-->
കൊച്ചി: റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചു. കടുത്തുരുത്തി ഏറ്റുമാനൂര്‍ കോട്ടയം വഴിയാണ് കെഎല്‍ 07 ഡിഎഫ് 3377 എന്ന റജിസ്റ്റര്‍ നമ്പറിലുള്ള ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പോകുന്നത്. വൈകിട്ട് ഏഴു മണിയോടെയായിരുന്നു ആംബുലന്‍സ് അമൃതയില്‍ നിന്നും പുറപ്പെട്ടത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക. വൃക്കകളും ഹൃദയ വാല്‍വും കരളും നേത്രപടലങ്ങളും ദാനം ചെയ്യും. അമൃത ആശുപത്രിയില്‍ നിന്നാണ് അവയവങ്ങള്‍ ദാനം ചെയ്യുക. രണ്ട് വൃക്കകള്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള പത്തുവയസുള്ള കുട്ടിക്ക് നല്‍കും.
അഞ്ച് പേര്‍ക്കാണ് കുഞ്ഞ് ആലിന്‍ പുതുജീവന്‍ പകരുക. ഹൃദയ വാള്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് നല്‍കുന്നത്. കരള്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞായി ഈ കുട്ടി മാറും. നേത്രപടലങ്ങള്‍ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകും.
ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയില്‍ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് ആലിന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടി. ഒരാഴ്ച കുഞ്ഞ് ചികിത്സയിലായിരുന്നെങ്കിലും ഇന്ന് കുഞ്ഞിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിന്റെ മാതാപിതാക്കള്‍ അരുണ്‍ ഏബ്രഹാമും മാതാവ് ഷെറിന്‍ ആന്‍ ജോണുമാണ്.