-->
വാഷിങ്‌ടണ്‍: ഈ മാസം ആദ്യം വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി ഇന്ത്യയിലെത്തിയ നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകള്‍ക്ക് തിരിച്ചടി. യു.എസ്. വിദേശകാര്യ വകുപ്പിന്റെ പുതിയ സാമൂഹിക മാധ്യമ പരിശോധനാ നയം കാരണം ഇവരുടെ അപ്പോയിന്റ്‌മെന്റുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചതാണു പ്രതിസന്ധിയായത്. ഡിസംബര്‍ 15 നും 26 നും ഇടയില്‍ നിശ്‌ചയിച്ചിരുന്ന അപ്പോയിന്റ്‌മെന്റുകളാണ് യു.എസ്. അവധി ദിനങ്ങളുടെ പേരില്‍ മാറ്റിവെച്ചിരിക്കുന്നത്.
ഡിസംബര്‍ പകുതി മുതല്‍ അവസാനം വരെയുള്ള അഭിമുഖങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.നിരവധി പ്രമുഖ നിയമ സ്‌ഥാപനങ്ങള്‍ തങ്ങള്‍ക്ക് ഇത്തരത്തില്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പരാതിക്കാരുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 'ഇതുവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ഇതിനൊരു പരിഹാരമുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല' -ഇമിഗ്രേഷന്‍ അറ്റോര്‍ണി, വീണ വിജയ അനന്ത് വാഷിങ്‌ടണ്‍ പോസ്‌റ്റിനോട് പറഞ്ഞു.ഡെട്രോയിറ്റ് പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഒരാള്‍ വിവാഹാവശ്യത്തിനായി ഈ മാസം ഇന്ത്യയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ കോണ്‍സുലാര്‍ അപ്പോയിന്റ്‌മെന്റുകള്‍ ഡിസംബര്‍ 17 നും 23 നും നിശ്‌ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു. 'യു.എസ്. ദേശീയ സുരക്ഷയ്‌ക്കോ പൊതു സുരക്ഷയ്‌ക്കോ ഭീഷണിയാകുന്ന ഏതൊരാളും ഇല്ലെന്ന് ഉറപ്പാക്കുക' എന്ന ലക്ഷ്യത്തോടെയാണു പുതിയ സാമൂഹിക മാധ്യമ പരിശോധന. അതുകാരണമാണ് അഭിമുഖങ്ങള്‍ വൈകുന്നതെന്നു സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇമെയില്‍ വഴി ഇന്ത്യന്‍ ജീവനക്കാരെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.അമേരിക്കന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും യു.എസ്. വിസ റീഎന്‍ട്രി പ്രോസസിങ്ങില്‍ 'ഗണ്യമായ' കാലതാമസം ഉണ്ടാകുമെന്നും ഇത് 12 മാസം വരെ നീണ്ടുനില്‍ക്കാമെന്നും ടെക് ഭീമന്മാര്‍ ജീവനക്കാര്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് വിദേശയാത്ര ഒഴിവാക്കാന്‍ അമേരിക്കന്‍ ടെക് ഭീമന്മാരായ ഗൂഗിളും ആപ്പിളും ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.