-->
ഇന്ന് കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. കുടുംബങ്ങളില്‍ മാത്രമല്ല ഭരണ സംവിധാനങ്ങള്‍ക്കിടയിലും ഇത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. പല ഗ്രാമങ്ങളും ഇപ്പോള്‍ കുട്ടികളിലെ മൊബൈല്‍, ടിവി ഉപയോഗം കുറക്കുന്നതിനായിട്ടുള്ള വഴികള്‍ തേടുന്നുണ്ട്. അതിലൊന്നാണ് കര്‍ണാടകയിലെ ഹലഗാ ഗ്രാമം. രാത്രി 7 മണിയാകുമ്പോള്‍ ഗ്രാമത്തില്‍ ഒരു സൈറണ്‍ മുഴങ്ങാന്‍ തുടങ്ങും. അതിന്റെ അര്‍ത്ഥം, മൊബൈലും ടിവിയുമെല്ലാം ഓഫാക്കാന്‍ സമയമായി എന്നാണ്. രണ്ട് മണിക്കൂര്‍ നേരത്തേക്ക് അവ ഓണാക്കാന്‍ പാടില്ല. ആ സമയം, മറ്റൊന്നിലും ശ്രദ്ധിക്കാതെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സമയമാണ്. ഇത് അവസാനിപ്പിക്കാന്‍ നേരമാകുമ്പോള്‍, അതായത് രണ്ട് മണിക്കൂറിന് ശേഷം രാത്രി ഒമ്പതു മണിക്ക് വീണ്ടും സൈറണ്‍ മുഴങ്ങും.
പഞ്ചായത്ത് അധ്യക്ഷ ലക്ഷ്മി ഗജപതിയുടെ നേതൃത്വത്തിലാണ് ഈ ഡിജിറ്റല്‍ ഡീടോക്‌സിങ് പരിപാടി ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ഗ്രാമത്തിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം. വാര്‍ഡ് പ്രതിനിധി കൂടിയാണ് ലക്ഷ്മി ഗജപതി. ഡിസംബര്‍ 17 നാണ് ആദ്യത്തെ സൈറണ്‍ മുഴക്കി രണ്ട് മണിക്കൂര്‍ നേരത്തെ ഡിജിറ്റല്‍ ഡീടോക്‌സിങ്ങിന് ഗ്രാമത്തില്‍ തുടക്കം കുറിച്ചത്.
ബെലഗാവി ജില്ലയിലെ ഹലാഗ ഗ്രാമത്തില്‍ ഏകദേശം 8,500 പേരാണുള്ളത്. ഗ്രാമത്തില്‍ ഏകദേശം 2,000 കുട്ടികളുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നു. എന്നാല്‍, ഇത് ആദ്യമായിട്ടല്ല ഒരു ഗ്രാമം ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത്. മഹാരാഷ്ട്രയിലെ മോഹിത്യാഞ്ചെ വാദ്ഗാവ് എന്ന ഗ്രാമത്തില്‍ നേരത്തെ സമാനമായ ഒരു ശ്രമം നടത്തിയിരുന്നു. അതാണത്രെ ഹലാഗ ഗ്രാമത്തിലും ഇതേ നീക്കം നടത്താനുള്ള പ്രചോദനമായി മാറുന്നത്. കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ കുറക്കുക, പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുക, മാതാപിതാക്കളുമായി കൂടുതല്‍ ഇടപെടുക ഇവയെല്ലാമാണ് ഈ നീക്കത്തിന്റെ പിന്നിലെ ലക്ഷ്യം.