-->
ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ അധ്യക്ഷനായി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബിന്‍ ജനുവരി 20 നു മുമ്പ് ചുമതലയേല്‍ക്കും.
ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ സംസ്‌ഥാന അധ്യക്ഷന്മാരെ ജനുവരി 15 നു ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ ജനുവരി 18 നും 20 നും ഇടയില്‍ പൂര്‍ത്തിയാകുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ബി.ജെ.പി ഭരിക്കുന്ന പകുതിയിലേറെ സംസ്‌ഥാനങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 37 ല്‍ 29 സംസ്‌ഥാനങ്ങള്‍ അവരുടെ ആഭ്യന്തര തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഈ സംസ്‌ഥാനങ്ങളിലെ സംസ്‌ഥാന അധ്യക്ഷന്മാര്‍ നബിന്റെ സ്‌ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചുകൊണ്ടുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ മറ്റൊരു കൂട്ടം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നിതിന്‍ നബിനെ പിന്തുണയ്‌ക്കുന്ന നാമനിര്‍ദേശ പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഒപ്പുകള്‍ ഉണ്ടാകും.
ബി.ജെ.പി ഭരിക്കുന്ന എല്ലാ മുഖ്യമന്ത്രിമാരുടെയും സംസ്‌ഥാന അധ്യക്ഷന്മാരുടെയും സാന്നിധ്യം ഡല്‍ഹിയില്‍ ഉണ്ടാകണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.ബിഹാറിലെ റോഡ് നിര്‍മാണ മന്ത്രിയും അഞ്ച് തവണ എം.എല്‍.എയുമാണു നിതിന്‍ നബിന്‍. മുതിര്‍ന്ന ബി.ജെ.പി നേതാവ് നവീന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ്. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും യുവജന വിഭാഗത്തിന്റെ സഹചാര്‍ജ് ആയും നബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010- 2013 കാലയളവില്‍ അദ്ദേഹം യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി.
2016- 19 കാലയളവില്‍, മന്ത്രി ബിഹാറിലെ യുവമോര്‍ച്ചയുടെ സംസ്‌ഥാന അധ്യക്ഷനായിരുന്നു, കൂടാതെ 2019ല്‍ സിക്കിമില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് ആയിരുന്നു. 2019 ജൂണില്‍, അദ്ദേഹത്തെ സിക്കിം സംസ്‌ഥാന ബി.ജെ.പി ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് ആയി നിയമിച്ചു. നബിന്റെ ദേശീയ അധ്യക്ഷ പദവി ജനുവരി 2026 മുതല്‍ ജനുവരി 2029 വരെയായിരിക്കും.