-->
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തും ഓരോ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ സ്വന്തമായി വാഹന ലൈസന്‍സ് നേടണമെങ്കില്‍ പ്രായം 18 കഴിയണം. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാവിനോ തടവും പിഴയുമോ രണ്ടും കൂടിയോ ലഭിക്കും. നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമ്പോള്‍ മാത്രമാണ് നിയമ ലംഘനങ്ങള്‍ കുറയുകയൊള്ളൂ. അതില്‍ അലംഭാവം കാണിക്കുമ്പോള്‍ നിയമ ലംഘനങ്ങളും ഏറുന്നു. അത്തരമൊരു നിയമ ലംഘനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പത്ത് വയസുള്ള ഒരു കുട്ടി രാത്രിയില്‍ നാനോ കാറുമായി ബേക്കറിയിലെത്തി സാധനങ്ങളും വാങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
പത്ത് വയസ്സുള്ള ഒരു കുട്ടി സ്റ്റിയറിങ്ങില്‍ എത്തിപ്പിടിക്കാന്‍ പോലും ആകാത്ത പ്രായത്തില്‍ ഒരു കാറുമായി നഗരത്തിലേക്കിറങ്ങുകയെന്നാല്‍ അത് തികച്ചും ആശങ്കാവഹമാണ്. എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലാത്തൊരു വീഡിയോയായിരുന്നു അത്. നിരവധി ഇന്‍സ്റ്റാഗ്രാം ഹാന്റിലുകളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ഒരു ബേക്കറിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു കുട്ടി. ബേക്കറിയില്‍ ഈ സമയം ഉണ്ടായിരുന്ന ആരോ കുട്ടിയോട് സംസാരിക്കുന്നു. ഇരുവരുടെയും സംഭാഷണം കേട്ടവരെല്ലാം അത്ഭുതപ്പെട്ടു. തന്റെ പേര് സയ്യദ് അര്‍ഫാദ് ആണെന്നും താന്‍ കാറോഡിച്ചാണ് എത്തിതെന്നും കുട്ടി കടയിലുള്ളവരോട് വ്യക്തമാക്കി. ഒപ്പം പത്ത് വയസാണ് പ്രായമെന്നും ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്നും അവന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പിന്നാലെ കുട്ടി ബേക്കറിയില്‍ നിന്നും ഇറങ്ങി റോഡിന്റെ മറുവശത്ത് ഇട്ടിരിക്കുന്ന നാനോ കാറില്‍ കയറി ഓടിച്ച് പോയി.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി. പിന്നാലെ പലരും ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. രാത്രിയില്‍ അച്ഛനമ്മമാരറിയാതെ കുട്ടി വാഹനവുമായി എത്തിയതാകാമെന്ന് ചിലര്‍ കുറിച്ചു. അതേസമയം ലൈസന്‍സില്ലാതെ ഇത്രയും ചെറുപ്പത്തില്‍ കാര്‍ ഓടിക്കാന്‍ അനുവദിച്ചതിന് കുട്ടിയുടെ അച്ഛനമ്മമാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. നിയമങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നെങ്കില്‍, ആരും തങ്ങളുടെ കുട്ടിക്ക് വാഹനങ്ങള്‍ നല്‍കാന്‍ ധൈര്യപ്പെടുമായിരുന്നില്ലെന്ന് നിരവധി പേരാണ് എഴുതിയത്.