-->
മുംബൈ: ഭിന്നതകള്‍ മറന്ന് മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ ശരദ് പവാര്‍, അജിത് പവാര്‍ വിഭാഗങ്ങള്‍. പിംപ്രി-ചിഞ്ച്‌വാഡ്, പുനെ തദ്ദേശ തെരഞ്ഞെടുപ്പുകളിലാകും ഇരുപക്ഷവും ഒരുകുടക്കീഴില്‍ പോരാട്ടത്തിനിറങ്ങുന്നത്.
പാര്‍ട്ടി പിളര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേതൃത്വം നല്‍കുന്ന നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി)യും അമ്മാവന്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി.(എസ്.പി)യും തമ്മില്‍ കൈകോര്‍ക്കുന്നത്. 'പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി, ക്ലോക്കും ട്രംപറ്റും ഒന്നിച്ചെന്ന് സംസ്‌ഥാന ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാര്‍ 29 ന് വ്യക്‌തമാക്കി. ഇതിനുപുറമേ പുനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (പി.എം.സി) തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ഇന്നലെ ഇരുപക്ഷവും അറിയിക്കുകയായിരുന്നു. താക്കറെ കുടുംബത്തിലെ ഉദ്ധവും രാജും തദ്ദേശതെരഞ്ഞെടുപ്പിനായി ഒരുമിക്കുമെന്നു പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് രാഷ്‌ട്രീയവൃത്തങ്ങളെ അമ്പരപ്പിച്ച് മറ്റൊരു രാഷ്‌ട്രീയ പുനസമാഗമത്തിനു മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചത്.
2023 ല്‍ മഹാരാഷ്‌ട്രയില്‍ അജിത് പവാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയപ്പോഴാണ് എന്‍.സി.പി. പിളര്‍ന്നത്. നിലവില്‍ അജിത് പവാര്‍ ബി.ജെ.പി. നയിക്കുന്ന മഹായുതി സഖ്യത്തിലാണ്. ശരദ് പവാറിന്റെ എന്‍.സി.പി. വിഭാഗം സംസ്‌ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ്. സംസ്‌ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള ശരദ് പവാര്‍ പക്ഷത്തിന്റെ സീറ്റ് ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞ സാഹചര്യത്തിലാണ് നീക്കമെന്നതും ശ്രദ്ധേയം. പ്രതിപക്ഷനിരയായ മഹാവികാസ് അഘാഡിയിലെ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് വിവിധ കക്ഷികളുടെ യോഗം 28 ന് വിളിച്ചിരുന്നു. ഈ യോഗത്തില്‍ ശരദ് പവാര്‍ പക്ഷം പങ്കെടുത്തിരുന്നില്ല. പിന്നാലെയാണ് രണ്ട് എന്‍.സി.പി. ഘടകങ്ങളും ഒരുമിച്ചു മത്സരിക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.
അവിഭക്‌ത എന്‍.സി.പിയുടേതാണ് ക്ലോക്ക് ചിഹ്‌നം. അജിത് പവാറിന്റെ ഗ്രൂപ്പിനെ യഥാര്‍ത്ഥ പാര്‍ട്ടിയായി അംഗീകരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേ്ലാക്ക് ചിഹ്‌നം അദ്ദേഹത്തിന്റെ വിഭാഗത്തിന് നല്‍കി. ശരദ് പവാര്‍ വിഭാഗം പിന്നീട് ട്രംപറ്റ് ചിഹ്‌നം സ്വീകരിച്ചു.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കഴിഞ്ഞാല്‍ ഏറ്റവും സമ്പന്നമെന്നു കണക്കാക്കപ്പെടുന്ന പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2017 മുതല്‍ ശരദ് പവാറിന്റെ അവിഭക്‌ത എന്‍.സി.പിയുടെ കൈവശമാണ്. കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യം വന്‍ വിജയം നേടിയതിനു പിന്നാലെയാണ് എന്‍.സി.പി. വിഭാഗങ്ങള്‍ തമ്മിലുള്ള അനുരഞ്‌ജനത്തിന് ആഹ്വാനമുയര്‍ന്നത്. മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കു ജനുവരി 15 നാണു തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ അടുത്ത ദിവസം നടക്കും.ശരദ് പവാര്‍ ഉടന്‍ എന്‍.ഡി.എയിലേക്കു വരുമെന്നായിരുന്നു എന്‍.സി.പി. വിഭാഗങ്ങള്‍ അടുക്കുന്നതിനെക്കുറിച്ചു ബി.ജെ.പി. നേതാവ് നവനീത് റാണയുടെ പ്രതികരണം. ശരദ് പവാറിന്റെ നിര്‍ദേശപ്രകാരമാണ് അജിത് പവാര്‍ നേരത്തെ എന്‍.ഡി.എ. സഖ്യത്തില്‍ ചേര്‍ന്നതെന്നും റാണ പറഞ്ഞു. എന്‍.സി.പി. (അജിത് പവാര്‍) നേതാവ് സീഷന്‍ സിദ്ദിഖിയും പുനഃസമാഗമത്തെ സ്വാഗതം ചെയ്‌തു. 'രണ്ട് കുടുംബങ്ങളും ഒന്നിച്ചു വരുന്നത് നല്ല കാര്യമാണ്. ഇതുമൂലം പാര്‍ട്ടി കൂടുതല്‍ ശക്‌തമാകും.'-സിദ്ദിഖി പറഞ്ഞു.
അതേ സമയം, പവാറുമാരുടെ സഖ്യത്തെ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമര്‍ശിച്ചു. അവര്‍ക്ക് ഒന്നിച്ചുവരാമെന്നും എന്നാല്‍ ആളുകള്‍ കുടുംബപ്പേര്‍ നോക്കി വോട്ട് ചെയ്യില്ലെന്നും കുടുംബപ്പേര്‍ രാഷ്‌ട്രീയം മഹാരാഷ്‌ട്രയില്‍ വിജയിക്കില്ലെന്നും പാര്‍ട്ടി പ്രതികരിച്ചു.