Monday, March 16, 2026 Last Updated 8 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.29 AM

രണ്ടിലും ജയം; മുന്നില്‍

uploads/news/2025/12/817428/1.jpg

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും ജയം ഇന്ത്യന്‍ വനിതകള്‍ക്ക്‌. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ്‌ ഇന്ത്യ ലക്ഷ്യത്തിലെത്തിയത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയെ 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന്‌ 128 റണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കി. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കൊപ്പം മികച്ച ഫീല്‍ഡിങ്ങിലൂടെ മൂന്നു ബാറ്റര്‍മാരെ റണ്ണൗട്ടാക്കിയത്‌ ജയത്തിന്‌ അടിത്തറയിട്ടു.
മറുപടി പറഞ്ഞ ഇന്ത്യ 11.5 ഓവറില്‍ 49 പന്ത്‌ ബാക്കിനില്‍ക്കെ വിജയതീരത്തെത്തി. 34 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടക്കം പുറത്താകാതെ 69 റണ്ണടിച്ച ഓപ്പണര്‍ ഷഫാലി വെര്‍മയുടെ വെടിക്കെട്ട്‌ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. സ്‌മൃതി മന്ഥാന (14), ജെമീമ റോഡ്രിഗസ്‌ (26), ഹര്‍മന്‍ പ്രീത്‌ കൗര്‍ (10) എന്നിവര്‍ പുറത്തായി. ഒരു റണ്ണുമായി റിച്ചാ ഘോഷായിരുന്നു ലക്ഷ്യത്തിലെത്തുമ്പോള്‍ മത്സരത്തിലെ താരമായ ഷെഫാലിക്കു കൂട്ടായി ക്രീസിലുണ്ടായിരുന്നത്‌. ഇതേ വേദിയില്‍ കഴിഞ്ഞദിവസം നടന്ന ആദ്യമത്സരത്തില്‍ 32 പന്ത്‌ ശേഷിക്കെ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0 ന്‌ മുന്നിലെത്തി. ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ അരങ്ങേറും.
ഇന്നലെ ടോസ്‌ നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍ ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. ക്യാപ്‌റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച്‌ ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ വിഷ്‌മി ഗുണരത്നയെ ബൗളര്‍ ക്രാന്തി ഗൗഡ്‌തന്നെ കൈപ്പിടിയിലാക്കി. ക്യാപ്‌റ്റന്‍ ചമാരി അട്ടപ്പട്ടുവിന്റേതായിരുന്നു അടുത്ത ഊഴം. 24 പന്തില്‍ 31 റണ്ണടിച്ച അട്ടപ്പട്ടുവിനെ സ്‌നേഹ്‌ റാണ കയറ്റി. ഹസിനി പെരേരയും ഹര്‍ഷിത്‌ സമരവിക്രയും ചേര്‍ന്ന്‌ 12.5 ഓവറില്‍ സ്‌കോര്‍ 82-ല്‍ എത്തിച്ചു. ഹസിനി (22)യെ പുറത്താക്കി ശ്രീചാരിണി ആഞ്ഞടിച്ചു.
ടോപ്‌ സ്‌കോററായ ഹര്‍ഷിത (32 പന്തില്‍ 33), വിക്കറ്റ്‌ കീപ്പര്‍ കൗശിനി ന്യുത്യാന്‍ഗന (11), കാവ്യ കാവിന്ദി (ഒന്ന്‌) എന്നിവര്‍ റണ്ണൗട്ടായി. കവിഷാ ദില്‍ഹരി (14), നിലാക്ഷിക സില്‍വ (രണ്ട്‌), ശശിനി ഗിംഹാനി (പൂജ്യം) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇന്ത്യക്കുവേണ്ടി വൈഷ്‌ണവി ശര്‍മയും ശ്രീചാരിണിയും രണ്ടുവീതവും ക്രാന്തി ഗൗഡ്‌, സ്‌നേഹ്‌ റാണ എന്നിവര്‍ ഓരോ വിക്കറ്റ്‌ വീതവും വീഴ്‌ത്തി.

Ads by Google
Wednesday 24 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW