-->
തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ഇറാനെ ഒഴിവാക്കണം. പുതിയ ഇറാഖ് പാര്‍ലമെന്റിന്റെ യോഗം ചേരാനിരിക്കെ നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍സുദാനി നേരിടുന്ന വലിയ പ്രശ്‌നമാണത്. ഇറാന്‍ അനുകൂലികള്‍ ഭരണനേതൃത്വത്തിലെത്തിയാല്‍ പാശ്‌ചാത്യരാജ്യങ്ങള്‍ പിണങ്ങും. ഇറാന്‍ അനുകൂലികളെ തഴഞ്ഞാല്‍ സായുധ സംഘടനകള്‍ ഇടയും.
പ്രധാനമന്ത്രി ആരാകുമെന്നത് ഇപ്പോഴും വ്യക്‌തതയില്ല. ഫെഡറല്‍ സുപ്രീം കോടതി അധികാരങ്ങള്‍ വെട്ടിച്ചുചുരുക്കിയതിനെത്തുടര്‍ന്ന് നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍സുദാനി ഒരു കാവല്‍സര്‍ക്കാരിന്റെ തലവന്‍ മാത്രമാണ്.
പുതിയ സഖ്യങ്ങള്‍ക്കായി അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. പക്ഷേ, അധികാരം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പില്‍ തകര്‍ന്ന തന്റെ രാഷ്‌ട്രീയ മുന്നണിയെ ശക്‌തിപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ദിവസത്തിനും പുതിയ പാര്‍ലമെന്റിന്റെ ആദ്യ യോഗത്തിനും ഇടയിലുള്ള സമയം ചര്‍ച്ചകള്‍ക്ക് അനുകൂലമാക്കാന്‍ അല്‍സുദാനിയുടെ റീകണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോയലിഷന്‍ (ആര്‍.ഡി.സി.) ശ്രമിക്കുന്നുണ്ട്. സുപ്രീംകോടതി വിധി അല്‍സുദാനിയെ ഷിയാ കോര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്കിലേക്ക് (എസ്.സി.എഫ്.) തിരിച്ചെത്തിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്‌തതും പിന്നീട് പുറത്താക്കാന്‍ ശ്രമിച്ചതും എസ്.സി.എഫാണ്. എസ്.സി.എഫുമായി അടുക്കാനുള്ള ശ്രമം അല്‍സുദാനിയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. പാര്‍ലമെന്റില്‍ സീറ്റുകളില്ലാത്ത പല നേതാക്കളുടെ ആവശ്യങ്ങള്‍ക്ക് അദ്ദേഹം വഴങ്ങേണ്ടിവരും.
പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് എസ്.സി.എഫ്. അല്‍സുദാനിയെയോ മറ്റൊരാളെയോ തെരഞ്ഞെടുത്താലും അവരുടെ മുന്നില്‍ വെല്ലുവിളികള്‍ അവശേഷിക്കും. പരമ്പരാഗത ഷിയാ പാര്‍ട്ടികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണു മറ്റൊരു വെല്ലുവിളി. അവരേക്കാള്‍ ഭീഷണിയാകുക സായുധ വിഭാഗങ്ങളുള്ള ഷിയാ പാര്‍ട്ടികളാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ വലിയ നേട്ടമാണു കൈവരിച്ചത്.
സായുധ ഗ്രൂപ്പുകള്‍ എപ്പോഴും എസ്.സി.എഫില്‍ അംഗങ്ങളായിരുന്നെങ്കിലും, ഇറാനനുകൂല, പാശ്‌ചാത്യ വിരുദ്ധ സായുധ ഗ്രൂപ്പുകള്‍ക്ക് പാര്‍ലമെന്റില്‍ ഇത്രയധികം പ്രാതിനിധ്യവും ശബ്‌ദവും ലഭിക്കുന്നത് ഇതാദ്യമാണ്. ഇത് ഇറാഖിന് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. രാജ്യത്ത് ഇറാന്റെ സ്വാധീനത്തില്‍ അതൃപ്‌തിയുള്ള ഷിയാ വിഭാഗങ്ങള്‍ക്കിടയിലും ആശങ്കയുണ്ട്.
എസ്.സി.എഫ്. ഏകദേശം 180 എംപിമാരെ നിയന്ത്രിക്കുന്നു. ഇതില്‍ 80 മുതല്‍ 90 വരെ ഇറാനുമായി അടുപ്പമുള്ള ഗ്രൂപ്പുകളിലെയും സായുധ വിഭാഗങ്ങളിലെയും അംഗങ്ങളാണ്. ഇവരില്‍ പലരും അമേരിക്കന്‍ ഉപരോധത്തിലുമാണ്. (2021ല്‍ അവര്‍ക്ക് വെറും 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.)
അല്‍സുദാനിയുടെ മുന്നണിയില്‍, പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സസ് (പി.എം.എഫ്.) തലവന്‍ ഫലേഹ് അല്‍ഫയ്യാദിന് 10 സീറ്റും, പി.എം.എഫ്.ലെ സായുധ വിഭാഗമായ ജുന്‍ദ് അല്‍ഇമാം ബ്രിഗേഡ്‌സ് തലവനും തൊഴില്‍ മന്ത്രിയുമായ അഹമ്മദ് അല്‍അസാദിക്ക് 8 സീറ്റും ലഭിച്ചു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ പാശ്‌ചാത്യ വിരുദ്ധ, ഇറാനനുകൂല സായുധ ഗ്രൂപ്പുകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം, യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ് രാജ്യങ്ങള്‍, യു.കെ, യു.എസ്.എ. എന്നിവരുമായുള്ള ഇറാഖിന്റെ ബന്ധം മോശമാക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ശമ്പളം വാങ്ങുകയും രാഷ്‌ട്രീയ വിഭാഗങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ ഗ്രൂപ്പുകളിലെ അംഗങ്ങളെ സര്‍ക്കാര്‍ സ്‌ഥാനങ്ങളില്‍ അംഗീകരിക്കില്ലെന്ന് അമേരിക്ക ഇറാഖി നേതാക്കള്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. മുമ്പ്, സായുധ ഗ്രൂപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി 'ബന്ധപ്പെടാതിരിക്കുന്ന' നയം അമേരിക്ക സ്വീകരിച്ചിരുന്നു. പുതിയ സര്‍ക്കാരുമായുള്ള വാഷിങ്‌ടണിന്റെ ബന്ധം ഈ ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തിന്റെ വ്യാപ്‌തിയെ ആശ്രയിച്ചിരിക്കും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലെ പല പ്രധാന വ്യക്‌തികളും ഇതിനകം യു.എസ്. ഉപരോധത്തിന് വിധേയരായിട്ടുണ്ട്. പി.എം.എഫ്. തലവന്‍ അല്‍ഫയ്യാദ്, അസായിബ് അഹല്‍ അല്‍ഹഖ് നേതാവ് ഖൈസ് അല്‍ഖസാലി, ഖദമാത്ത് നേതാവ് ഷിബല്‍ അല്‍സായിദി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു കുര്‍ദ് സ്‌ഥാനാര്‍ത്ഥിക്ക് ഇറാഖ് പ്രസിഡന്റ് സ്‌ഥാനം ലഭിക്കും. തുടര്‍ന്ന് പ്രസിഡന്റ് ഏറ്റവും വലിയ ഷിയാ വിഭാഗത്തിന്റെ (എസ്.സി.എഫ്.) പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യും. ചരിത്രപരമായി, ഒരു ഇറാഖി സര്‍ക്കാരും ഭരണഘടനാപരമായ സമയപരിധിക്കുള്ളില്‍ രൂപീകരിക്കപ്പെട്ടിട്ടില്ല. 2021ല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 300 ദിവസത്തിലേറെയെടുത്തു. നിലവില്‍ പാര്‍ലമെന്റിലിരിക്കുന്ന സായുധ വിഭാഗങ്ങളുടെ പ്രാതിനിധ്യം സന്തുലിതമാക്കുന്നതിനിടയില്‍ ശരിയായ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള എസ്.സി.എഫ്.യുടെ ശ്രമങ്ങള്‍ ഈ പ്രക്രിയയെ കൂടുതല്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്.
ചരിത്രപരമായി, ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് ഒരു സമവായം ഉണ്ടാക്കുന്നതില്‍ ഇറാന്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ഇറാന്‍ പ്രാദേശികമായി ദുര്‍ബലമാണ്. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍, ഉപരോധം കാരണം സാമ്പത്തിക പ്രതിസന്ധി, പ്രാദേശിക പ്രതിനിധികളുടെ തകര്‍ച്ച എന്നിവ നേരിടുന്നു. ഇത് ഇത്തവണ ഇറാനുമായുള്ള ബന്ധങ്ങളില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഇറാഖി പാര്‍ലമെന്റില്‍ ഇറാനനുകൂല ഷിയാ സായുധ ഗ്രൂപ്പുകള്‍ നടത്തിയ വലിയ മുന്നേറ്റങ്ങളെ രാജ്യാന്തര ശക്‌തികള്‍ എങ്ങനെ വിലയിരുത്തും എന്നത് കണ്ടറിയേണ്ടതാണ്.