-->
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍വച്ച് യാത്രക്കാരനെ മര്‍ദിച്ച കേസില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് ക്യാപ്‌റ്റന്‍ വീരേന്ദ്ര സെജ്‌വാളിനെ ഡല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചതായി അധികൃതര്‍ അറിയിച്ചു. അങ്കിത് ദിവാനാണു പൈലറ്റിനെതിരേ പരാതി നല്‍കിയത്. ഈ മാസം 19ന് ടെര്‍മിനല്‍ 1ലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിനടുത്താണ് സംഭവം. ക്യൂ തെറ്റിച്ചതിനു എയര്‍ലൈന്‍ ജീവനക്കാരെ ചോദ്യം ചെയ്‌തപ്പോള്‍ സെജ്‌വാള്‍ തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തതായി അങ്കിത് നല്‍കിയ പരാതിയിലുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷിയായ തന്റെ ഏഴുവയസുള്ള മകള്‍ക്ക് അത് മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. അങ്കിതിന്റെ ഇടത് മൂക്കിന് ചതവുണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്‌ഥിരീകരിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നു ഡല്‍ഹി പോലീസ് അറിയിച്ചു.