Friday, March 13, 2026 Last Updated 18 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.57 AM

ഉന്നാവ്‌ ബലാത്സംഗക്കേസ്‌ സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചത്‌ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

uploads/news/2025/12/818104/1.jpg

ന്യൂഡല്‍ഹി: ഉന്നാവ്‌ ബലാത്സംഗക്കേസില്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ. കൂടിയായ പ്രതി കുല്‍ദീപ്‌ സിങ്‌ സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ശിക്ഷ മരവിപ്പിച്ചതിനെതിരേ അതിജീവിതയും വനിതാസംഘടനകളും ഡല്‍ഹി ഹൈക്കോടതിക്കു മുന്നിലുള്‍പ്പെടെ പ്രതിഷേധിച്ചതു രാജ്യശ്രദ്ധ നേടിയിരുന്നു. ഇന്നലെ കേസ്‌ പരിഗണിച്ച സുപ്രീം കോടതിക്കു മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി.
ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ കേസ്‌ അന്വേഷിച്ച സി.ബി.ഐയും അതിജീവിതയുമാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. അതിജീവിതയ്‌ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്റെയും സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും വാദങ്ങള്‍ കേട്ട സുപ്രീം കോടതി, പ്രതി കുല്‍ദീപ്‌ സിങ്ങിനു നോട്ടീസ്‌ അയച്ചു. നാലാഴ്‌ചയ്‌ക്കകം എതിര്‍സത്യവാങ്‌മൂലം നല്‍കാനാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസുമാരായ ജെ.കെ. മഹേശ്വരി, അഗസ്‌റ്റിന്‍ ജോര്‍ജ്‌ മാസി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ കഴിഞ്ഞയാഴ്‌ച രാജ്യതലസ്‌ഥാനത്തു വന്‍പ്രതിഷേധമാണുയര്‍ന്നത്‌. അതിജീവിതയും മാതാവുമടക്കം പ്രതിഷേധക്കാര്‍ക്കുനേരേ കേന്ദ്രസുരക്ഷാസേന ബലപ്രയോഗം നടത്തിയെന്നും ആരോപണമുണ്ട്‌.

സ്‌റ്റേ ചെയ്യാറില്ല പക്ഷേ,
പ്രതി അകത്താണല്ലോ!

ശിക്ഷിക്കപ്പെട്ടയാളോ വിചാരണത്തടവുകാരനോ വിട്ടയയ്‌ക്കപ്പെട്ടാല്‍, അവരെക്കൂടി കേള്‍ക്കാതെ ഇത്തരം ഉത്തരവുകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്യാറില്ലെന്ന ബോധ്യമുണ്ടെന്നു മൂന്നംഗ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ കേസിലെ പ്രതി മറ്റൊരു കേസിലും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. അത്‌ കണക്കിലെടുത്താണ്‌ ഡല്‍ഹി ഹൈക്കോടതിയുടെ കഴിഞ്ഞ 23-ലെ വിധി സ്‌റ്റേ ചെയ്യുന്നതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ഉന്നാവ്‌ കേസിലെ അതിജീവിതയുടെ പിതാവ്‌ കസ്‌റ്റഡിയില്‍ മരിച്ച കേസിലും കുല്‍ദീപ്‌ സിങ്‌ 10 വര്‍ഷം തടവുശിക്ഷ അനുഭവിച്ചുവരുകയാണ്‌. ആ കേസില്‍ ജാമ്യം കിട്ടിയിട്ടില്ലെന്നതാണ്‌ സുപ്രീം കോടതി 'ആശ്വാസമെന്നോണം' ചൂണ്ടിക്കാട്ടിയത്‌.
പോലീസുകാരന്‍ പോലും
പൊതുസേവകന്‍;
എം.എല്‍.എ. എന്തുകൊണ്ടല്ല?

പോക്‌സോ കേസിന്റെ അഞ്ചാം വകുപ്പുപ്രകാരം 'പൊതുസേവകന്‍' എന്ന വാക്കിനു ഹൈക്കോടതി നല്‍കിയ വ്യാഖ്യാനത്തെ സുപ്രീം കോടതി വിമര്‍ശിച്ചു. അത്‌ എം.പിമാര്‍ എം.എല്‍.എമാര്‍ തുടങ്ങിയ നിയമനിര്‍മാതാക്കളെ നിയമപരിധിക്കു പുറത്താക്കാന്‍ ഇടയാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമപ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണ്‌. ഈ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്‌ജിമാര്‍ മികച്ചവരുമാണ്‌. എന്നാല്‍, നമുക്കൊക്കെ തെറ്റുപറ്റാന്‍ സാധ്യതയുണ്ട്‌. പോക്‌സോ പ്രകാരം ഒരു കോണ്‍സ്‌റ്റബിള്‍ പോലും പൊതുസേവകനാണ്‌. എന്നാല്‍, ഒരു എം.എല്‍.എ. ഒഴിവാക്കപ്പെടുമെന്നത്‌ ആശങ്കാജനകമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 2017-ലാണ്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്‌. 2019 ഡിസംബറില്‍ വിചാരണക്കോടതി കുല്‍ദീപ്‌ സിങ്ങിന്‌ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ പ്രകാരവും ജീവിതകാലം മുഴുവന്‍ നീളുന്ന തടവുശിക്ഷ വിധിച്ചു. ഇതിനെതിരേ പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കഴിഞ്ഞ 23-ന്‌ ഡല്‍ഹി ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്‌. പ്രതിയെ ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദേശിച്ചു.

Ads by Google
Tuesday 30 Dec 2025 08.57 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW