-->
ദുബായ്: ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ നേതാവ് ഷെരീഫ് ഉസ്‌മാന്‍ ഹാദിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ കരീം മസൂദ്. ഹാദിയുടെ കൊലപാതകത്തിനു പിന്നില്‍ ബംാദേശ് ജമാഅത്തെ ഇസ്ലാമിയാണെന്നും കേസിലെ പ്രധാനപ്രതിയായ മസൂദ് വീഡിയോ സന്ദേശത്തില്‍ ആരോപിച്ചു. മസൂദിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഞാനിപ്പോള്‍ ദുബായിലാണ്. ഞാന്‍ ഹാദിയെ കൊന്നിട്ടില്ല. എന്നെയും എന്റെ കുടുംബത്തെയും പ്രതിചേര്‍ക്കുന്നു. ഭരണകൂടത്തിന്റെ വേട്ടയില്‍നിന്നു രക്ഷപ്പെടാനാണ് ദുബായിലേക്കു വന്നത്. ജമാഅത്തിന്റെ ഉല്‍പ്പന്നമാണ് ഹാദി. കൊലപാതകത്തിനു പിന്നില്‍ ജമാഅത്തുകാരായിരിക്കാം.'-മസൂദ് പറഞ്ഞു.
ഹാദിയുമായുള്ള ബന്ധം പൂര്‍ണമായും ബിസിനസുമായി ബന്ധപ്പെട്ടതാണെന്ന് ഫൈസല്‍ കരീം മസൂദ് പറഞ്ഞു. ഹാദിക്ക് രാഷ്‌ട്രീയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, അവ വാഗ്‌ദാനം ചെയ്‌ത സര്‍ക്കാര്‍ കരാറുകള്‍ക്ക് പകരമായി നല്‍കിയതാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മസൂദ് പറഞ്ഞു.
ഡിസംബര്‍ 12 ന് ധാക്കയില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ഹാദിയെ തലയ്‌ക്ക് വെടിവയ്‌ക്കുകയായിരുന്നു. സിംഗപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാദി ആറ് ദിവസത്തിന് ശേഷം മരിച്ചു. കേസിലെ പ്രധാനപ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്‌ക്കും പ്രാദേശിക കൂട്ടാളികളുടെ സഹായത്തോടെ ഇന്ത്യന്‍ സംസ്‌ഥാനമായ മേഘാലയയിലേക്ക് കടന്നെന്നാണു ബംാദേശ് പോലീസിന്റെ ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബി.എസ്.എഫ്. മേധാവി ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ഒ.പി. ഉപാധ്യായ പറഞ്ഞു. ഹാലുഘട്ട് സെക്‌ടറില്‍ നിന്ന് രാജ്യാന്തര അതിര്‍ത്തി കടന്ന് ആരും മേഘാലയയിലേക്ക് എത്തിയതായി തെളിവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഗാരോ ഹില്‍സ് മേഖലയില്‍ പ്രതികളുണ്ടെന്ന അവകാശവാദം സ്‌ഥിരീകരിക്കുന്ന വിവരമോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ ലഭിച്ചിട്ടില്ലെന്ന് മേഘാലയയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥനും പറഞ്ഞു. അതിനിടെ, മസൂദിന് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി യു.എ.ഇ. വിസയുണ്ടെന്നും നിലവില്‍ ദീര്‍ഘകാല ടൂറിസം വിസയിലാണെന്നും സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്‌തു.