-->
കൊച്ചി: യുഡിഎഫിലെ വി.കെ. മിനിമോളെ കൊച്ചി കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുത്തു. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 48 പേരുടെ പിന്തുണ നേടിക്കൊണ്ടാണ് വി.കെ. മിനിമോളെ തെരഞ്ഞെടുത്തത്. പാലാരിവട്ടം ഡിവിഷനില്‍ നിന്നുമാണ് വി.കെ. മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്രന്‍ ബാസ്റ്റിന്‍ ബാബുവിന്റേതടക്കമുള്ള വോട്ട് മിനിമോള്‍ക്ക് കിട്ടി.
തെരഞ്ഞെടുക്കപ്പെടാന്‍ 39 വോട്ടുകളാണ് മിനിമം വേണ്ടതെന്നിരിക്കെ ഒമ്പത് വോട്ടുകള്‍ അധികം കിട്ടുകയായിരുന്നു. രണ്ടര വര്‍ഷം മേയറായി വി.കെ. മിനിമോള്‍ നില്‍ക്കും. അതിന് ശേഷം വരുന്ന രണ്ടര വര്‍ഷം ഷൈനിമാത്യൂ മേയറാകും. കൗണ്‍സിലറായി അനേകംതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് വി.കെ. മിനിമോള്‍. നേരത്തേ ദീപ്തിമേരിവര്‍ഗ്ഗീസിന്റെ പേര് പറഞ്ഞുകേട്ടിരുന്നെങ്കിലൂം അവസാന നിമിഷം മാറി മറഞ്ഞാണ് മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കെ.സി. വേണുഗോപാലിന്റെ പിന്തുണ ദീപ്തിക്കുണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡിസിസി നേതൃത്വവും വി.കെ. മിനിമോളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആകെയുള്ള 76 സീറ്റുകളില്‍ 46 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് 20 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. എന്‍ഡിഎ ആറ് സീറ്റുകളില്‍ സ്വതന്ത്ര്യര്‍ നാല് സീറ്റുകളിലും വിജയിച്ചു. മിനിമോളുടെ പ്രവര്‍ത്തനപരിചയവും സഭയുടെ അനുകൂല നിലപാടും ഇവര്‍ക്ക് തുണയായി. പശ്ചിമ കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യുവിനായി മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുണ്ടായിരുന്നു.