ഷെ പരാജയപ്പെട്ടു. 1989 ല്‍ ഒക്‌ടോബറില്‍ ഇടതുപക്ഷത്തെത്തി. 1996ലെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം-പൊതുമരാമത്ത്‌-ഭവനനിര്‍മാണം- രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ചുമതല വഹിച്ചു. 2001ല്‍ കോണ്‍ഗ്രസിലെ പി.ടി തോമസിനോട്‌ പരാജയപ്പെട്ടു. 2006 ല്‍ 13,781 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അതിന്‌ പകരം വീട്ടി. അത്തവണ വി.എസ്‌ മന്ത്രിസഭയില്‍ പൊതുമരാമത്ത്‌ മന്ത്രി.

2010ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കേരളാ കോണ്‍ഗ്രസി (എം)ല്‍ ലയിച്ചു. 2011 ല്‍ 22,868 വോട്ടിനാണ്‌ പഴയ അനുയായി കൂടിയായിരുന്ന എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ പ്രഫ. ജോസഫ്‌ അഗസ്‌റ്റിനെ പരാജയപ്പെടുത്തിയത്‌. മന്ത്രി പദത്തിന്റെ ആറാം ഊഴത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ്‌ മന്ത്രി. 2016 ല്‍ സി.പി.എം സ്വതന്ത്രന്‍ റോയ്‌ വാരികാട്ടിനെ 45,587 വോട്ടിന്‌ പരാജയപ്പെടുത്തി. ഇതിന്‌ ശേഷം മാണി വിഭാഗവുമായി വീണ്ടും വേര്‍പിരിഞ്ഞു. 2021ല്‍ മാണി ഗ്രൂപ്പിലെ കെ.ഐ ആന്റണിയെ 20,259 വോട്ടിന്‌ വീഴ്‌ത്തുമ്പോള്‍ പി.ജെക്ക്‌ പ്രായം 80.

തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ നിന്ന്‌ പി.ജെ ജോസഫ്‌ മാറി നില്‍ക്കുമ്പോള്‍ 53 കാരനായ അപുവിനും ഇതു പുതിയ ദൗത്യമാണ്‌. മക്കള്‍ രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കാതിരുന്ന പി.ജെ, ഇതിനു മുമ്പ്‌ അപുവിനെ മറ്റു പല സീറ്റുകളിലും സ്‌ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയില്‍ നിന്ന്‌ നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും അതിനു തയാറായിരുന്നില്ല. പ്രവര്‍ത്തിച്ച്‌ മികവു തെളിയിച്ചു വന്നാല്‍ അര്‍ഹമായ സ്‌ഥാനം എന്നതായിരുന്നു നിലപാട്‌. എന്‍ജിനീയറിംഗ് ബിരുദധാരിയായ അപു വര്‍ഷങ്ങളോളം സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു.

പിന്നീട്‌ മടങ്ങിയെത്തിയ അദ്ദേഹം തൊടുപുഴയിലും പാര്‍ട്ടിയുടെ വിവിധ മേഖലകളിലും സജീവ പ്രവര്‍ത്തകനായി നിന്നു. സംസ്‌ഥാന കമ്മിറ്റി, ഉന്നതാധികാര സമിതി, പാര്‍ട്ടിയുടെ ഐടി ആന്‍ഡ്‌ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ തുടങ്ങിയ നിലകളിലേയ്‌ക്ക്‌ അദ്ദേഹം നിയോഗിക്കപ്പെട്ടു. ഒടുവിലാണ്‌ കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന കോ ഓര്‍ഡിനേറ്ററായി പാര്‍ട്ടി അദ്ദേഹത്തിന്‌ ചുമതല നല്‍കുന്നത്‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.ജെക്ക്‌ ഒപ്പം നിന്ന്‌ പാര്‍ട്ടിയെ ചലിപ്പിച്ചതിലും വലിയ വിജയം നേടിയതിലും അപുവിന്റെ സാന്നിധ്യം വലുതായിരുന്നു.

പി.ജെ ജോസഫിനെ പോലെ കര്‍ഷകനും ഗായകനും കൂടിയാണ്‌ അപു ജോണ്‍ ജോസഫ്‌. അനു ജോര്‍ജാണ്‌ ഭാര്യ. ജോസഫ്‌ പി. ജോണ്‍, ജോര്‍ജ്‌ പി. ജോണ്‍ എന്നിവരാണ്‌ മക്കള്‍.ഡോ. അനു യമുന, ആന്റണി ജോസഫ്‌, പരേതനായ ജോമോന്‍ എന്നിവരാണ്‌ പി.ജെ ജോസഫിന്റെയും പരേതയായ ഡോ. ശാന്തയുടെയും മറ്റുമക്കള്‍.

വിനോദ്‌ കണ്ണോളി

Ads by Google
 വിനോദ്‌ കണ്ണോളി
വിനോദ്‌ കണ്ണോളി
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW