Friday, March 13, 2026 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.44 AM

പുതുവത്സരാഘോഷം ഡല്‍ഹിയില്‍ രാത്രി പരിശോധന: 660 പേര്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: പുതുവത്സരാഘോഷത്തിനു മുന്നോടിയായി രാജ്യതലസ്‌ഥാനത്ത്‌ ഡല്‍ഹി പോലീസ്‌ നടത്തിയ രാത്രി പരിശോധനയില്‍ നൂറുകണക്കിനു പേര്‍ അറസ്‌റ്റില്‍. 'ആഘാത്‌ 3.0' എന്ന പേരിലുള്ള ദൗത്യത്തില്‍ ആയുധങ്ങള്‍, ലക്ഷക്കണക്കിനു രൂപ, അനധികൃതമദ്യം, മയക്കുമരുന്ന്‌, മോഷണവസ്‌തുക്കള്‍ തുടങ്ങിയവ പിടികൂടി. സൗത്ത്‌ ഡല്‍ഹി, സൗത്ത്‌ ഈസ്‌റ്റ്‌ ഡല്‍ഹി ജില്ലകളില്‍നിന്ന്‌ 660 പേരാണ്‌ അറസ്‌റ്റിലായത്‌.
പുതുവത്സരാഘോഷത്തിന്റെ മറവിലുള്ള കുറ്റകൃത്യങ്ങള്‍ തടയുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. 24 മണിക്കൂര്‍ നീണ്ട സംയുക്‌തപരിശോധനകള്‍ ഇന്നലെ രാവിലെവരെ തുടര്‍ന്നു. സംശയാസ്‌പദസാഹചര്യങ്ങളില്‍ കാണപ്പെട്ടവരെയും കുഴപ്പക്കാരെയും കസ്‌റ്റഡിയിലെടുത്തു. രണ്ട്‌ ജില്ലകളിലെ പോലീസ്‌ സംയുക്‌തമായിട്ടായിരുന്നു പരിശോധന. സൗത്ത്‌ ഈസ്‌റ്റ്‌ ജില്ലയില്‍ 285 പേര്‍ അറസ്‌റ്റിലായി. ആയുധനിയമം, എക്‌സൈസ്‌ നിയമം, മയക്കുമരുന്ന്‌ നിരോധന നിയമം, ചൂതാട്ടനിരോധന നിയമം എന്നിവയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റുകള്‍. രാത്രി പരിശോധനയുടെ ഭാഗമായി മൂവായിരത്തോളം പേരെ ചോദ്യംചെയ്‌തു. 850 പേരെ കരുതല്‍ തടങ്കലിലാക്കി. ഇവരില്‍ 155 പേര്‍ സ്വഭാവദൂഷ്യമുള്ളവരോ സ്‌ഥിരംകുറ്റവാളികളോ ആണ്‌. പുതുവത്സരത്തോടനുബന്ധിച്ച്‌ ആസൂത്രിത കുറ്റകൃത്യങ്ങള്‍ തടയുകയെന്നതും ദൗത്യത്തിന്റെ പ്രധാനലക്ഷ്യമായിരുന്നു.
ആയുധനിയമപ്രകാരം 66 പേരാണ്‌ അറസ്‌റ്റിലായത്‌. 24 തോക്കുകളും 44 കഠാരകളും പിടിച്ചെടുത്തു. 22,500 ക്വാര്‍ട്ടര്‍ അനധികൃതമദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട്‌ 60 പേരും 10 കിലോഗ്രാം കഞ്ചാവ്‌ പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 10 പേരും അറസ്‌റ്റിലായി. പൊതുസ്‌ഥലത്ത്‌ മദ്യപിച്ചതിനാണ്‌ 350 പേര്‍ അറസ്‌റ്റിലായത്‌.
വാഹനമോഷ്‌ടാക്കളെന്ന്‌ സംശയിക്കുന്ന അഞ്ചുപേരും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. 231 ഇരുചക്രവാഹനങ്ങളും ഒരു നാലുചക്രവാഹനവും പരിശോധനയുടെ ഭാഗമായി കസ്‌റ്റഡിയിലെടുത്തു. ചൂതാട്ടനിരോധന നിയമപ്രകാരം 30 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 68 പേര്‍ അറസ്‌റ്റിലായി. ഇവരില്‍നിന്ന്‌ 2.3 ലക്ഷം രൂപ പിടികൂടി. മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 350 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത്‌ ഉടമകള്‍ക്കു കൈമാറി.

Ads by Google
Sunday 28 Dec 2025 10.44 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW