-->
ടൊറോന്റോ: കനേഡിയന്‍ ക്വിന്‍ട്യൂപ്ലറ്റ്‌സിലെ ജീവിച്ചിരുന്ന അവസാന വ്യക്‌തി- അന്നറ്റ് ഡിനോന്‍ (91) അന്തരിച്ചു. 1934 മേയ് 28 നു മഹാമാന്ദ്യത്തിന്റെ കാലഘട്ടത്തില്‍ ഒന്റാറിയോയിലാണ് ഒറ്റ പ്രസവത്തില്‍ അന്നറ്റും സഹോദരിമാരായ യോണ്‍, സെസില്‍, എമിലി, മേരി എന്നിവരുമുണ്ടായത്. ശൈശവ കാലം അവര്‍ അഞ്ചു പേരും അതിജീവിച്ചത് അന്നത്തെക്കാലത്ത് റെക്കോഡായിരുന്നു. ബാല്യകാലം കഴിഞ്ഞപ്പോള്‍ ഈ അപൂര്‍വ റെക്കോഡിന്റെ പേരില്‍ അവര്‍ ലോകമെമ്പാടും ശ്രദ്ധേയരായി. സിനിമകളില്‍ അഭിനയിക്കുകയും മാസികകളുടെ കവര്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. ടൂത്ത്‌പേസ്‌റ്റ് മുതല്‍ സിറപ്പ് വരെ പല ഉത്‌പന്നങ്ങള്‍ക്ക് സഹോദരിമാര്‍ മോഡലായി. ഒലിവ എഡ്യൂറാഡും എല്‍സിയര്‍ ഡിനോനുമായിരുന്നു മാതാപിതാക്കള്‍. എല്‍സിയര്‍ ഗര്‍ഭിണിയായപ്പോള്‍ ഇരട്ടക്കുട്ടികളെയാണു ഡോക്‌ടര്‍മാര്‍ പ്രതീക്ഷിച്ചത്. പക്ഷേ, അഞ്ച് കുട്ടികള്‍ എന്നത് അക്കാലത്ത് ചിന്തയില്‍പ്പോലുമില്ലായിരുന്നു. ഒരേ ഭ്രൂണം വിഭജിക്കപ്പെട്ടാണ് അഞ്ചുപേരുമുണ്ടായത്. അതോടെ ആ പ്രസവം വാര്‍ത്തകളില്‍ ഇടംപിടിച്ചു. കാഴ്‌ചയില്‍ ഒരുപോലെയായിരുന്നു കുട്ടികളെല്ലാം. പക്ഷേ, മേരി ഇടംകൈകാരിയായത് അന്നു ഗവേഷകര്‍ക്ക് അത്ഭുതമായി. മറ്റു സഹോദരങ്ങള്‍ വലംകൈയന്മാരായിരുന്നു. കുട്ടികളെയെല്ലാം വളര്‍ത്തിയെടുക്കുകയായിരുന്നു അടുത്ത വെല്ലുവിളി. അതിനായി കുട്ടികളെ 'ഇങ്കുബേറ്റര്‍ ബേബീസ്' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചു. അതു ചര്‍ച്ചയായതോടെ ഏറ്റെടുക്കാന്‍ റെഡ് ക്രോസെത്തി.
ഒടുവില്‍ മാതാപിതാക്കളെ ഒഴിവാക്കി കുട്ടികളെ ഒന്റാറിയോ സര്‍ക്കാര്‍ ഏറ്റെടുത്തു. കുറേ വര്‍ഷക്കാലം അധികാരികള്‍ ഈ കുട്ടികളെ 'ക്വിന്റ് ലാന്‍ഡ്' എന്ന് വിളിപ്പേരുള്ള ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ചു. അത് ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറി. കുട്ടികള്‍ നിരന്തരം പരിശോധിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്‌തു.
മാതാപിതാക്കളുമായും മറ്റ് സഹോദരങ്ങളുമായും വളരെ കുറഞ്ഞ ബന്ധം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഒന്‍പതാം വയസില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ തിരികെ ലഭിച്ചു.മുതിര്‍ന്നപ്പോള്‍ അന്നറ്റ്, സെസില്‍, യോണ്‍ എന്നിവര്‍ അവരുടെ ബാല്യകാല സാഹചര്യങ്ങളുടെ പേരില്‍ ഒന്റാറിയോ സര്‍ക്കാരിനെതിരേ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്‌തു. 1998-ല്‍ അവര്‍ക്ക് ഏകദേശം 30 ലക്ഷം കനേഡിയന്‍ ഡോളര്‍ (20 കോടി രൂപ) നഷ്‌ടപരിഹാരം ലഭിച്ചു.ഒലിവയും എല്‍സിയറിനും ക്വിന്‍ട്യൂപ്ലറ്റ്‌സ് അടക്കം 14 മക്കളുണ്ടായിരുന്നു. അവരില്‍ അന്നറ്റ് ആയിരുന്നു കൂടുതല്‍കാലം ജീവിച്ചത്. ഈ വര്‍ഷം ആദ്യമാണു സെസില്‍ മരിച്ചത്. എമിലി 1954ലും മേരി 1970ലും, യോണ്‍ 2001ലും അന്തരിച്ചു.എല്‍സിയറിന്റെ പ്രസവ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയത് ഡോ. ഡാഫോയായിരുന്നു. അതുവരെ കാനഡയിലെ സാധാരണ ഡോക്‌ടറായിരുന്നു അദ്ദേഹം. സഹോദരിമാരെല്ലാം പൂര്‍ണാരോഗ്യത്തോടെ കൗമാരംകടന്നതോടെ അദ്ദേഹം ലോകപ്രശസ്‌തനായി.