-->
വാഷിങ്‌ടണ്‍: ടെസ്‌ല, സ്‌പേസ്‌എക്‌സ്, എക്‌സ്(ട്വിറ്റര്‍) തുടങ്ങിയ കമ്പനികളുടെ സി.ഇ.ഒ. ആയ എലോണ്‍ മസ്‌കിന്റെ ആസ്‌തി 700 ബില്യണ്‍ ഡോളര്‍(ഏകദേശം 62 ലക്ഷം കോടി രൂപ) പിന്നിട്ടു. ഇപ്പോള്‍ മസ്‌കിന്റെ ആസ്‌തി 749 ബില്യണ്‍ ഡോളറാണെന്നു ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. ഇതു റെക്കോഡാണ്.
ഡെലാവേര്‍ സുപ്രീം കോടതി ടെസ്‌ലയുടെ ഓഹരി ഓപ്‌ഷനുകള്‍ 139 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ പുനഃസ്‌ഥാപിച്ചതിനെത്തുടര്‍ന്നാണു മസ്‌കിന്റെ ആസ്‌തിയില്‍ കുതിപ്പുണ്ടായത്. 2018ലെ മസ്‌കിന്റെ ശമ്പള പാക്കേജ് 56 ബില്യണ്‍ ഡോളറിന്റേതായിരുന്നു(ഏകദേശം 5 ലക്ഷം കോടി രൂപ). ഇതും ഡെലാവേര്‍ സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു.
കഴിഞ്ഞ നവംബറില്‍, ടെസ്‌ല ഓഹരി ഉടമകള്‍ മസ്‌കിന് ഒരു ലക്ഷം കോടി ഡോളര്‍ ശമ്പള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശമ്പള പാക്കേജാണ്. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച്, ലോകത്തിലെ രണ്ടാമത്തെ ധനികനായ ഗൂഗിള്‍ സഹസ്‌ഥാപകന്‍ ലാറി പേജിനെക്കാള്‍ ഏകദേശം 500 ബില്യണ്‍ ഡോളര്‍ കൂടുതലാണ് ഇപ്പോള്‍ മസ്‌കിന്റെ ആസ്‌തി.