-->
സമുദ്ര ജീവികളിലെ ഏറ്റവും വലിയ അപകടകാരികളില്‍ പ്രധാനിയാണ് സ്രാവുകള്‍. മൂര്‍ച്ചേറിയ പല്ലുകള്‍ ഉള്ള ഇവയുടെ കയ്യില്‍ അകപ്പെട്ടാല്‍ തന്നെ രക്ഷപ്പെടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇപ്പോഴിതാ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഭക്ഷ്യ ശൃംഖലയെ പോലും വിപരീതമായി സ്വാധീനിക്കുന്ന തരത്തില്‍ സ്രാവുകളുടെ അവസ്ഥ മാറിമറിയുന്നു എന്നാണ്. കടലിലെ ഏറ്റവും വലിയ വേട്ടക്കാരുടെ പല്ലുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് സമുദ്രത്തിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു കഴിഞ്ഞു.
സമുദ്ര അമ്ലീകരണമാണ് സ്രാവുകള്‍ക്ക് വിനയായി തീരുന്നത്. സ്രാവുകളുടെ താടിയെല്ലുകള്‍ പല്ലുകളുടെ നിരവധി നിര ഉള്‍പ്പെടുന്നതാണ്. ഏതെങ്കിലും തരത്തില്‍ ഒരു പല്ല് നഷ്ടപ്പെട്ടുപോയാല്‍ അത് നികത്താന്‍ പാകത്തില്‍ വേഗത്തില്‍ പുതിയവ മുളച്ചു വരും. എന്നാല്‍ സമുദ്രജലത്തില്‍ അമ്ലത്ത്വം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ പല്ലുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്.പല്ലുകള്‍ വീണ്ടും വരുന്നതിനേക്കാള്‍ വേഗത്തിലാണ് അവ നഷ്ടപ്പെട്ടു പോകുന്നത്. അതായത് അതിജീവന ആയുധം അവയ്ക്ക് പൂര്‍ണമായും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ.
ഇത്തരത്തില്‍ പല്ലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞാല്‍ സ്രാവുകള്‍ക്ക് ശത്രുക്കളെ തുരത്താനോ ഇര പിടിക്കാനോ സാധിക്കാതെ വരും. അവയുടെ എണ്ണം ഗണ്യമായി കുറയുന്നതിലേക്കാണ് ഈ സാഹചര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. ഫലമോ സമുദ്ര ആവാസ വ്യവസ്ഥയുടെ സ്ഥിരത തന്നെ താറുമാറായി തീരും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ദ്രുതഗതിയിലുള്ള ആഗിരണം മൂലമാണ് സമുദ്രത്തില്‍ അമ്ലീകരണം സംഭവിക്കുന്നത്. ചെയിന്‍ റിയാക്ഷന്‍ എന്ന രീതിയില്‍ സമുദ്രജലത്തിലെ പി എച്ച് നില ഇതുമൂലം കുറയുന്നു. 2300 ആകുമ്പോഴേക്കും സമുദ്രങ്ങള്‍ കൂടുതല്‍ അമ്ലത്വമുള്ളതായിരിക്കുമെന്നും പി എച്ച് നില നിലവിലെ ശരാശരിയായ 8.1 ല്‍ നിന്ന് 7.3 ആയി കുറയുമെന്നും പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.
അമ്ലീകരണത്തിന്റെ പരിണിതഫലങ്ങളുടെ തോത് കൃത്യമായി പരിശോധിക്കുന്നതിനായി സ്രാവുകളില്‍ നിന്നും നഷ്ടപ്പെട്ട 60 പല്ലുകള്‍ ശേഖരിച്ച് ശാസ്ത്രജ്ഞന്മാര്‍ രണ്ട് കൃത്രിമ കടല്‍ജല ടാങ്കുകളില്‍ സൂക്ഷിച്ചു. ഒന്ന് ശരാശരി സമുദ്ര ജല പി എച്ച് നിലയായ 8.1 ന് തുല്യവും മറ്റൊന്ന് 7.3 പിഎച്ച് നിലയും ഉള്ളതായിരുന്നു. എട്ട് ആഴ്ചകള്‍ക്കു ശേഷം കൂടുതല്‍ അമ്ലീകരണമുള്ള ടാങ്കിലെ പല്ലുകള്‍ക്ക് ഇരട്ടി കേടുപാടുകള്‍ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്രാവുകളുടെ പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു പോകുന്ന സാഹചര്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അമിത മത്സ്യബന്ധനം മൂലം വേണ്ടത്ര ഇര ലഭ്യമാകാത്ത സാഹചര്യത്തിനൊപ്പം പല്ലുകള്‍ കൂടി നഷ്ടമാകുന്നതോടെ സ്രാവുകള്‍ കടുത്ത ഭീഷണിയാണ് നേരിടേണ്ടിവരുന്നത്.