-->
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്‌ക്കിടെ തീയറ്ററിലുണ്ടായ ദുരന്തത്തില്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ഉള്‍പ്പെടെ 23 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് തെലങ്കാന പോലീസ്.
അല്ലു അര്‍ജുന്‍ കേസില്‍ 11-ാം പ്രതിയാണ്. ദുരന്തമുണ്ടായ സന്ധ്യ തീയറ്റര്‍ മാനേജ്‌മെന്റാണ് പ്രധാനപ്രതി. നമ്പള്ളി 9ാം നമ്പര്‍ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ചിക്കടപ്പള്ളി പോലീസാണു കുറ്റപത്രം സമര്‍പ്പിച്ചത്. അല്ലു അര്‍ജുനു പുറമേ അദ്ദേഹത്തിന്റെ പഴ്‌സണല്‍ മാനേജര്‍, സുരക്ഷാ ഉദ്യോഗസ്‌ഥര്‍, ബൗണ്‍സര്‍മാര്‍ തുടങ്ങിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്‌ചയും അശ്രദ്ധയുമാണ് വലിയ ദുരന്തത്തിന് ഇടയാക്കിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
സംഭവം നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ഡിസംബര്‍ നാലിനാണ് പുഷ്‌പ 2 ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്‌ക്കിടെ ദുരന്തമുണ്ടായത്. ചിക്കടപ്പള്ളിയിലെ സന്ധ്യ തീയറ്ററില്‍ അല്ലു അര്‍ജുന്‍ എത്തുമെന്നറിഞ്ഞ് വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടുകയും തിക്കിലും തിരക്കിലുപെട്ട് ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്കു ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ദില്‍കുഷ് നഗര്‍ സ്വദേശിനി എം. രേവതി(35) ആണു മരിച്ചത്. ഇവരുടെ ഒമ്പതു വയസുകാരനായ മകന്‍ ശ്രീതേജിനാണു ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അല്ലു അര്‍ജുനെ 2024 ഡിസംബര്‍ 13 ന് അറസ്‌റ്റ് ചെയ്‌തു. എന്നാല്‍, തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ തൊട്ടടുത്ത ദിവസം പോലീസ് അല്ലു അര്‍ജുനെ വിട്ടയച്ചു. പിന്നീട് അദ്ദേഹത്തിന് സ്‌ഥിരം ജാമ്യം ലഭിക്കുകയും ചെയ്‌തു.
അല്ലു അര്‍ജുനും പുഷ്‌പ സിനിമയുടെ നിര്‍മ്മാതാക്കളും ഇരയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കി. തെലങ്കാന സര്‍ക്കാരും കുടുംബത്തിനു നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.