-->
വാഷിങ്‌ടണ്‍: ക്രിസ്‌മസ് ദിനത്തില്‍ നൈജീരിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകര കേന്ദ്രങ്ങളില്‍ യു.എസിന്റെ വ്യോമാക്രമണം. നൈജീരിയയിലെ ക്രിസ്‌തുമത വിശ്വാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭീകരര്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
'മരിച്ച ഭീകരര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും ക്രിസ്‌മസ് ആശംസകള്‍' എന്നാണ് ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് എഴുതിയത്. ആക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായും യു.എസ് ആഫ്രിക്കന്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു. അതേസമയം, നൈജീരിയന്‍ ഭരണകൂടം അറിഞ്ഞുകൊണ്ടാണ് യു.എസ് ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയന്‍ ഭീകരര്‍ക്കെതിരേ സൈനിക നടപടി ഉണ്ടാകുമെന്ന് ഒക്‌ടോബര്‍ അവസാനം മുതല്‍ ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.
'പെര്‍ഫക്‌ട് സ്‌ട്രൈക്ക്' എന്നാണ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്. നൈജീരിയയിലെ ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയുന്നതില്‍ അവിടുത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നിരപരാധികളായ ക്രൈസ്‌തവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.
ഭീകര സംഘടനകള്‍ മതഭേദമന്യേ എല്ലാവരേയും ലക്ഷ്യമിടുന്നതായി നൈജീരിയന്‍ ഭരണകൂടം പറഞ്ഞു. ഭീകരര്‍ക്കെതിരേ യു.എസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നൈജീരിയ സമ്മതിച്ചതായും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് നൈജീരിയയില്‍ യു.എസ് സൈന്യം ആക്രമണം നടത്തിയത്.
അടുത്തിടെ സിറിയയിലും ഐ.എസ് ഭീകരര്‍ക്കെതിരേ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ഭീകരാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായിട്ടായിരുന്നു ആക്രമണം. ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ തുടര്‍ന്ന് നൈജീരിയയ്‌ക്കെതിരേ യു.എസ് വിസ നിയന്ത്രണങ്ങളുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു.