-->
ഡയോണ്‍ ക്വിന്റപ്ലറ്റുകളിലെ(ഒറ്റ പ്രസവത്തിലുണ്ടായ അഞ്ചുകുട്ടികള്‍) ജീവനോടെയുണ്ടായിരുന്ന അവസാന അംഗം ആനെറ്റ് ഡയോണ്‍ 91ാം വയസ്സില്‍ അന്തരിച്ചു. ഡയോണ്‍ ക്വിന്റ്‌റ് മ്യൂസിയമാണ് ഇക്കാര്യം അറിയിച്ചത്. 1934ല്‍ ജനിച്ച ഡയോണ്‍ സഹോദരിമാര്‍, ശൈശവത്തെ അതിജീവിച്ച ലോകത്തെ ആദ്യ ക്വിന്റപ്ലറ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.
കാനഡയിലെ ഒന്റാറിയോയിലാണ് ആനെറ്റ്, യിവോണെ, സിസില്‍, മിലി, മേരി എന്നിവര്‍ ജനിക്കുന്നത്. ഒറ്റപ്രസവത്തില്‍ അഞ്ചുകുട്ടികള്‍ അത്യപൂര്‍വമായതിനാല്‍ ഇവരെ ശൈശവത്തില്‍ത്തന്നെ ഒണ്ടാറിയോ സര്‍ക്കാര്‍ ഏറ്റെടുത്തു. വര്‍ഷങ്ങളോളം അധികാരികള്‍ കുട്ടികളെ 'ക്വിന്‍്‌ലാന്‍ഡ്' എന്ന് വിളിക്കുന്ന ഒരു കോമ്പൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു. അത് ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമായി മാറി. ഇവര്‍ നിരന്തരം നിരീക്ഷിക്കപ്പെടുകയും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. പിന്നീട് മാതാപിതാക്കളുടെ സംരക്ഷണയിലേക്ക് തിരിച്ചെത്തിയ കുട്ടികളില്‍ മൂന്നുപേര്‍ 1998ല്‍ തങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ കേസുകൊടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ച് ലോക പ്രശസ്തതരായ സഹോദരിമാരില്‍ മിലി 1954ലും മേരി 1970ലും യിവോണ്‍ 2001ലുമാണ് മരിച്ചത്. സിസില്‍ ഈ വര്‍ഷമാണ് അന്തരിച്ചത്. ആനെറ്റ് കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.