-->
പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സണ്‍ അസിസ്‌റ്റന്റായിരുന്ന എ. സുരേഷ് കൈപ്പത്തി ചിഹ്‌നത്തില്‍ മലമ്പുഴയില്‍ മത്സരത്തിനിറങ്ങും. ഇന്നലെ ഡി.സി.സി ഓഫീസിലെത്തി പ്രസിഡന്റ് എ. തങ്കപ്പനില്‍ നിന്നും സുരേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ആരുടെയും പ്രേരണയോടെയല്ല സ്വന്തം ഇഷ്‌ടപ്രകാരമാണ് കോണ്‍ഗ്രസില്‍ എത്തിയതെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്‌ഥാനത്തില്‍ അംഗത്വം എടുക്കാനായതില്‍ അഭിമാനമുണ്ട്. സി.പി.എമ്മിനകത്ത് അന്തഛിദ്രമാണെന്നും തനി കമ്യൂണിസ്‌റ്റുകാരായ ഒട്ടേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
13 വര്‍ഷം മുമ്പാണ് വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സുരേഷിനെ സി.പി.എമ്മില്‍നിന്നും പുറത്താക്കിയത്. പാര്‍ട്ടി നടപടി പുനപരിശോധിക്കണമെന്ന ആവശ്യവുമായി നിരവധി തവണ സുരേഷ് നേതൃത്വത്തിന് നിവേദനം നല്‍കിയെങ്കിലും പരിഗണിച്ചില്ല.
100 തവണ നിവേദനം തന്നാലും സുരേഷിനെ തിരിച്ചെടുക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിക്കുകയും ചെയ്‌തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയില്‍ സുരേഷ് പങ്കെടുത്തു. മലമ്പുഴയില്‍ യു.ഡി.എഫ് സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി സുരേഷിനെ പരീക്ഷിക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു. എന്നാല്‍, നിലവില്‍ മൂന്നാംസ്‌ഥാനത്തുള്ള മലമ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്‌നം കൂടിയില്ലാതെ മത്സരിക്കാനിറങ്ങുന്നതില്‍ വലിയൊരു വിഭാഗം അതൃപ്‌തി അറിയിച്ചു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ സുരേഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.