-->
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്. ദീർഘനേരം മോഹൻലാലിനൊപ്പം സമയം ചെലവഴിച്ച അദ്ദേഹം മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ചു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ജോർജ്, ഹെെബി ഈഡൻ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
90 വയസിലാണ് ശാന്തകുമാരി അമ്മ ലോകത്തോട് വിട പറഞ്ഞത്. മുൻനിയമസഭാ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരി ലാൽ ആണ് മറ്റൊരു മകൻ. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു ശാന്തകുമാരി. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ വലിയ ആഘോഷം നടന്നിരുന്നു. അമ്മയോട് വലിയ ആത്മബന്ധം മോഹൻലാലിനുണ്ടായിരുന്നു. അമ്മ കിടപ്പിലായത് ഇദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു.
മോഹൻലാലിന്റെ ദുഖത്തിൽ പങ്കുചേരാൻ മമ്മൂട്ടിയെത്തിയത് ആരാധകരെയും വികാരഭരിതരാക്കി. പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളായ ഇവരുടെ സൗഹൃദത്തിൽ ഒരിക്കലും കോട്ടം വന്നിട്ടില്ല. സന്തോഷങ്ങളിലും ദുഖങ്ങളിലും ഇവർ ഒരുമിച്ച് നിന്നു. മമ്മൂട്ടി അസുഖ ബാധിതനായപ്പോൾ മോഹൻലാൽ ഇദ്ദേഹത്തിന് വേണ്ടി ക്ഷേത്രത്തിൽ വഴിപാട് നടത്തിയിരുന്നു.