-->
ന്യൂഡല്‍ഹി: പശുവിനെ കൊന്നെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ജനക്കൂട്ടം മര്‍ദിച്ചുകൊന്ന കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികളുടെ വാദംതന്നെ കോടതിയില്‍ ഉന്നയിച്ചതായി രേഖകള്‍. കേസ് പിന്‍വലിക്കാനുള്ള പ്രതികളുടെ അപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ എട്ടുവര്‍ഷം മുമ്പ് പ്രതികളില്‍ രണ്ടുപേര്‍ ജാമ്യത്തിനായി ഉന്നയിച്ച അതേ വാദംതന്നെയായിരുന്നു സര്‍ക്കിന്റേതെന്ന് രേഖകള്‍ വ്യക്‌തമാക്കുന്നു. എന്നാല്‍ ജാമ്യാപേക്ഷയുടെ സമയത്ത് പ്രതികളെ ശക്‌തമായി എതിര്‍ക്കുന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പ്രതികളായ പുനിത്, അരുണ്‍ എന്നിവര്‍ക്ക് 2017 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ ബിസാദ ഗ്രാമത്തിലുള്ള അഖ്‌ലാഖിനെ 2015 സെപ്‌റ്റംബര്‍ 28 നാണ് ഒരുകൂട്ടം ആളുകള്‍ വീട്ടില്‍നിന്നു വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിച്ചുകൊന്നത്. പശുക്കിടാവിനെ മോഷ്‌ടിച്ചുകൊണ്ടുവന്ന് കൊന്നെന്നും വീട്ടില്‍ മാംസം സൂക്ഷിച്ചെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്നു ഗൗതംബുദ്ധ് നഗര്‍ പോലീസ് നിരവധി പേരെ അറസ്‌റ്റ് ചെയ്‌തു. ബി.ജെ.പി പ്രാദേശിക നേതാവിന്റെ മകന്‍ വിശാല്‍ റാണ, ബന്ധു ശിവം എന്നിവരുള്‍പ്പെടെ 19 പേരെ പ്രതികളാക്കി വിചാരണക്കോടതിയില്‍ പിന്നീട് കുറ്റപത്രവും സമര്‍പ്പിച്ചു.അഖ്‌ലാഖിന്റെ വീട്ടിലേക്ക് ജനക്കൂട്ടത്തെ നയിച്ചത് വിശാലും ശിവവുമാണെന്നായിരുന്നു പോലീസിന്റെ വാദം. പ്രതികള്‍ക്കെതിരേ കൊലപാതകം, കലാപം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ കുറ്റങ്ങളുംചുമത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്‌ടോബര്‍ 15 ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.