-->
മോസ്‌കോ: അധികാരം നഷ്‌ടപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഡോക്‌ടര്‍ ജോലി പുനരാരംഭിച്ച് സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. വിമത കലാപത്തെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണു അദ്ദേഹം സിറിയന്‍ പ്രസിഡന്റ് സ്‌ഥാനം ഉപേക്ഷിച്ച് മോസ്‌കോയിലേക്ക് ഒളിച്ചോടിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണ് അദ്ദേഹത്തിന് അഭയം നല്‍കിയത്.
മോസ്‌കോയില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റിലും വില്ലയിലുമായിട്ടാണു താമസം. ആദ്യ ദിവസങ്ങളില്‍ പ്ലേസ്‌റ്റേഷന്‍ ഗെയിമുകള്‍ കളിച്ചാണ് അദ്ദേഹം സമയം ചെലവിട്ടത്. പിന്നീട് റഷ്യന്‍ ഭാഷ പഠിച്ചു. സിറിയയില്‍ അധികാരമേല്‍ക്കും മുമ്പ് നേത്രരോഗ വിദഗ്‌ധനായിരുന്നു ബാഷര്‍ അല്‍ അസദ്. ഇനി ഡോക്‌ടറെന്ന നിലയില്‍ പ്രവര്‍ത്തിക്കാനാണു തീരുമാനം.
റഷ്യയിലെത്തിയ അദ്ദേഹം ആദ്യദിവസങ്ങളില്‍ മോസ്‌കോയിലെ 1000 ചതുരശ്രയടി വിസ്‌തീര്‍ണമുള്ള ഒരു ലക്ഷ്വറി ഫ്ലാറ്റിലാണു താമസിച്ചിരുന്നത്. 60 വയസുള്ള അദ്ദേഹത്തിനു മോസ്‌കോയുടെ ഹൃദയഭാഗത്തുള്ള വാണിജ്യ കേന്ദ്രമായ മോസ്‌കോ സിറ്റി ജില്ലയിലെ ആഡംബര ഹൈറൈസ് ബില്‍ഡിങ്ങില്‍ മൂന്ന് അപ്പാര്‍ട്ട്‌മെന്റുകളും സ്വന്തമായുണ്ട്. ഈ സ്‌കൈസ്‌പ്പര്‍ പെന്റ്‌ഹൗസ് പഴയ യൂറോപ്യന്‍ കൊട്ടാരങ്ങളെ അനുസ്‌മരിപ്പിക്കുന്നവയാണ്. ഏകദേശം 270 കോടി രൂപ മൂല്യമുള്ള 20 അപ്പാര്‍ട്ട്‌മെന്റുകള്‍ അസദ് കുടുംബത്തിന്റെ ഉടമസ്‌ഥതയിലുണ്ട്.
ഈ ആഡംബര സമുച്ചയം ഒരു ഷോപ്പിങ് മാളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അദ്ദേഹം ചിലപ്പോള്‍ ഷോപ്പിങ് മാള്‍ സന്ദര്‍ശിക്കാറുണ്ട്. 'അദ്ദേഹമിപ്പോള്‍ റഷ്യന്‍ ഭാഷ പഠിക്കുകയും വീണ്ടും നേത്രരോഗചികിത്സ നടത്തുകയുമാണ്. ചികിത്സ ബാഷര്‍ അല്‍ അസദിന് ഇഷ്‌ടമാണ്. അദ്ദേഹത്തിന് പണം ആവശ്യമില്ല. സിറിയയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഡമാസ്‌കസിലെ തന്റെ ആശുപത്രിയില്‍ അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നു'- അദ്ദേഹത്തിന്റെ കുടുംബസുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
1990കളുടെ തുടക്കത്തില്‍ ലണ്ടനില്‍ ബാഷര്‍ അല്‍ അസദ് നേത്രരോഗചികിത്സയില്‍ പരിശീലനം നേടിയിരുന്നു. എന്നാല്‍, 1994-ല്‍ അദ്ദേഹത്തിന്റെ സഹോദരന്റെ അപ്രതീക്ഷിത മരണം കാരണം നാട്ടിലേക്കു മടങ്ങേണ്ടിവന്നു. അതിനുശേഷം അദ്ദേഹം സൈനിക അക്കാദമിയില്‍ പ്രവേശിക്കുകയും രാജ്യത്തലവനായി മാറുകയും ചെയ്‌തു. ഇപ്പോള്‍ ബാഷര്‍ അല്‍ അസദ് തന്റെ ദിവസങ്ങളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ കളിച്ചാണു ചെലവഴിക്കുന്നത്.
മോസ്‌കോയിലും റഷ്യന്‍ തലസ്‌ഥാനത്തിന് പുറത്തുള്ള തന്റെ വില്ലയിലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ അദ്ദേഹത്തിന് അനുവാദമുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഒരു സ്വകാര്യ സുരക്ഷാ സ്‌ഥാപനത്തിലെ അംഗരക്ഷകരെ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. 'പുറംലോകവുമായി അദ്ദേഹത്തിനു കാര്യമായ ബന്ധമില്ല. മുന്‍മന്ത്രി മാന്‍സൂര്‍ അസാം, മുന്‍ സാമ്പത്തിക ഉപദേഷ്‌ടാവ് മെന്റും യാസര്‍ ഇബ്രാഹിം എന്നിവര്‍ പോലുള്ള ഒന്നോ രണ്ടോ ആളുകളുമായി മാത്രമേ അദ്ദേഹം ബന്ധപ്പെട്ടിട്ടുള്ളൂ'- കുടുംബ സുഹൃത്ത് പറഞ്ഞു. സിറിയയുടെ മുന്‍ പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹത്തിനു കാര്യമായ പരിഗണന ലഭിക്കാറില്ല. അദ്ദേഹത്തെ സ്വാധീനമുള്ള വ്യക്‌തിയായി പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പരിഗണിക്കുന്നില്ല. പുടിന്‍ നടത്തുന്ന വിരുന്നുകളില്‍ ബാഷര്‍ അല്‍ അസദിന് ഇപ്പോള്‍ ക്ഷണമുണ്ടാകാറില്ല. അദ്ദേഹത്തിന്റെ ഭാര്യ അസ്‌മ അല്‍അസദ് ക്യാന്‍സര്‍ ചികിത്സയിലാണ്. ആണ്‍മക്കളായ ഹാഫെസ് (24), കരീം (21), മകള്‍ സീന്‍ (22 ) എന്നിവരോടൊപ്പവുമാണ് അദ്ദേഹം താമസിക്കുന്നത്. ലണ്ടനില്‍ ജനിച്ച അസ്‌മ 2000ലാണു ബാഷര്‍ അല്‍ അസദിനെ വിവാഹം ചെയ്‌തത്.
ബാഷര്‍ അല്‍ അസദിന്റെ ഇളയ സഹോദരന്‍ മാഹര്‍ മോസ്‌കോയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലാണു താമസിക്കുന്ന്. മദ്യപിച്ചും ഹുക്ക വലിച്ചുമാണ് അദ്ദേഹം സമയം ചെലവിടുന്നതത്രേ. സെപ്‌റ്റംബര്‍ അവസാനം വിഷബാധയേറ്റ് അസദ് ആശുപത്രിയിലായി എന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത റഷ്യ നിഷേധിച്ചു.