Wednesday, March 11, 2026 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.54 AM

വെടിനിര്‍ത്തലിന്‌ അരികെ യുൈക്രന്‍; ട്രംപുമായി ചര്‍ച്ച നടത്തി സെലന്‍സ്‌കി

uploads/news/2025/12/818097/1.jpg

വാഷിങ്‌ടണ്‍: യുൈക്രന്‍-റഷ്യ സമാധാനക്കരാര്‍ അരികെയെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടെങ്കിലും വൈകാതെ വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സമാധാനക്കരാര്‍ സംബന്ധിച്ച്‌ യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയശേഷമാണ്‌ ട്രംപ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാല്‍, റഷ്യ കൈവശപ്പെടുത്തിയ ഡോണ്‍ബാസ്‌ മേഖലയുടെ കാര്യത്തില്‍ ധാരണയിലെത്താനായിട്ടില്ല. ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോയിലുള്ള ട്രംപിന്റെ റിസോര്‍ട്ടിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ച. ഇതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ട്രംപ്‌ ചര്‍ച്ചയുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്‌തമാക്കിയത്‌. എല്ലാ വിഷയങ്ങളിലും വിശദമായ ചര്‍ച്ച നടത്തിയെന്നും ട്രംപ്‌ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മാരകമായ യുൈക്രന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ്‌ ലക്ഷ്യം. എന്നാല്‍, ചില സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നുണ്ട്‌. അവ പരിഹരിക്കുകയാണു കഠിനം. ചര്‍ച്ചകള്‍ നന്നായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഡോണ്‍ബാസ്‌ സംബന്ധിച്ച്‌ ധാരണയെത്താനായിട്ടില്ല. ഡോണ്‍ബാസില്‍ സ്വതന്ത്ര വ്യാപാര മേഖല സ്‌ഥാപിക്കുന്ന കാര്യത്തിലാണ്‌ ധാരണയിലെത്താന്‍ കഴിയാത്തത്‌. സാപോര്‍ഷ്യ ആണവനിലയ അധിനിവേശം സംബന്ധിച്ചും തര്‍ക്കമുണ്ട്‌. അതു പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ട്രംപ്‌ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചെന്നും ആശയവിനിമയം പ്രതീക്ഷ നല്‍കുന്നതാണെന്നും ട്രംപ്‌ പറഞ്ഞു.
ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നെന്ന്‌ യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലന്‍സ്‌കിയും പ്രതികരിച്ചു. യുൈക്രന്‌ 15 വര്‍ഷത്തെ സുരക്ഷാ ഗ്യാരന്റി അമേരിക്കന്‍ പ്രസിഡന്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അത്‌ 30 മുതല്‍ 50 വര്‍ഷത്തേക്കു നീട്ടണമെന്നാണ്‌ അഭ്യര്‍ഥന. സുരക്ഷാ ഗ്യാരന്റിയില്ലാതെ യുദ്ധത്തിന്‌ പരിസമാപ്‌തിയാകില്ല.
20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി. ശേഷിക്കുന്ന വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്‌ഥാപിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ തുടരുമെന്നും സെലന്‍സ്‌കി പറഞ്ഞു.

Ads by Google
Tuesday 30 Dec 2025 08.54 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW