Wednesday, March 11, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.28 PM

ജല്‍പായ്‌ഗുഡിയുടെ 'പുതുല്‍'

ബംഗ്ലാദേശിനെ സംബന്ധിച്ച്‌ ഇന്ത്യ വിരുദ്ധ രാഷ്‌ട്രീയത്തിന്റെ മുഖമായിരുന്നു ഖാലിദ സിയ എന്ന ഖാലിദ ഖാനം മജുംദാര്‍. അവര്‍ ജനിച്ചത്‌ ഇന്ത്യയിലാണ്‌. 1945ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയിലെ അന്നത്തെ അവിഭക്‌ത ബംഗാളിലെ ജല്‍പായ്‌ഗുഡിയില്‍ ഖാലിദ ഖാനം ജനിച്ചത്‌. (ജല്‍പായ്‌ഗുഡി ഇപ്പോള്‍ പശ്‌ചിമ ബംഗാളിന്റെ ഭാഗമാണ്‌). രാഷ്‌ട്രീയ വൈരിയായ ഷെയ്‌ഖ്‌ ഹസീനയുടെ പോരാട്ടത്തിനിടെയാണ്‌ അവര്‍ ഇന്ത്യാ വിരുദ്ധ മുഖം സ്വീകരിച്ചത്‌. ഹസീനയ്‌ക്ക്‌ ഇന്ത്യ അനുകൂല നിലപാടായിരുന്നു.
ബംഗ്ലാദേശുകാര്‍ക്ക്‌ ഖാലിദയും ഹസീനയും 'പോരാടുന്ന ബീഗങ്ങള്‍' ആയിരുന്നു. ഇന്ത്യയോടുള്ള അവരുടെ സമീപനത്തില്‍ രണ്ട്‌ എതിര്‍ ധ്രുവങ്ങളെ പ്രതിനിധീകരിച്ചു.
1945ല്‍ ഫെനിയില്‍ (ഇന്നത്തെ ബംഗ്ലാദേശിന്റെ ചിറ്റഗോങ്‌ ഡിവിഷന്‍) നിന്നുള്ള ചായ വ്യാപാരിയായ ഇസ്‌കന്ദര്‍ മജുംദാറിന്റെയും പശ്‌ചിമ ബംഗാളിലെ ഇന്നത്തെ ഉത്തര്‍ ദിനാജ്‌പൂര്‍ ജില്ലയിലെ ചന്ദ്‌ബാരിയില്‍ ജനിച്ച തയ്യിബയുടെയും മകളായിട്ടാണു ജനനം. ചെറുപ്പത്തില്‍ 'പുതുല്‍ (പാവ)' എന്ന ഓമനപ്പേരുണ്ടായിരുന്നു അവര്‍ക്ക്‌.
1947ല്‍ വിഭജനത്തിനു ശേഷം, മജുംദാര്‍ കുടുംബം പിന്നീട്‌ സ്വതന്ത്ര ബംഗ്ലാദേശിന്റെ ഭാഗമായി മാറിയ ദിനാജ്‌പൂരിലേക്ക്‌ താമസം മാറി. ഇന്ത്യയില്‍ ജനിച്ചിട്ടും, ഖാലിദിയുടെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രം ഇന്ത്യ വിരുദ്ധ ബംഗാളി ദേശീയതയില്‍ വേരൂന്നിയതായിരുന്നു.
1965ല്‍ പാകിസ്‌താന്‍ സൈനിക ഉദ്യോഗസ്‌ഥനായ സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചതിന്‌ ശേഷം അവര്‍ ഖാലിദ സിയ എന്ന പേര്‍ സ്വീകരിച്ചു. അദ്ദേഹം പിന്നീട്‌ ബംഗ്ലാദേശിന്റെ പ്രസിഡന്റായി. 1977 മുതല്‍ 1981 വരെ സിയ രാജ്യത്തിന്റെ പ്രഥമ വനിതയായി. 1981 മേയ്‌ മാസത്തില്‍ റഹ്‌മാന്റെ കൊലപാതകം സിയയുടെ ജീവിതത്തില്‍ വഴിത്തിരിവായി. അന്ന്‌ അവര്‍ക്ക്‌ 35 വയസ്‌ മാത്രമായിരുന്നു പ്രായം. പട്ടാള അട്ടിമറിക്കൊടുവിലായിരുന്നു സിയാവുര്‍ റഹ്‌മാന്റെ അന്ത്യം. പട്ടാളത്തെ നേരിട്ട്‌ സിയാവുര്‍ റഹ്‌മാന്റെ ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാര്‍ട്ടി(ബി.എന്‍.പി)യെ വളര്‍ത്തിയെടുക്കുക എന്ന വലിയ ദൗത്യമാണ്‌ അവര്‍ക്കു ലഭിച്ചത്‌. വൈകാതെ പ്രസിഡന്റ്‌ അബ്‌ദുസ്‌ സത്താറിനെയും പുറത്താക്കി പട്ടാള മേധാവി ഇനറല്‍ ഹുസൈന്‍ മുഹമ്മദ്‌ ഇര്‍ഷാദ്‌ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചു.
മുന്നണി രാഷ്‌ട്രീയത്തിലൂടെ ബി.എന്‍.പിയെ വളര്‍ത്താനായിരുന്നു ഖാലിദയുടെ ശ്രമം. ആറു സഖ്യകക്ഷികളെ അവര്‍ക്കു ലഭിച്ചു. 1984 ല്‍ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം അവര്‍ക്കായി. പട്ടാള നിയമം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സമരമായിരുന്നു ആദ്യഘട്ടം.
തെരഞ്ഞെടുപ്പ്‌ നടത്തി മുഖം രക്ഷിക്കാനായിരുന്നു ഇര്‍ഷാദിന്റെ ശ്രമം. ആദ്യമായി ഹസീനയും ഖാലിദയും ഒരുമിച്ചുനില്‍ക്കുമെന്ന തോന്നല്‍ ഉണ്ടായത്‌ അക്കാലത്തായിരുന്നു. ഏഴ്‌ സഖ്യകക്ഷികളാണു ഖാലിദയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. ഹസീനയ്‌ക്ക്‌ 15 ഉം. 1986 ലെ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്നായിരുന്നു ഖാലിദയുടെ നിലപാട്‌. പക്ഷേ, ആ ആവശ്യം ഹസീന തള്ളിയതോടെ ബീഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു തുടക്കമായി. തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ച ഖാലിദ വീട്ടുതടങ്കലിലായി. മത്സരിച്ചെങ്കിലും ഇര്‍ഷാദിന്റെ ജാതീയ പാര്‍ട്ടിക്കു മുന്നില്‍ ഹസീനയ്‌ക്കു പിടിച്ചുനില്‍ക്കാനായില്ല. അവരും വൈകാതെ വീട്ടുതടങ്കലിലായി.
തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ച ഖാലിദയ്‌ക്ക്‌ 'ഒത്തുതീര്‍പ്പില്ലാത്ത നേതാവ്‌' എന്ന പ്രതിച്‌ഛായ ലഭിച്ചു. 1987 ല്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഖാലിദയെത്തി. അന്നു പാര്‍ലമെന്റ്‌ അംഗമായിരുന്നു ഹസീന. ഇര്‍ഷാദിനെ പുറത്താക്കുക എന്ന ലക്ഷ്യത്തില്‍ വീണ്ടും ഹസീനയും ഖാലിദയും യോജിച്ചു. ഒടുവില്‍ 1990 ഡിസംബറില്‍ ഇര്‍ഷാദ്‌ രാജിവച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ ബി.എന്‍.പി. ജയിച്ചു. ഫെബ്രുവരി 27 ന്‌ അവര്‍ ബംഗ്ലാദേശിന്റെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. 1996 ലെ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിച്ചെങ്കിലും ഷെയ്‌ഖ്‌ ഹസീനയുടെ നേതൃത്വത്തില്‍ അവാമി ലീഗിന്റെ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ അധികാരം നഷ്‌ടമായി. വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ ഷെയ്‌ഖ്‌ ഹസീന അധികാരത്തിലെത്തി. 2001 മുതല്‍ 2008 വരെ ഒരിക്കല്‍ക്കൂടി ഖാലിദയ്‌ക്ക്‌ അധികാരം ലഭിച്ചു. പക്ഷേ, അഴിമതി ആരോപണങ്ങളില്‍കുടുങ്ങി വീണ്ടും അധികാരം നഷ്‌ടമായി. പിന്നീട്‌ ഹസീനയുടെ കാലമായിരുന്നു.
ഖാലിദയുടെ ഭരണകാലത്ത്‌, പാകിസ്‌താനും ചൈനയ്‌ക്കും ലഭിച്ച പ്രാധാന്യത്തിന്റെ പേരില്‍ ഇന്ത്യ അവരോട്‌ അകന്നു. ഷെയ്‌ഖ്‌ ഹസീനയുടെ പോലെയുള്ള മതേതര പ്രതിച്‌ഛായയില്‍ ഖാലിദയ്‌ക്കു വിശ്വാസമില്ലായിരുന്നു. ഇസ്ലാമിക രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണത്തിലായിരുന്നു അവരുടെ ശ്രദ്ധ. ഗംഗാ ജല പങ്കിടല്‍ തര്‍ക്കത്തില്‍ ഇന്ത്യക്കെതിരേ അവര്‍ ശക്‌തമായ നിലപാട്‌ സ്വീകരിച്ചു.
നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പ്രശ്‌നവും മറ്റൊരു പ്രധാന വിഷയമായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍ 1992ലും 2006ലും രണ്ട്‌ തവണ മാത്രമാണ്‌ സിയ ഇന്ത്യ സന്ദര്‍ശിച്ചത്‌. 1992 മേയ്‌ മാസത്തിലെ അവരുടെ സന്ദര്‍ശനത്തിനിടെ, അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു ബംഗ്ലാദേശില്‍നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്നതിനെക്കുറിച്ച്‌ സൂചിപ്പിച്ചു. ബംഗ്ലാദേശികളെയും ബംഗാളികളെയും റാവു തെറ്റിദ്ധരിച്ചെന്നായിരുന്നു ഖാലിദയുടെ മറുപടി.
2001- 2006 കാലത്ത്‌ ഇന്ത്യവിരുദ്ധ ശക്‌തികള്‍ക്ക്‌ അവര്‍ ബംഗ്ലാദേശില്‍ അഭയമൊരുക്കിയെന്ന ആരോപണമുയര്‍ന്നു. യു.എല്‍.എഫ്‌.എ, എന്‍.എസ്‌.സി പോലുള്ള ഭീകര സംഘടനകളെ അവര്‍ 'സ്വാതന്ത്ര്യസമരസേനാനികള്‍' എന്ന്‌ വിളിച്ചതും പ്രകോപനമായി. അതോടെ ഷെയ്‌ഖ്‌ ഹസീനയുടെ അവാമി ലീഗിനോടാണ്‌ ഇന്ത്യക്ക്‌ അടുപ്പം.
ഹസീന ബംഗ്ലാദേശില്‍ ആധിപത്യം ഉറപ്പിച്ചതോടെ ഖാലിദ അഴിമതിക്കേസുകളുടെ കുരുക്കിലായി. അവരുടെ മകന്‍ താരിഖിനു നാടുവിടേണ്ടിവന്നു. 17 വര്‍ഷമാണ്‌ അദ്ദേഹത്തിന്റെ പ്രവാസം നീണ്ടത്‌. വിദ്യാര്‍ഥി പ്രക്ഷോഭം ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതോടെ ഖാലിദയ്‌ക്കു മുന്നില്‍ പുതിയ അവസരം തെളിഞ്ഞു. കഴിഞ്ഞ ജനുവരില്‍ അവസാന അഴിമതിക്കേസിലും അനുകൂല വിധി ഉണ്ടായതോടെ അവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത തെളിഞ്ഞു. ഫെനി1 മണ്ഡലത്തില്‍ പത്രിക നല്‍കിയതിനു പിന്നാലെയാണ്‌ മരണമെത്തിയത്‌. അവസാന കാലത്ത്‌ ഖാലിദയുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടിരുന്നു. അവര്‍ക്കു മികച്ച ചികിത്സ നല്‍കാമെന്ന്‌ ഇന്ത്യ വാഗ്‌ദാനം ചെയ്‌തിരുന്നു. സിയ അന്തരിക്കുകയും ഹസീന ഇന്ത്യയില്‍ അഭയം തേടുകയും ചെയ്‌തതോടെ, കഴിഞ്ഞ ദശാബ്‌ദങ്ങളില്‍ തങ്ങളുടെ രണ്ട്‌ ബീഗങ്ങള്‍ ഇല്ലാതെ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‌ ബംഗ്ലാദേശ്‌ സാക്ഷ്യം വഹിക്കുന്നു. അസ്വസ്‌ഥതയുടെയും കലാപത്തിന്റെയും മധ്യത്തിലാണ്‌ ആ രാജ്യം. എങ്കിലും ബി.എന്‍.പിക്ക്‌ ജയ സാധ്യതയുണ്ട്‌. ഖാലിദയുടെ മകന്‍ താരിഖാകും ആ പാര്‍ട്ടിയെ ഇനി നയിക്കുക. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ധാക്കയില്‍ തിരിച്ചെത്തിയ താരിഖാകും ഇനി ശ്രദ്ധാകേന്ദ്രമാകുക.

Ads by Google
Tuesday 30 Dec 2025 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW