Wednesday, March 18, 2026 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 07.29 AM

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടത് സന്നിധാനത്ത് വെച്ച് ; മുന്‍ ദേവസ്വംമന്ത്രി കടകംപള്ളിയുടെ മൊഴി

uploads/news/2025/12/818287/kadakam-palli-surendran.jpg

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിട്ടില്ലെന്നും പുറത്തുവന്ന ഒരുമിച്ചുള്ള ചിത്രം ബാംഗ്‌ളൂരിലെ മലയാളി സമാജം പരിപാടിക്ക് പോയപ്പോഴുള്ള ചിത്രമാണെന്നും മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി. സ്വര്‍ണം പൂശാനുള്ള അനുമതിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റി തനിക്കോ, ഓഫീസിനോ കത്ത് നല്‍കിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ മൊഴി നല്‍കി.

ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പരിചയം ഉണ്ടെന്നും ശബരിമലയിലെ സ്പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് പരിചയമെന്നും പോറ്റിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മൊഴിയുണ്ട്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വെച്ചാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നടന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉന്നതരിലേക്ക് അന്വേഷണം പോകാത്തതിനെതിരെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എസ്ഐടിയുടെ നിര്‍ണ്ണായക ചോദ്യം ചെയ്യല്‍ നീക്കം. ശബരിമലയിലെ മെയിന്റനന്‍സ് ജോലികള്‍ വകുപ്പ് അറിയില്ല. തീരുമാനം എടുക്കുന്നത് ദേവസ്വം ബോര്‍ഡാണ്.ഇക്കാര്യത്തില്‍ വകുപ്പ് ഇടപെടലോ അറിവോ ഇല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ മൊഴി നല്‍കി.

മുന്‍മന്ത്രിയെന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. മൊഴിയില്‍ ആരെയും പഴിചാരിയില്ല. ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും അറിവുവേണ്ടേയെന്നും കടകംപള്ളി ചോദിച്ചു.

സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണു സൂചന. അന്വേഷണം മുകള്‍ത്തട്ടിലേക്ക് എത്തുന്നില്ലെന്നും കടകംപള്ളി ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ വൈകുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് എസ്.ഐ.ടിയുടെ പുതിയനീക്കം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW