Friday, March 13, 2026 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 10.16 AM

നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞ് പിറന്നു: അപൂര്‍വ്വ നിമിഷം ആഘോഷകരമാക്കി ഗ്രാമവാസികള്‍

italian, village, baby, born

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ കുടുംബത്തിലുള്ളവരും അവരുടെ ബന്ധുമിത്രാധികളും ആ നിമിഷം ആഘോഷകരമാക്കാറുണ്ട്. എന്നാല്‍ ഒരു കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ഒരു ഗ്രാമം തന്നെ ആനന്ദം കൊള്ളുകയാണെന്ന് പറഞ്ഞാല്‍ അല്പം കൗതുകം തോന്നിയേക്കാം. പറഞ്ഞുവരുന്നത് ഇറ്റലിയിലെ ഒരു ഗ്രാമത്തെക്കുറിച്ചാണ്. ഈ ഗ്രാമത്തില്‍ മുപ്പതു വര്‍ഷത്തിനു ശേഷമാണ് ഒരു കുഞ്ഞു പിറന്നത്. മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകള്‍ വസിക്കുന്ന അബ്രുസോയിലെ ഗിരിഫാല്‍ക്കോ പര്‍വതനിരകളുടെ താഴ്‌വാരത്തുള്ള പഗ്ലിയാര ദേയ് എന്ന ഗ്രാമത്തിലാണ് അപൂര്‍വ സംഭവമുണ്ടായത്.

വര്‍ഷങ്ങളായി നിരവധിപേര്‍ ഈ പ്രദേശം ഉപേക്ഷിച്ചു പോയതിനാല്‍ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു. ഗ്രാമത്തില്‍ ഭൂരിഭാഗവും ഉപേക്ഷിക്കപ്പെട്ട വീടുകളാണെന്നും ഇവിടെ പൂച്ചകളാണ് കൂടുതലുള്ളതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു പതിറ്റാണ്ടിനിപ്പുറം ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രദേശത്ത് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ജനിച്ച കണ്‍മണിക്ക് ലാറ ബുസ്സി ട്രബുക്കോ എന്നാണ് പേര്. നിലവില്‍ ഇരുപതുപേര്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ലാറയുടെ വീടിന് എതിര്‍വശത്തുള്ള പള്ളിയില്‍ നടന്ന മാമോദീസ ചടങ്ങില്‍ മുഴുവന്‍ ഗ്രാമവാസികളും പങ്കെടുത്തു. ഏറ്റവും കുറവ് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഒരു കുഞ്ഞ് ജനിക്കുന്നത് അപൂര്‍വ സംഭവമായതിനാലാണ് ലോകശ്രദ്ധ ലാറയിലേക്ക് എത്തിയത്.

മുന്‍പ് പഗ്ലിയാര ദേയ് മാര്‍സിയെ പറ്റി കേള്‍ക്കാത്തവര്‍ പോലും ലാറയുടെ ജനനത്തെ തുടര്‍ന്ന് ഈ ഗ്രാമം തേടിയെത്തിയതായി അമ്മ സിന്‍സിയ ട്രബുക്കോ പറഞ്ഞു. അതോടെ ഒന്‍പതു മാസം മാത്രം പ്രായമുള്ള തന്റെ മകള്‍ പ്രശസ്തയായെന്നും സിന്‍സിയ കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലിയിലെ ജനസംഖ്യയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. 2024ലെ കണക്കു പ്രകാരം രാജ്യത്തെ ജനന നിരക്ക് 3,69,944 ആയി കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവം കുറവ് ജനസംഖ്യാ നിരക്കാണിത്. ജോലിയിലെ പ്രശ്‌നം, വിദേശത്തേക്കുള്ള കുടിയേറ്റം, പുരുഷന്മാരില്‍ വര്‍ധിച്ചു വരുന്ന വന്ധ്യത, കുട്ടികള്‍ വേണ്ടെന്നു വയ്ക്കല്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW