-->
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ ജഡ്‌ജിക്കെതിരേ അതിഗുരുതര ആരോപണങ്ങളുമായി അതിജീവിത. കേസിന്റെ അന്വേഷണത്തില്‍ മനഃപൂര്‍വം തനിക്ക് അനുകൂലമല്ലാത്ത കാര്യങ്ങള്‍ നടന്നതായും, എതിര്‍കക്ഷികള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ജഡ്‌ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായും അവര്‍ ആരോപിച്ചു.
കേസില്‍ ഡല്‍ഹി ഹൈക്കോടതി പ്രതിയും എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജാമ്യം അനുവദിക്കുകയും ജീവപര്യന്തം തടവ് ശിക്ഷാവിധി താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ആരോപണം. 'അന്വേഷണ ഉദ്യോഗസ്‌ഥന്‍ എന്നോട് നീതി ചെയ്‌തിട്ടില്ല. എതിര്‍ കക്ഷിക്ക് വിജയം നേടാനും എന്റെ ധൈര്യം തകര്‍ക്കാനും കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരാനും വേണ്ടി അദ്ദേഹം ജഡ്‌ജിയുമായി ഗൂഢാലോചന നടത്തി' - അവര്‍ ആരോപിച്ചു.
'സി.ബി.ഐ എന്റെ അഭിഭാഷകനൊപ്പം നിന്നിരുന്നെങ്കില്‍ ഈ ദുരവസ്‌ഥ ഉണ്ടാകുമായിരുന്നില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തി പ്രതിക്ക് യാതൊരു കുഴപ്പവുമില്ലാതെ പുറത്തിറങ്ങാന്‍ സാധിച്ചുവെങ്കില്‍, അതിനര്‍ത്ഥം ജഡ്‌ജിക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്നാണ്. ജഡ്‌ജിയെ വിളിപ്പിക്കുക, ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടോളാം. ഇത് എന്റെ അവകാശമാണ്' - അതിജീവിത പറഞ്ഞു.
2019ലെ വിധിക്ക് എതിരായ അപ്പീല്‍ തീര്‍പ്പാകും വരെ, ഈ മാസം 23നു ഡല്‍ഹി ഹൈക്കോടതി കുല്‍ദീപ് സിങ് സെന്‍ഗാറിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
2017ലാണ് അയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത്. അന്നു ബി.ജെ.പി. എം.എല്‍.എയായിരുന്നു സെന്‍ഗാര്‍. അയാളെ പിന്നീട് പാര്‍ട്ടി പുറത്താക്കി. സെന്‍ഗാറിന്റെ ശിക്ഷ താല്‍ക്കാലികമായി റദ്ദാക്കിയതിനെതിരേ സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സെന്‍ഗാറിന് ജാമ്യം ലഭിച്ചതിനെതിരേ ഡല്‍ഹിയില്‍ വ്യാപകമായ പ്രതിഷേധം നടന്നു. പാര്‍ലമെന്റിനു സമീപം നടന്ന ധര്‍ണക്കിടെ പ്രവര്‍ത്തകയായ യോഗിതാ ഭയാന, കോണ്‍ഗ്രസ് നേതാവ് മുസ്‌താസ് പട്ടേല്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി.