Wednesday, March 11, 2026 Last Updated 1 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.46 AM

തായ്‌ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ബാങ്കോക്ക്‌: ആഴ്‌ചകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം തായ്‌ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തലിനു സമ്മതിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരാണ്‌ ഇക്കാര്യം അറിയിച്ചത്‌. അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക്‌ അവരുടെ വീടുകളിലേക്ക്‌ മടങ്ങാന്‍ അനുവദിക്കാനും ഇരു പക്ഷവും സമ്മതിച്ചിട്ടുണ്ട്‌. മൂന്നാഴ്‌ച നീണ്ട ഏറ്റുമുട്ടലില്‍ ഡസന്‍ കണക്കിന്‌ ആളുകള്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ ഭവനരഹിതരായി.
വെടിനിര്‍ത്തല്‍ പ്രാദേശിക സമയം ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ പ്രാബല്യത്തില്‍ വന്നു. ഇത്‌ 72 മണിക്കൂര്‍ നിലനിന്നാല്‍, ജൂലൈ മുതല്‍ തായ്‌ലന്‍ഡ്‌ തടവിലാക്കിയ 18 കംബോഡിയന്‍ സൈനികരെ മോചിപ്പിക്കും. ചൈനയുടെയും അമേരിക്കയുടെയും നയതന്ത്ര നീക്കത്തിനൊടുവിലാണു വെടിനിര്‍ത്തല്‍ സാധ്യമായത്‌. അതിര്‍ത്തിയില്‍ സ്‌ഥാപിച്ച കുഴിബോംബുകള്‍ നീക്കം ചെയ്യാനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്‌. വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടാല്‍ രാജ്യാന്തര നിയമപ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം തായ്‌ലന്‍ഡിന്‌ ഉണ്ടായിരിക്കുമെന്നു
തായ്‌ലന്‍ഡ്‌ പ്രതിരോധ മന്ത്രി നട്‌ഥഫോണ്‍ നാര്‍ക്ക്‌ഫാനിറ്റ്‌ പറഞ്ഞു.കഴിഞ്ഞ തവണത്തെ വെടിനിര്‍ത്തല്‍ കരാര്‍ പാളിയതില്‍ തായ്‌ലന്‍ഡ്‌ അതൃപി അറിയിച്ചിരുന്നു.കഴിഞ്ഞ ജൂലൈയിലെ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന്‌ വ്യത്യസ്‌തമായി ഈ തവണ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പരസ്യമായ ഇടപെടല്‍ ഉണ്ടായില്ല. എങ്കിലും, യു.എസ്‌. വിദേശകാര്യ വകുപ്പാണു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്‌. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്‌ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തര്‍ക്കത്തിലുള്ള ഒരു ക്ഷേത്രത്തില്‍ കംബോഡിയന്‍ സ്‌ത്രീകള്‍ ദേശഭക്‌തി ഗാനങ്ങള്‍ ആലപിച്ചതാണു ഏറ്റുമുട്ടിലേക്കു നയിച്ചത്‌.

Ads by Google
Sunday 28 Dec 2025 10.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW