-->
വനമേഖലയില്‍കൂടി കടന്ന് പോകുന്ന ഏറെ തിരക്കുള്ള മൈസൂരു ഊട്ടി റോഡില്‍ ഒരു മയില്‍ എത്തിയതോടെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനങ്ങള്‍ ദേശീയ പക്ഷിക്ക് പോകാനായി അല്പ നേരം ക്ഷമയോടെ നിര്‍ത്തിയിട്ടതോടെ ഗതാഗത തടസം നേരിടുകയായിരുന്നു. ഒടുവില്‍ തന്റെ സ്വതസിദ്ധമായ വേഗതയില്‍ മയില്‍ റോഡ് മുറിച്ച് കടന്നു. മയിലിന് പോകാനായി വലിയൊരു നിര വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
വൈറലാകുന്ന വീഡിയോയില്‍ ഒരു വശത്ത് നിരനിരയായി കാറുകളും മറ്റ് വാഹനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. റോഡിലെ വാഹനങ്ങള്‍ ഒഴിഞ്ഞ വശത്ത് വളരെ ശാന്തനായി ഒരു മയില്‍ നില്‍ക്കുന്നതും കാണാം. അതേസമയം മയില്‍ നിന്നിരുന്ന വശത്തെ വാഹനങ്ങള്‍ റോഡില്‍ ഏറെ ദൂരെയായി, മയില്‍ റോഡ് മുറിച്ച് കടക്കുന്നതും കാത്ത് നില്‍ക്കുന്നു. അതേസമയം മയില്‍ റോഡില്‍ കയറി നിന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കിലോമീറ്ററുകളോളും നീളത്തില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം.
'നമ്മ ബെംഗളൂരു ഊട്ടി റോഡ് തിരക്കേറിയതാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. തമാശയ്ക്ക് വേണ്ടിയായിരുന്നു ആ വരികള്‍ എഴുതിയതെങ്കിലും, കമന്റ് വിഭാഗത്തില്‍ അതൊരു സജീവ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. കാഴ്ചക്കാര്‍ വീഡിയോ ദൃശ്യങ്ങള്‍ക്കും അടിക്കുറിപ്പിനും ഒരുപോലെ പ്രതികരിച്ചു. മയില്‍ ആശയകുഴപ്പത്തിലാണെന്നായിരുന്നു ഒരു കുറിപ്പ്. മയില്‍ ഗതാഗതം നിയന്ത്രിക്കുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലര്‍ മയിലിന് വേണ്ടി വാഹനങ്ങള്‍ കാത്ത് നിന്നതിനെ പ്രശംസിച്ചു.