-->
കോപ്പന്‍ഹേഗന്‍: സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശമായ ഗ്രീന്‍ലന്‍ഡിന്റെ പ്രതിനിധിയായി ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ ഡെന്‍മാര്‍ക്കിനു പ്രതിഷേധം. ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പദ്ധതികളെക്കുറിച്ചു ജെഫ് ലാന്‍ഡ്രി സംസാരിച്ചതും ഡെന്‍മാര്‍ക്കിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
യു.എസ്. നിലപാടില്‍ രോഷമുണ്ടെന്നു ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്ക് റാസ്‌മുസന്‍ പറഞ്ഞു. ഡെന്‍മാര്‍ക്കിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ അമേരിക്ക തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനും യു.എസ്. നീക്കത്തിനെതിരേ രംഗത്തെത്തി. ഡെന്‍മാര്‍ക്കിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിലകൊള്ളുമെന്നു സംഘടനയുടെ വക്‌താവ് അനൗര്‍ എല്‍ അനൗനി പറഞ്ഞു.
നാറ്റോയിലെ സഖ്യകക്ഷിയാണു ഡെന്‍മാര്‍ക്ക്. പക്ഷേ, ഗ്രീന്‍ലന്‍ഡ് നിയന്ത്രണത്തിലാക്കുമെന്ന ഭീഷണി മുഴക്കി ട്രംപ് ആ രാജ്യത്തെ പലതവണ പ്രകോപിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ലന്‍ഡ് സ്വയംഭരണാധികാരമുള്ളതാണെങ്കിലും ഡെന്‍മാര്‍ക്കിന്റെ ഭാഗമാണ്.സുരക്ഷാ കാരണങ്ങളാല്‍ ഗ്രീന്‍ലന്‍ഡ് ദ്വീപ് അമേരിക്കക്ക് ആവശ്യമാണെന്നാണു ട്രംപിന്റെ വാദം. അതു സ്വന്തമാക്കാന്‍ സൈനിക ശക്‌തി ഉപയോഗിക്കുന്ന കാര്യത്തില്‍ താന്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം മാര്‍ച്ചില്‍ പറഞ്ഞിരുന്നു. ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലന്‍ഡ് നേതാക്കള്‍ പലതവണ ഈ ആര്‍ട്ടിക് ദ്വീപ് വില്‍പ്പനക്കല്ലെന്നും അതിന്റെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.ഒരു ജനുവരിയിലെ അഭിപ്രായ സര്‍വേ പ്രകാരം, ഗ്രീന്‍ലന്‍ഡിലെ 57,000 ജനങ്ങളില്‍ ഭൂരിഭാഗവും ഡെന്‍മാര്‍ക്കില്‍നിന്നു സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.ലാന്‍ഡ്രിയെ ഞായറാഴ്‌ച രാത്രിയാണ് ട്രംപ് ഗ്രീന്‍ലന്‍ഡിനായുള്ള യു.എസ്. പ്രതിനിധിയായി നിയമിച്ചത്. ഗ്രീന്‍ലന്‍ഡ് തങ്ങളുടെ ദേശീയ സുരക്ഷക്ക് എത്രത്തോളം പ്രധാനമാണെന്ന് ലാന്‍ഡ്രിക്ക് അറിയാമെന്നും അദ്ദേഹം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ശക്‌തിയായി മുന്നോട്ട് കൊണ്ടുപോകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്‌റ്റ് ചെയ്‌തു.