-->
വാഷിങ്‌ടണ്‍: ആകാശ ഗോളങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ നാരങ്ങയുടെ ആകൃതിയിലുള്ള ഗ്രഹത്തിന്റെ പേരില്‍ തലപുകച്ച് ശാസ്‌ത്രജ്‌ഞര്‍. വ്യാഴത്തിന്റെ വലിപ്പമുള്ള ഗ്രഹത്തെ നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയാണു കണ്ടെത്തിയത്. പിഎസ്‌ആര്‍2322-2650ബി എന്ന് പേരിട്ടിരിക്കുന്ന ഈ വാതക ഭീമന്റെ ആകൃതിയായിരുന്നു ആദ്യ 'അത്ഭുതം'. മറ്റ് ഗ്രഹങ്ങളില്‍നിന്നു വ്യത്യസ്‌തമായി കാര്‍ബണ്‍, ഹീലിയം എന്നിവ അടങ്ങിയ അന്തരീക്ഷവും 'നാരങ്ങ' ഗ്രഹത്തിനുണ്ട്.
ഉയര്‍ന്ന താപനിലയുള്ള പിഎസ്‌ആര്‍2322-2650ബിയുടെ അന്തരീക്ഷത്തില്‍ മേഘങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ബണ്‍ അടങ്ങിയ മേഘങ്ങള്‍ ഗ്രഹത്തിലേക്ക് വജ്രങ്ങളായി പതിക്കുന്നു. (ഭൂമിയില്‍ മഴ പെയ്യുന്നതു പോലെ അവിടെ പെയ്‌തിറങ്ങുന്നത് വജ്രമാണ്).
ഗ്രഹത്തിന്റെ അസാധാരണ ഘടനയ്‌ക്ക് കാരണം അതു സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നില്ല എന്നതാണെന്നാണു ഗവേഷകര്‍ പറയുന്നത്. പകരം, അത് പള്‍സര്‍ എന്നറിയപ്പെടുന്ന ഒരുതരം ന്യൂട്രോണ്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. വളരെ പിണ്ഡമേറിയ നക്ഷത്രങ്ങളാണു ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. സൂര്യന്‍ ഒരു ന്യൂട്രോണ്‍ നക്ഷത്രമായിരുന്നെങ്കില്‍ പിണ്ഡം ഒരു നഗരത്തിന്റെ വലുപ്പത്തിലേക്ക് ചുരുങ്ങുമായിരുന്നു. ഭൂമിയില്‍നിന്ന് 750 പ്രകാശവര്‍ഷം അകലെ സ്‌ഥിതി ചെയ്യുന്ന ഈ പള്‍സറില്‍നിന്നു ഗാമാ രശ്‌മികള്‍ നിരന്തരം പിഎസ്‌ആര്‍2322-2650ബിയിലേക്കു പതിക്കുന്നുണ്ട്. അതാണു സവിശേഷ 'നാരങ്ങ' രൂപത്തിനു കാരണമെന്നാണ് ഒരു നിഗമനം.
നാരങ്ങ നക്ഷത്രത്തില്‍ കൊടുംചൂടാണ്. പകല്‍ 2,030 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ 650 ഡിഗ്രി സെല്‍ഷ്യസുമാണു താപനില.
സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയ 6,000 ഗ്രഹങ്ങളില്‍ ന്യൂട്രോണ്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഒരേയൊരു വാതക ഭീമനാണു പിഎസ്‌ആര്‍2322-2650ബി. സാധാരണ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ അവയുടെ സമീപത്തുള്ള ഗ്രഹങ്ങളെ ഗുരുത്വാകര്‍ഷണം കൊണ്ട് വലിച്ചുകീറുകയോ ശക്‌തമായ വികിരണങ്ങള്‍ കൊണ്ട് ഇല്ലാതാക്കുകയോ ചെയ്യും. പിഎസ്‌ആര്‍2322-2650ബി അതിന്റെ നക്ഷത്രത്തിന് വളരെ അടുത്താണ് സ്‌ഥിതി ചെയ്യുന്നത്. നക്ഷത്രത്തില്‍നിന്നു വെറും 16 ലക്ഷം കിലോമീറ്റര്‍ അകലെയാണു സ്‌ഥാനം. (ബുധനും സൂര്യനും തമ്മിലുള്ള അകലം 5.71 കോടി കിലോമീറ്ററാണ്).
നാരങ്ങാ ഗ്രഹത്തിനു മാതൃനക്ഷത്രത്തെ ചുറ്റാന്‍ 7.8 മണിക്കൂര്‍ മാത്രം മതിയാകും. അവിടുത്തെ ഒരു വര്‍ഷം 7.8 മണിക്കൂറാണെന്നു ചുരുക്കം. ഈ ഗ്രഹത്തെ അസാധാരണമാക്കുന്നത് അതിന്റെ അന്തരീക്ഷത്തിന്റെ ഘടനയാണ്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത ഒരു പുതിയതരം ഗ്രഹ അന്തരീക്ഷമാണ് അവിടെയുള്ളതെന്നു യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ഡോ. മൈക്കിള്‍ ഷാങ് പറഞ്ഞു.
ഭൂമിയിലെ സാധാരണ തന്മാത്രകളായ വെള്ളം, മീഥേന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് എന്നിവ കണ്ടെത്തുന്നതിന് പകരം, ഗവേഷകര്‍ തന്മാത്രാ കാര്‍ബണ്‍, പ്രത്യേകിച്ച് കാര്‍ബണ്‍3, കാര്‍ബണ്‍2 എന്നിവയാണ് അവിടെ കണ്ടെത്തിയത്. അത് ശാസ്‌ത്രജ്‌ഞര്‍ക്ക് അത്ഭുതമാണ്. കാരണം ഗ്രഹത്തിലെ ഉയര്‍ന്ന താപനിലയില്‍, കാര്‍ബണ്‍ അന്തരീക്ഷത്തിലെ മറ്റേതെങ്കിലും ആറ്റങ്ങളുമായി കൂടിച്ചേരണം. അതുകൊണ്ട്, ഓക്‌സിജനോ നൈട്രജനോ ഇല്ലെങ്കില്‍ മാത്രമേ തന്മാത്രാ കാര്‍ബണ്‍ പ്രബലമാകൂ. ഏകദേശം 150 ഗ്രഹങ്ങളില്‍ ശാസ്‌ത്രജ്‌ഞര്‍ വിശദമായി വിശകലനം ചെയ്‌തതില്‍, ഒന്നിന്റെ അന്തരീക്ഷത്തിലും തന്മാത്രാ കാര്‍ബണ്‍ അടങ്ങിയിട്ടില്ല. ഇത്രയും വിചിത്രമായ ഒരു ഗ്രഹം എങ്ങനെ രൂപപ്പെട്ടു എന്ന് ശാസ്‌ത്രജ്‌ഞര്‍ക്ക് ഇപ്പോഴും ശരിക്കും അറിയില്ല.
നക്ഷത്രത്തിന്റെ പുറംപാളികള്‍ നീക്കം ചെയ്‌തതുവഴി ഈ ഗ്രഹം രൂപപ്പെട്ടിരിക്കാന്‍ സാധ്യതയില്ല, കാരണം നക്ഷത്രങ്ങളുടെ കാമ്പുകളിലെ ആണവ പ്രതിപ്രവര്‍ത്തനങ്ങള്‍ ശുദ്ധമായ കാര്‍ബണ്‍ ഉണ്ടാക്കുന്നില്ല. 'ഈ കാര്‍ബണ്‍ സമൃദ്ധമായ ഘടന എങ്ങനെ ലഭിച്ചു എന്ന് സങ്കല്‍പ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇത് നിലവിലുള്ള എല്ലാ രൂപീകരണ സംവിധാനങ്ങളെയും തള്ളിക്കളയുന്നു.'- ഡോ. ഷാങ് പറഞ്ഞു.
നിലവില്‍, ഗവേഷകരുടെ നിഗമനം, ഗ്രഹം തണുത്തപ്പോള്‍ കാര്‍ബണും ഓക്‌സിജനും അതിന്റെ ഉള്ളില്‍ സ്‌ഫടീകരിച്ചു എന്നാണ്.