-->
തിരുവനന്തപുരം: എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്തുകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിങ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.
മുനിസിപ്പാലിറ്റകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിങ് കമ്മിറ്റികളും കോർപ്പറേഷനുകളിൽ ധനകാര്യം, വികസനകാര്യം ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീൽകാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.