-->
ധാക്ക: അന്തരിച്ച ബംഗ്ലാദേശ് മുന്‍പ്രധാനമന്ത്രി ഖാലിദ സിയ(80)യുടെ കബറടക്കം ഔദ്യോഗികബഹുമതികളോടെ തലസ്‌ഥാനമായ ധാക്കയില്‍ നടന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല.
ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതാവും മൂന്നുതവണ പ്രധാനമന്ത്രിയുമായിരുന്ന ഖാലിദ സിയയ്‌ക്ക്, പാര്‍ലമെന്റ് സ്‌ഥിതിചെയ്യുന്ന ഷെര്‍ ഇ ബംാ നഗറില്‍ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്‌മാന്റെ കബറിടത്തിനു സമീപമാണ് അന്ത്യവിശ്രമമൊരുക്കിയത്. സംസ്‌കാരച്ചടങ്ങുകള്‍ക്കു മുമ്പ് മന്ത്രി ജയ്‌ശങ്കര്‍ ഖാലിദയുടെ മകനും ബി.എന്‍.പി. ആക്‌ടിങ് ചെയര്‍മാനുമായ താരിഖ് റഹ്‌മാനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനസന്ദേശം കൈമാറി. ബംാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് താരിഖ് റഹ്‌മാന്‍.
പാകിസ്‌താന്‍ നാഷണല്‍ അസംബ്ലി സ്‌പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖുമായും ജയ്‌ശങ്കര്‍ കൂടിക്കാഴ്‌ച നടത്തി. ജയ്‌ശങ്കര്‍-സാദിഖ് കൂടിക്കാഴ്‌ചയുടെ ചിത്രം ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടു. ജയ്‌ശങ്കറോ സാദിഖോ കൂടിക്കാഴ്‌ചയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചില്ലെന്നതും ശ്രദ്ധേയമാണ്. മകന്‍ താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ബംാദേശില്‍ തിരിച്ചെത്തി അഞ്ചുദിവസത്തിനുശേഷമാണ് ഖാലിദ സിയ അന്തരിച്ചത്.
രാജ്യത്ത് ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് താരിഖിനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക വിദേശകാര്യമന്ത്രിമാരും മാലദ്വീപ് ഉന്നതവിദ്യാഭ്യാസമന്ത്രിയും ഖാലിദയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. ഷെയ്‌ഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടശേഷം ബംഗ്ലാദേശില്‍ ഇന്ത്യയ്‌ക്കെതിരേ വിദ്വേഷപ്രചാരണവും ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരേ വ്യാപക അക്രമവും കൊടുമ്പിരിക്കൊണ്ട പശ്‌ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ജയ്‌ശങ്കറിന്റെ ധാക്ക സന്ദര്‍ശനം.