-->
ലോകം നമ്മുക്കിന്നും അജ്ഞമാണ്. കാരണം ഇന്നും ഉത്തരം കിട്ടാത്ത പല പ്രതിഭാസങ്ങളും നമ്മുടെ ഈ കൊച്ചുഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ലോകത്തിലെ ഏറ്റവും സജീവമായ സമുദ്രാന്തര്‍ അഗ്‌നിപര്‍വതങ്ങളിലൊന്നായ കവാച്ചിയില്‍ സ്രാവുകള്‍ നീന്തിത്തുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ജീവിക്കാന്‍ സാധ്യമല്ലെന്നു കരുതിയിരുന്ന ചുറ്റുപാടില്‍ കനത്ത ചൂടും അമ്ലതയും സ്‌ഫോടനങ്ങളും അതിജീവിച്ച് വലിയ ജീവികള്‍ കഴിയുന്നത് എങ്ങനെ എന്ന ചോദ്യമാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നത്.
സോളമന്‍ ദ്വീപുകള്‍ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ അഗ്‌നിപര്‍വതത്തിനുള്ളിലെ സ്രാവുകളുടെ സാന്നിധ്യം, തീവ്രമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സമുദ്രജീവികളുടെ കഴിവിനെക്കുറിച്ചുള്ള നിലവിലെ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ്. 10 വര്‍ഷം മുന്‍പ് ഒരു ശാസ്ത്ര പര്യവേക്ഷണത്തിലാണ് ഈ കണ്ടെത്തലുണ്ടായത്. തെക്കുപടിഞ്ഞാറന്‍ പസിഫിക് സമുദ്ര മേഖലയില്‍ സ്ഥിതിചെയ്യുന്ന കവാച്ചി, ഭൂമിയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നാണ്. ലാവയും ചാരവും അമ്ലത നിറഞ്ഞ ജലവും തുടര്‍ച്ചയായി പുറന്തള്ളുന്നതിനാല്‍ വലിയ സമുദ്രജീവികള്‍ക്ക് ഇവിടം മാരകമാണെന്നാണ് കരുതിയിരുന്നത്.
അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്ക് ഒരു ഇടവേളയുണ്ടായ സമയത്താണ് ശാസ്ത്രജ്ഞര്‍ ഇവിടെ പര്യവേക്ഷണം നടത്തിയത്. ആഴക്കടല്‍ ക്യാമറ ഘടിപ്പിച്ച ഉപകരണങ്ങള്‍ അഗ്‌നിപര്‍വത മുഖത്തിനുള്ളിലേക്ക് ഇറക്കി. പിന്നീട് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചുറ്റികത്തലയന്‍ സ്രാവുകളും സില്‍ക്കി സ്രാവുകളും ഒരു തിരണ്ടിയും ശാന്തമായി നീന്തുന്നത് കണ്ടത്. ഈ ജീവികളൊന്നും അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. സ്‌ഫോടന സമയങ്ങളില്‍ അതിതീവ്രമായ ചൂടുള്ളതും അമ്ലത നിറഞ്ഞതുമായ ജലവും വാതകങ്ങളും പാറക്കഷണങ്ങളും നിറയുന്ന അഗ്‌നിപര്‍വതമുഖത്ത് സൂക്ഷ്മാണുക്കള്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിശ്വാസം. അതിനാല്‍ വലിയ ജീവികളുടെ സാന്നിധ്യം അവരെ അത്ഭുതപ്പെടുത്തി. സ്‌ഫോടനങ്ങള്‍ മുന്‍കൂട്ടി അറിയാനും ഒഴിഞ്ഞുപോകാനും സ്രാവുകള്‍ക്ക് കഴിയുന്നുണ്ടോ എന്ന സംശയവും ശാസ്ത്രജ്ഞര്‍ക്കുണ്ട്.
ഈ ദൃശ്യങ്ങള്‍ നാഷണല്‍ ജിയോഗ്രഫിക് പുറത്തുവിട്ടതോടെ വിഷയം ലോകശ്രദ്ധ നേടി. ഇതോടെ കവാച്ചിക്ക് 'ഷാര്‍ക്കാനോ' എന്ന വിളിപ്പേര് ലഭിച്ചു. പര്യവേക്ഷണത്തിന് 7 വര്‍ഷങ്ങള്‍ക്ക് ശേഷം കവാച്ചി വീണ്ടും പൊട്ടിത്തെറിച്ചതായി നാസാ ഉപഗ്രഹങ്ങള്‍ രേഖപ്പെടുത്തി. 2007ലും 2014ലും സമാനമായ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഈ സ്‌ഫോടനങ്ങളെ സ്രാവുകള്‍ അതിജീവിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവിടത്തെ ജലത്തിന് ഉയര്‍ന്ന താപനിലയും കുറഞ്ഞ പിഎച്ച് മൂല്യവുമാണെന്ന് ഈ പഠനങ്ങളില്‍ സ്ഥിരീകരിച്ചു. ജീവശാസ്ത്രപരമായി മത്സ്യങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണിതെന്ന് ഫിലിപ്‌സ് പറയുന്നു. എന്നിട്ടും പുകപടലങ്ങള്‍ക്കിടയിലൂടെ സ്രാവുകള്‍ സഞ്ചരിക്കുന്നതിന്റെ രഹസ്യം കണ്ടെത്താനായിട്ടില്ല. ഇവയുടെ പെരുമാറ്റത്തിലെയും ശരീരത്തിലെയും പ്രത്യേകതകളെക്കുറിച്ചുള്ള പഠനം, കാലാവസ്ഥാ വ്യതിയാനം പോലുള്ള കടുത്ത സാഹചര്യങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടായേക്കാം.