-->
ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നിവിന്‍ പോളി. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളായ താരം തന്റെ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ജനപ്രീതി തെളിയിച്ചിട്ടുണ്ട്. പക്ഷേ ഏതാനും വര്‍ഷങ്ങളായി നിവിന്റെ ചിത്രങ്ങള്‍ പരാജയങ്ങളായിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുത്തെങ്കിലും പ്രേക്ഷകരത് സ്വീകരിച്ചില്ല, തിയറ്റര്‍ വിജയം നേടുന്നതില്‍ അവയെല്ലാം പരാജയപ്പെട്ടു.
എന്നാല്‍ ആ ഇടവേളയുടെ എല്ലാ ക്ഷീണവും തീര്‍ക്കുകയാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ സര്‍വ്വം മായ എന്ന ചിത്രം. ക്രിസ്മസ് ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രം വെറും 5 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടിയാണ് നേടിയത്.
ഇപ്പോഴിതാ ജയപരാജയങ്ങളെ നോക്കിക്കാണുന്നതിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും നിവിന്‍ പോളി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ ഇപ്പോഴും തുടരുന്നത് താന്‍ മുന്‍പെടുത്ത ഒരു തീരുമാനം കാരണമാണെന്ന് നിവിന്‍ പോളി പറയുന്നു. ഒരു കാലഘട്ടത്തില്‍ നേരിട്ട തുടർച്ചയായ പരാജയങ്ങള്‍ സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ പതറാതെ പിടിച്ചുനിന്നതാണ് ഇന്നത്തെ വിജയത്തിന് പിന്നിലെന്നും നിവിൻ പറയുന്നു.
‘‘ഒരു സിനിമ റിലീസ് ആവുന്ന സമയത്ത് അത് നന്നായി പോയില്ലെങ്കില്‍ നമ്മള്‍ കുറച്ച് ഡൗണ്‍ ആവും. തുടർച്ചയായി സിനിമകള്‍ പരാജയപ്പെടുമ്പോള്‍ സ്വാഭാവികമായും മടുപ്പ് തോന്നും. അഭിനയം നിർത്തി മറ്റെന്തെങ്കിലും ജോലി നോക്കിയാലോ എന്ന് പോലും ചിന്തിച്ചിരുന്നു. പക്ഷേ ഞാന്‍ അതിനെ കണ്ടത് മറ്റൊരു രീതിയിലാണ്. ഒറ്റ ദിവസം മതി കാര്യങ്ങള്‍ മാറാന്‍ എന്ന് ഞാന്‍ കരുതി. ഒരു വെള്ളിയാഴ്ച കൊണ്ട് ഒരാളുടെ ഭാഗ്യം മാറുമെന്ന് എന്റെ ആദ്യ ചിത്രമായ ‘മലർവാടി ആർട്സ് ക്ലബ്ബ്’ മുതല്‍ ഞാന്‍ കണ്ടിട്ടുള്ളതാണ്. ആ വെള്ളിയാഴ്ച എന്താണ് സംഭവിച്ചതെന്ന് ഞാന്‍ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് ഒരിക്കലും ഇത് അവസാനിപ്പിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആ വിശ്വാസമാണ് മുന്നോട്ട് നയിച്ചത്. ‘ഐ വില്‍ നെവർ ക്വിറ്റ്’ എന്ന് ഉറപ്പിച്ചു. ആ ഒറ്റ തീരുമാനമാണ് തന്നെ ഇന്നും സിനിമയില്‍ നിലനിർത്തുന്നത്. അല്ലെങ്കില്‍ പണ്ടേ ഞാന്‍ നിര്‍ത്തി പോയേനെ. എനിക്കറിയില്ല...’’ നിവിന്‍ പോളി പറയുന്നു. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ മനസ്സു തുറന്നത്.
തിരിച്ചടികള്‍ക്ക് ശേഷം അഖില്‍ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നിവിൻ പോളി നടത്തിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ട് 50 കോടി രൂപ ആഗോള കളക്ഷൻ നേടി ചിത്രം കുതിക്കുകയാണ്. ഫയര്‍ഫ്ലൈ ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസും റിയ ഷിബുവുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ എന്നിവരും പ്രാധാന്യമുള്ള റോളുകളില്‍ എത്തിയിട്ടുണ്ട്.