Thursday, March 12, 2026 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.28 PM

ബംഗ്ലാദേശ്‌ ഫാക്‌ടറിയില്‍ ഹിന്ദു ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിലെ മൈമെന്‍സിങ്‌ ജില്ലയില്‍ വസ്‌ത്ര ഫാക്‌ടറിക്കുള്ളില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ്‌ ഹിന്ദു തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായി നിയോഗിക്കപ്പെട്ട ബജേന്ദ്ര ബിശ്വാസാ(42)ണു കൊല്ലപ്പെട്ടത്‌. ഭാലുക പ്രദേശത്തെ ലാബിബ്‌ ഗ്രൂപ്പ്‌ ഫാക്‌ടറിയായ സുല്‍ത്താന സെ്വറ്റേഴ്‌സ്‌ ലിമിറ്റഡില്‍ തിങ്കളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ബംഗ്ലാദേശില്‍ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു യുവാവാണ്‌ ഫാക്‌ടറിയില്‍ അന്‍സാര്‍ അംഗമായിരുന്ന ബിശ്വാസ്‌.(ബംഗ്ലാദേശില്‍, ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള സഹായ സേനയാണ്‌ അന്‍സാര്‍.) അതേ യൂണിറ്റില്‍ അന്‍സാര്‍ അംഗമായ പ്രതിയായ നോമന്‍ മിയ(29)യെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
സര്‍ക്കാര്‍ ഓഫീസുകള്‍, ഫാക്‌ടറികള്‍, വ്യാവസായിക യൂണിറ്റുകള്‍, പ്രധാന സ്‌ഥാപനങ്ങള്‍ എന്നിവയ്‌ക്കു സുരക്ഷ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍സാര്‍ അംഗങ്ങളെ വിന്യസിക്കാറുണ്ട്‌. സായുധ സുരക്ഷാ ഡ്യൂട്ടി ഏല്‍പ്പിക്കുമ്പോള്‍ അവര്‍ക്ക്‌ സര്‍ക്കാര്‍ ആയുധങ്ങള്‍ നല്‍കും.
പോലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്‌, ഇരുവരും സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു. ഫാക്‌ടറി വളപ്പിനുള്ളിലെ അന്‍സാര്‍ ബാരക്കിനുള്ളിലാണു താമസിച്ചിരുന്നത്‌. സംഭാഷണത്തിനിടെ നോമാന്‍ മിയ സര്‍ക്കാര്‍ നല്‍കിയ തോക്ക്‌ ബിശ്വാസിന്‌ നേരേ തമാശയ്‌ക്കായി ചൂണ്ടിയെന്നാണു പോലീസ്‌ പറയുന്നത്‌. എന്നാല്‍, പൊടുന്നനെ നിറയൊഴിക്കുകയും വെടിയുണ്ട ബിശ്വാസിന്റെ ഇടതു തുടയില്‍ തറയ്‌ക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തെന്നും തോക്ക്‌ പിടിച്ചെടുത്തെന്നും പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജ്‌ ജാഹിദുല്‍ ഇസ്ലാം പറഞ്ഞു.
ബംഗ്ലാദേശില്‍ മതന്യനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ്‌ കൊലപാതകം. ഡിസംബര്‍ 18 ന്‌, ദൈവനിന്ദ ആരോപിച്ച്‌ ഭാലുകയില്‍ ഒരു ജനക്കൂട്ടം ദിപു ചന്ദ്ര ദാസ്‌ എന്നയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക്‌ ശേഷം, മൈമെന്‍സിങ്ങിനു സമീപം മറ്റൊരു ഹിന്ദു യുവാവും ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടു.

Ads by Google
Tuesday 30 Dec 2025 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW