-->
പലപ്പോഴും വാക്കുകള്‍ക്കതീതമാണ് ദമ്പതിമാര്‍ മാതാപിതാക്കളാകാന്‍ പോകുന്ന നിമിഷം. അതുകൊണ്ട് തന്നെ അത്രമേല്‍ പ്രത്യേകമായിത്തന്നെ അത് പങ്കാളിയെ അറിയിക്കേണ്ടതുണ്ട്. പരസ്പരം ഈ സന്തോഷം കൈമാറുന്ന നിമിഷം സ്പെഷ്യലാക്കാന്‍ പലപ്പോഴും ദമ്പതിമാര്‍ തയ്യാറാകാറുണ്ട്. സ്നേഹത്തിന്റെയും ഓർമ്മകളുടെയും പുതിയ തുടക്കത്തിന്റെയും ഈ മധുരസ്പര്‍ശം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കി ലോകത്തെ അറിയിക്കാന്‍ പലരും ഇഷ്ടപ്പെടാറുണ്ട്.
ഇപ്പോഴിതാ ഒരു എഐ വീഡിയോയിലൂടെ തന്റെ പ്രെഗനന്‍സി ഭര്‍ത്താവിന് സര്‍പ്രൈസായി പങ്കുവെച്ചിരിക്കുകയാണ് യുകെയിലെ ഒരു മലയാളി യുവതി. സ്കോട്ട്‌ലൻഡില്‍ താമസിക്കുന്ന മലയാളി ദമ്പതികളായ ഷെറിനും ജെറിനുമാണ് ഈ കഥയിലെ താരങ്ങള്‍. തങ്ങളുടെ ജീവിതയാത്രയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരാവിഷ്കരിച്ചാണ് ഷെറിന്‍ പുതിയ വിശേഷം ജെറിനുമായി പങ്കിട്ടത്.
വീഡിയോയില്‍ ദമ്പതികള്‍ സോഫയിലിരുന്ന് തങ്ങളുടെ ജീവിതകഥ പറയുന്ന എഐ ചിത്രം കാണുന്നത് കാണാം. സ്കൂള്‍ കാലഘട്ടം, വിവാഹം, ആദ്യമായി വീട് വാങ്ങിയത്, വർഷങ്ങളായി പരസ്പരം നല്‍കിയ ജന്മദിന സർപ്രൈസുകള്‍ എന്നിങ്ങനെ അവരുടെ ജീവിതത്തിലെ ഓരോ സുപ്രധാന ഘട്ടങ്ങളും ഒന്നിനുപുറകെ ഒന്നായി സ്ക്രീനില്‍ തെളിയുന്നു. വീഡിയോയുടെ അവസാനം ഏറ്റവും വലിയ ആ സർപ്രൈസ് എത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
എഐ വീഡിയോയിലെ കഥാപാത്രം ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കാണിക്കുന്നു, തൊട്ടുപിന്നാലെ യഥാർത്ഥ ജീവിതത്തിലും ഷെറിൻ ആ സർപ്രൈസ് ജെറിനോട് പറയുന്നു. സന്തോഷം സഹിക്കാനാവാതെ ജെറിൻ ഷെറിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. തങ്ങളുടെ ജീവിതത്തിലെ ‘‘ഏറ്റവും മധുരമുള്ള അധ്യായം...’’ എന്നാണ് അവർ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. പത്തു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ തങ്ങളുടെ കുഞ്ഞതിഥിയെ സ്വീകരിക്കാനൊരുങ്ങുന്നത് എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകും.
‘‘എല്ലാ പ്രണയകഥകളും മനോഹരമാണ്, പക്ഷേ നമ്മുടെ പ്രണയകഥ കൂടുതൽ മധുരതരമാകാൻ പോകുന്നു ...ഒരു ചെറിയ അത്ഭുതം വരാനിരിക്കുന്നു...
നമ്മുടെ പ്രണയകഥ...
1. എന്റെ കോളേജ് ജീവിതത്തിന്റെ ആദ്യ ദിവസം, ജെറിനും അവന്റെ സുഹൃത്തുക്കളും എന്നെ റാഗിംഗിന് വിളിച്ചു, എന്റെ ജീവിതത്തിൽ അവൻ ഇത്ര പ്രധാനിയാകുമെന്ന് ഞാൻ അന്ന് ഒരിക്കലും കരുതിയിരുന്നില്ല.
2. അടുത്ത ദിവസം തന്നെ, പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കരുതെന്ന് അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നൽകി, പകരം ചുരിദാർ ധരിക്കാൻ എന്നോട് ആവശ്യപ്പെട്ടു.
3. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പാശ്ചാത്യ വസ്ത്രങ്ങൾ എനിക്ക് മനോഹരമായി തോന്നുന്നുവെന്നും ഞാൻ അത് ധരിക്കണമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി.
4. പതുക്കെ, അറിയാതെ, ഞങ്ങൾക്കിടയിൽ ഒരു ബന്ധം വളരാൻ തുടങ്ങി.
5. ഒരു കോളേജ് ഫ്ലാഷ് മോബ് ദിനത്തിൽ, ജെറിൻ എന്നോട് വിവാഹാഭ്യർത്ഥന നടത്തി, അപ്പോഴേക്കും അവൻ ഒരു അടുത്ത സുഹൃത്തായി മാറിയിരുന്നതിനാൽ ഞാൻ ദേഷ്യപ്പെട്ടു.
6. കാലക്രമേണ, സംഭാഷണങ്ങൾ ആശ്വാസമായും സൗഹൃദം പ്രണയമായും മാറി.
7. ഞാൻ അദ്ദേഹത്തെ എന്റെ പള്ളിപെരുന്നാളിലേക്ക് ക്ഷണിച്ചു, അദ്ദേഹം എനിക്ക് വേണ്ടി മാത്രമാണ് വന്നത്.
8. ഞാൻ പെരുന്നാൾ രസത്തിൽ പാടിക്കൊണ്ടിരിക്കുമ്പോൾ, അദ്ദേഹം അതിൽ നടക്കുകയായിരുന്നു, എന്റെ ഹൃദയം പൂർണ്ണമായി തോന്നി.
9. ആ ദിവസം, ഞാൻ അദ്ദേഹത്തോട് പ്രണയത്തിലാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
10. കോളേജ് കഴിഞ്ഞ്, ഞങ്ങൾ രണ്ടുപേരും ജോലിക്കായി എറണാകുളത്തേക്ക് താമസം മാറി, കൊച്ചിയിലെ എല്ലാ ഭക്ഷണ കോണുകളും ചെറിയ സന്തോഷങ്ങളും ഒരുമിച്ച് ആസ്വദിച്ചു.
11. പിന്നീട്, ജെറിൻ പഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് താമസം മാറി, ഞങ്ങളുടെ പ്രണയം ദീർഘദൂര വെല്ലുവിളിയെ നേരിട്ടു.
12. ദൂരമുണ്ടെങ്കിലും, ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി, ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
13. ഞങ്ങളുടെ വിവാഹദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായി മാറി.
14. രണ്ട് മാസങ്ങൾക്ക് ശേഷം, ഞാൻ സ്കോട്ട്ലൻഡിലെത്തി, ഞങ്ങൾ ഒരുമിച്ച് പുതിയ ജീവിതം ആരംഭിച്ചു.
15. യുകെയിലെ ഞങ്ങളുടെ ആദ്യത്തെ വീട്, ഞങ്ങളുടെ സ്വന്തം ലവ് പാലസ് വാങ്ങി ഞങ്ങൾ മറ്റൊരു സ്വപ്നം സാക്ഷാത്കരിച്ചു.
16. സ്വിറ്റ്സർലൻഡ്, പാരീസ്, ഇറ്റലി തുടങ്ങിയ ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് ഞങ്ങൾ യാത്ര ചെയ്തു.
17. സ്നേഹവും അനുഗ്രഹവും അനുഭവിച്ചുകൊണ്ട് ഞാൻ എന്റെ ജന്മദിനം ആഘോഷിച്ചു.
18. ഉള്ളടക്ക സൃഷ്ടിയുടെയും ജീവിതത്തിന്റെയും ഓരോ നിമിഷവും ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ചു.
19. അവന്റെ 30-ാം ജന്മദിനത്തിൽ ഒരു ഗംഭീര പാർട്ടി നൽകി ഞാൻ അവനെ അത്ഭുതപ്പെടുത്തി, അവന്റെ സന്തോഷം എനിക്ക് എല്ലാം അർത്ഥമാക്കി.
20. ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് ഞങ്ങൾ ഞങ്ങളുടെ പത്താം പ്രണയ വാർഷികം നിറഞ്ഞ ഹൃദയത്തോടെ ആഘോഷിച്ചു.
21. ഒടുവിൽ, ഗർഭധാരണ കിറ്റ് നൽകി ഞാൻ അവനെ അത്ഭുതപ്പെടുത്തി, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറി.
22. ഇത് ഞങ്ങളുടെ പ്രണയകഥയുടെ അവസാനമല്ല, മറിച്ച് ഒരു പുതിയ യാത്രയുടെ മനോഹരമായ തുടക്കമാണ്
ഈ വീഡിയോയ്ക്ക് പിക്സല്‍ വണ്ടറിന് നന്ദി....’’ എന്നാണ് വീഡിയോ പങ്കിട്ട് ഷെറിന്‍ കുറിച്ചിരിക്കുന്നത്. ഒരു പ്രൊഫഷണല്‍ എഡിറ്ററുടെ സഹായത്തോടെയാണ് ഈ വീഡിയോ തയ്യാറാക്കിയതെന്ന് ഷെറിൻ കുറിച്ചത്. തന്റെ ജീവിതകഥകളും ചിത്രങ്ങളും നല്‍കി കൃത്യമായ ചർച്ചകള്‍ക്ക് ശേഷമാണ് ഈ മനോഹരമായ ഔട്ട്‌പുട്ട് ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തി.
ഷെറിന്‍ ജെറിന്‍ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം 17 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘അപരിചിതരായ നിങ്ങള്‍ക്ക് വേണ്ടി ഞാൻ കരഞ്ഞുപോയി, അഭിനന്ദനങ്ങള്‍, എന്ത് മനോഹരമായ വീഡിയോ ആണിത്, ഗർഭസ്ഥ ശിശുവിനെ വരവേല്‍ക്കാൻ തയ്യാറെടുക്കുന്ന ഈ ദമ്പതികള്‍ ‘സൂപ്പർ ഹീറോകള്‍’....’’ എന്നതടക്കമാണ് കമന്റുകള്‍.