Wednesday, March 11, 2026 Last Updated 55 Min 56 Sec ago English Edition
Todays E paper
Ads by Google
ജിനേഷ് പൂനത്ത്
ജിനേഷ് പൂനത്ത്
Sunday 21 Dec 2025 03.41 PM

‘എങ്ങനെ പോകുന്നു പ്രഭാകരാ തന്റെ കള്ളക്കടത്തും കൊലപാതകവുമോക്കെ ’.. പകരം വെയ്ക്കാനുള്ളത് കുഞ്ചൻ നമ്പ്യാർ മാത്രം, ശ്രീനിയുടെ ലോകവും ചിരി ചൊല്ലുകളും

മലയാള സിനിമയിൽ ഇനിയും സൂപ്പർസ്റ്റാറുകളും സൂപ്പർ സംവിധായകരും രൂപപ്പെട്ടേക്കാം. എന്നാൽ മറ്റൊരു ശ്രീനിവാസൻ ഉണ്ടാവില്ല. ശ്രീനിയുടെ വഴി അയാളുടെത് മാത്രമായിരുന്നു. എന്തിന് ഇത്രേം നേരത്തെ പോയെന്ന് മലയാളി വിലപിക്കുന്നതും ഇതുകൊണ്ട് തന്നെ
uploads/news/2025/12/817123/Sreenivasan4.jpg

''പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...!'' മാതാപിതാക്കൾക്കൊപ്പം തീൻമേശയ്ക്കരികിലിരിക്കവേ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രവർത്തകരായ സഹോദരങ്ങളുടെ കലഹത്തിനിടെയാണ്, സന്ദേശം എന്ന സിനിമയിൽ ഈ ഡയലോഗിന്റെ പിറവി. സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച് ശ്രീനിവാസൻ തിരക്കഥയെഴുതി 1991 ൽ റിലീസ് ചെയ്ത 'സന്ദേശം' എന്ന സിനിമയിലെ ഡയലോഗുകളിൽ പലതും കാലാതിവർത്തിയായി ഇന്നും, രാഷ്ട്രീയ സന്ദർഭങ്ങൾക്കൊത്തുള്ള പ്രയോഗങ്ങളിലും ട്രോളുകളിലും സൂപ്പർ ഹിറ്റ്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും സന്ദേശത്തോട് കിടപിടിക്കാവുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവില്ലെന്നും നിസംശയം പറയാം; ശ്രീനി ഇനിയില്ലെന്ന് തന്നെ കാരണം..!

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസ്റ്റ് രാജ്യങ്ങളൊക്കെ ഒന്നൊന്നായി തകരുകയും കമ്യൂണിസ്റ്റ് ഇരുമ്പുമറ പൊട്ടിയടർന്ന് ഭരണകൂട ഭീകരത ഒന്നൊന്നായി പുറത്തറിഞ്ഞ് ലോകം നടുങ്ങവേയാണ് കൊച്ചു കേരളത്തിലെ ഒരു മധ്യവർഗ വീട്ടിലെ തീൻ മുറിയിൽ ഇത്തരമൊരു ഡയലോഗ് തികഞ്ഞ അസ്വസ്ഥതയോടെ ഉയരുന്നത്. കംപോഡിയ അടക്കമുള്ള രാജ്യങ്ങളുടെ അവസ്ഥ വിവരിച്ച് വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന സഹോദരൻ പോളണ്ടിലേക്ക് കടന്ന ഉടനെയാണ് ഇടതുപക്ഷ പ്രവർത്തകനായ സഹോദരന്റെ വിലക്ക്. മറ്റെല്ലാം സഹിച്ചു; ഇനിയും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ രഹസ്യ ചുരുളുകൾ അഴിക്കരുതെന്ന വിലക്കാണ്, മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായിരുന്ന പോളണ്ടിനെ കുറിച്ച് കേട്ടപ്പാടെ ഉയർന്ന പ്രതിഷേധം.
താത്വിക അവലോകനത്തിലൂടെ, ആർക്കും ഒന്നും മനസിലാകാത്ത വിധം പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തിയിരുന്ന രാഷ്ട്രീയ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ പകർപ്പായിരുന്നു, സന്ദേശത്തിൽ ശങ്കരാടി അവതരിപ്പിച്ച കുമാരപിള്ള. കാലമേറെ കഴിഞ്ഞെന്നാലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല വിശകലനം പോലും താത്വിക അവലോകനമാക്കി മാറ്റിയ നേതാക്കളിലൂടെ സന്ദേശത്തിന്റെ കാലാന്തര പ്രസക്തി കേരളമറിയുന്നു. കട്ടൻ ചായയും പരിപ്പുവടയും ഊർജമാക്കി താത്വിക അവലോകനത്തിലൂടെ പാർട്ടി ക്ലാസ് നയിക്കുകയും പ്രവർത്തന പദ്ധതി രൂപപ്പെടുത്തുകയും ചെയ്യുമ്പോഴും കുമാരപിള്ള സാർ, എതിർപക്ഷത്തെ തകർക്കാനുള്ള പ്രയോഗിക ആയുധമായി ഉപദേശിക്കുന്നത്, യുവാക്കളെ പെണ്ണ് കേസിൽ കുടുക്കാനാണ്. അവിടുന്നിങ്ങോട്ടുള്ള കേരള രാഷ്ട്രീയത്തിലെ വൻ വീഴ്ചകളെല്ലാം തന്നെ സ്ത്രീ വിഷയുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവിലടക്കമാണ്, ശ്രീനിവാസൻ എന്ന ജീനിയസ് അടയാളപ്പെടുത്തപ്പെടുന്നതും.

''നമ്മൾ എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറഞ്ഞാൽ എന്താ ''ണെന്ന് കുമാരപിള്ള സാറിനോട് ചോദിക്കുന്ന ഉത്തമന്റെ മാനസികാവസ്ഥയാണ് തിരക്കഥയിൽ ശ്രീനിവാസനും പിന്തുടർന്നത്. എത്ര വലിയ പ്രതിസന്ധിയ്ക്കും ലളിതമായി പരിഹാരം കണ്ടെത്തുകയും ആ ലാളിത്യം സാധാരണക്കാരായ മലയാള സിനിമാ പ്രേക്ഷകരിലേക്ക് കൃത്യമായി കണക്ട് ചെയ്യുകയും ചെയ്തതിലൂടെയാണ് ശ്രീനിവാസന്റെ സിനിമകൾക്കായി ആസ്വാദക ലോകം കാത്തിരുന്നത്. മലയാളിയുടെ പൊതു രാഷ്ട്രീയ സാഹചര്യവും വീക്ഷണവും, സാമൂഹ്യ ജീവിതം, കുടുംബ ബന്ധം, സൗഹൃദമടക്കമുള്ള തലങ്ങളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത് കൃത്യമായ ധാരണയിലെത്തിയെന്നതാണ് ശ്രീനിവാസനെ ജീനിയസാക്കുന്നത്. നൂറ് വർഷത്തെ മലയാളി ജീവിതം മാത്രമല്ല വരാനിരിക്കുന്ന അരനൂറ്റാണ്ടിലെ മലയാളി ജീവിതമെങ്ങിനെയെന്നതിൽപോലും അദ്ദേഹം കൃത്യമായ ധാരണയിലെത്തി. സിനിമയിലെ ഡയലോഗുകൾ പിറന്ന്, പതിറ്റാണ്ടുകൾ പിന്നിട്ട് നിലവിൽ രൂപപ്പെടുന്ന രാഷ്ട്രീയ - സാമൂഹിക സന്ദർഭങ്ങളിൽ പോലും കൃത്യതയോടെ ഉപയോഗിക്കാൻ സാധിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

കമ്യൂണിസ്റ്റ് ആശയത്തിലുള്ള അഗാധമായ പരിജ്ഞാനവും അതിനപ്പുറം നല്ല മനുഷ്യനാകാനുള്ള പരിശ്രമവുമാണ് ശ്രീനിവാസന്റെ രാഷ്ട്രീയാക്ഷേപ ഹാസ്യ സിനിമകളിൽ കാണാൻ സാധിക്കുന്നത്. ''ഓ അച്ഛനായിരുന്നോ, ഞാന്‍ കരുതി ഏതോ കുത്തക മുതലാളിയായിരിക്കുമെന്ന്!''. എന്ന ഡയലോഗിൽ മുതലാളിത്വത്തോട് പുലർത്തി പോന്ന ആദ്യകാല കമ്യൂണിസ്റ്റിന്റേയും അതിൽ നിന്ന് പാടെ മാറി സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പുതുകാല കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റേയും അന്തരവും വ്യാഖ്യാനിക്കാം. "ഒരു രക്തഹാരം ഇങ്ങോട്ട്, ഒരു രക്തഹാരം ഇങ്ങോട്ട്"- എന്ന രീതിയിലുളള കമ്യൂണിസ്റ്റ് കല്യാണങ്ങൾക്ക് മേൽ കാലം വരുത്തിയ മാറ്റവും സമകാലികതയിൽ ചർച്ചയ്ക്ക് വിധേയം.

കഥാപരിസരങ്ങളിലൂടെ വിദഗ്ദമായി സഞ്ചരിച്ച് കഥാപാത്രങ്ങളിലൂടെ കടുത്ത കമ്യൂണിസ്റ്റ് വിമർശനം ചൊരിഞ്ഞ ശ്രീനിവാസനോട് സന്ധിചെയ്യാൻ ഇടതുപക്ഷ നേതാക്കൾ അവസാനഘട്ടം വരെ തയ്യാറായിരുന്നില്ലെങ്കിലും ഏറ്റുമുട്ടലിന് തുനിഞ്ഞില്ല. സൂപ്പർ താരങ്ങൾക്ക് നേരെ പോലും ആക്ഷേപഹാസ്യത്തിന്റെ വിമർശന ശരങ്ങളെയ്ത ശ്രീനിവാസനെതിരേ സിനിമാ ലോകത്ത് നിന്നും ആരും ഏറ്റുമുട്ടലിനിറങ്ങിയില്ല. ശ്രീനിവാസന് മുന്നിൽ കൗണ്ടറില്ലാതെ പരിഹാസ്യരാകുമെന്ന ഉൾഭയം തന്നെയായിരുന്നു ഇതിന് കാരണമെന്നത് വ്യക്തം.
ശ്രീനിവാസനെ അരാഷ്ട്രീയവാദി എന്ന് വിശേഷിപ്പിച്ച് മാത്രം കമ്യൂണിസ്റ്റ് രാഷ്ട്രീയം അരിശം തീർത്തു.

പണിക്ക് പോകാതെ അലസമായി കഴിയാൻ ഇഷ്ടപ്പെടുന്ന തലമുറ രൂപപ്പെട്ട ഇടക്കാലത്താണ് ശ്രീനിവാസൻ ചിന്താവിശിഷ്ടയായ ശ്യാമളയുമായെത്തിയത്. അലസജീവിതത്തിനായി ഭക്തിയെ കൂട്ടുപിടിച്ച നായകന്റെ, നിരുത്തരവാദപരമായ ജീവിതം സ്വന്തം പിഞ്ചുകുഞ്ഞുങ്ങൾ പോലും തിരിച്ചറിയുമ്പോഴാണ്, ''അയ്യോ അച്ചാ പോകല്ലെ ''...യെന്ന നിർവ്വികാരിക ഡയലോഗ് പിറക്കുന്നതും. വ്രതാനുഷ്ഠാനങ്ങളുടെ പ്രത്യേകതയാലാകാം ശബരിമല യാത്രയും തുടർന്നുള്ള നാളുകളുമാണ് നായകന്റെ ഭക്തിയിലേക്കുള്ള പ്രവേശനത്തിനായി സ്വീകരിച്ചതെങ്കിലും, പോറ്റിയും സ്വർണ്ണ പാളി മോഷണവുമടക്കം ചർച്ച ചെയ്യപ്പെടുന്ന സമകാലികതയിലും ശബരിമല തന്നെ മുന്നണി രാഷ്ട്രീയത്തിന് പിടിവള്ളിയും കുരുക്കും..!

''തൃഛംബരം ക്ഷേത്രത്തിൽ രഹസ്യമായി പോകുന്ന '' കമ്യൂണിസ്റ്റ് നേതാവ് അന്നും ഇന്നും ഒട്ടേറെ മുഖങ്ങളിലൂടെ അടയാളപ്പെടുത്തപ്പെടുന്നു. രഹസ്യങ്ങൾ പരസ്യമായി തുടങ്ങിയപ്പോഴാണ് വിശ്വാസികൾക്കും പാർട്ടി അംഗങ്ങളാകാം എന്ന ഉദാരതയിലേക്ക് നേതൃത്വമെത്തിയതും. തല ഉത്തരേന്ത്യയിലായ വലതുപക്ഷ രാഷ്ട്രീയത്തിനാകട്ടെ, വലിയ ഗോസായി നേതാക്കളുടെ ആഗമനം സൃഷ്ടിക്കുന്ന അമ്പരപ്പും അറിവില്ലായ്മയാൽ പ്രകടിപ്പിക്കുന്ന അടിമത്ത മനോഭാവവുമാണ് ''യശ്വന്ത് സഹായി''യുടെ സന്ദർശനത്തിലൂടെ വ്യക്തമാക്കുന്നത്. നാരിയൽ കാ പാനി (ഇളനീർ ) യെന്ന സഹായിയുടെ ആവശ്യത്തെ നാരി (സ്ത്രീ)യായി തെറ്റിധരിക്കുന്ന അണികൾ..! വാസ്തവമറിഞ്ഞതോടെ ഒരിറ്റ് ഇളനീരിനായി പർക്കം പാഞ്ഞ് സ്വയം നാണം കെടുന്ന അണികൾ..! വലതു പക്ഷ ദേശീയ നേതാവിന്റെ ഇളനീർ ദാഹം തീർക്കാൻ പ്രാദേശിക നേതൃത്വമാകെ തെങ്ങിൽ..!

സംശയരോഗമെന്ന മാനസികാവസ്ഥയെ നർമത്തിൽ ചാലിച്ച് അവതരിപ്പിച്ച ''വടക്കും നോക്കിയന്ത്രം '' എന്ന സിനിമയിലെ ഡയലോഗുകൾ ഇന്നും ട്രോളുകളിൽ ഹിറ്റാണ്. ''ഹ..ഹ..ഹ... ശോഭ ചിരിക്കുന്നില്ലേ ''യെന്ന ഒരൊറ്റ ഡയലോഗിലൂടെ അടയാളപ്പെടുത്തപ്പെടുന്നത് അന്തർമുഖത്വ - സംശയസമീപനങ്ങളെ ആകമാനമാണ്.

''അച്ഛൻ എപ്പോൾ വന്നു !! വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ" എന്നത് ഏതെങ്കിലും ഒരു സിനിമയിലെ സ്വഭാവിക സംഭാഷണമായി കണ്ടാൽ ചിരിയല്ല; ഗൗരവമാണ് ധ്വനിക്കുക. സ്വന്തം അമ്മായിഅച്ഛന്റെ തല അടിച്ചുപൊട്ടിച്ച ശേഷമാണ് ഒരാൾ ഇങ്ങനെ ചോദിക്കുന്നതെന്നിരിക്കെയാണ് മലയാളിക്ക് പൊട്ടിച്ചിരി അടക്കാൻ സാധിക്കാതെ വരുന്നതും. ഇങ്ങനെയൊക്കെ ചിന്തിക്കാനും എഴുതാനും ശ്രീനിവാസന് മാത്രമേ കഴിയുകയുള്ളൂവെന്നിടത്താണ് അദ്ദേഹത്തിന്റെ പ്രസക്തിയും.

ഹൈദരലി മരയ്ക്കാരെ പോലുള്ള ഭയാനക വില്ലൻമാർ മലയാള സിനിമയിൽ ആക്രോശം തീർക്കുമ്പോഴാണ് പ്രഭാകരൻ തമ്പിയേയും അനന്തൻ നമ്പ്യാരേയും പവനായിയേയും പോലുള്ള ഹാസ്യാത്മക വില്ലൻമാരെ ശ്രീനിവാസൻ സൃഷ്ടിച്ചത്. പി.പി.നാരായണൻ നിലനിൽപ്പിനായി പവനായി എന്ന പേര് സ്വീകരിച്ച്, തോക്കുമായെത്തി, ''എന്നെയങ്ങ് കൊല്ല് '' എന്നു പറയുമ്പോൾ കണ്ട് ശീലിച്ചതും കേട്ട് പഴകിയതുമായ വില്ലൻ പാത്ര സങ്കൽപ്പങ്ങളാണ് തകർന്ന് വീണത്. എത്ര വലിയ പരാജയങ്ങളേയും രസകര അനുഭവമാക്കി, സമ്മർദ രഹിതമാക്കാൻ, 'എന്തൊക്കെയായിരുന്നു... മലപ്പുറം കത്തി... അമ്പും വില്ലും...'' എന്ന ഡയലോഗ് ഓർമയ്ക്ക് സാധിക്കുകയും ചെയ്യുന്നു.

" എങ്ങനെ പോകുന്നു പ്രഭാകരാ തന്റെ കള്ളക്കടത്തും കൊലപാതകവുമോക്കെ "..

" ഓഹ് വലിയ കുഴപ്പമില്ല..താൻ ജയിലിൽ ആയപ്പോ ഞാൻ ഇടുക്കിയിൽ ആയിരുന്നു. അവിടെ നമ്മുടെ പുതിയ കഞ്ചാവ് തോട്ടത്തിന്റെ പണി നടക്കുകയാണ് "
കൊടും കള്ളക്കടത്തുകാരായ പ്രഭാകരൻ തമ്പിയും അനന്തൻ നമ്പ്യാരും തമ്മിലുള്ള സംഭാഷണ ശകലമാണിത്. ശ്രീനിവാസന്റെ ലോകത്തെ കള്ളക്കടത്ത് സംഘത്തലവൻമാർ മാത്രമേ ഇങ്ങനെയൊക്കെ സംസാരിക്കുകയുള്ളൂവെങ്കിലും മലയാളി മനം നിറഞ്ഞ് ഇവയൊക്കെ ആസ്വദിച്ചു. "എൻ്റെ പ്രിയ സുഹൃത്ത് ചാൾസ് ശോഭരാജിൽ പോലും ഞാനിത്ര ധൈര്യം കണ്ടിട്ടില്ല!" - മുംബൈയിലെ ദാദയായി അവതരിക്കുന്ന മറ്റൊരു കഥാപാത്രത്തിന്റെ ഡയലോഗാണിത്.
"ബികോം സിഐഡി, പ്രിഡിഗ്രി സിഐഡി എന്നൊരു വ്യത്യാസമില്ല; നമ്മൾ രണ്ടു പേരും സിഐഡിമാർ തന്നെ!" - കൊള്ളക്കാരെ പിടിക്കാൻ രംഗത്തിറങ്ങിയ രണ്ട് സി.ഐ.ഡി.കൾക്കിടയിലെ ഈഗോ സൂചിപ്പിക്കാൻ ശ്രീനി രചിച്ച സംഭാഷണ ശകലമാണിത്.
ശ്രീനിവാസൻ തിരക്കഥയൊരുക്കിയ ഒരു മറവത്തൂർ കനവ് എന്ന സിനിമയിലെ 'കോരസാർ' എന്ന കഥാപാത്രം ഒരു ഫ്രെയിമിൽ പോലും വരുന്നില്ലെങ്കിലും പ്രേക്ഷകന് കഥാപാത്രം ചിരപരിചിതമാക്കി തീർക്കുന്നിടത്താണ് അദേഹത്തിന്റെ കഴിവ്. കോരസാറിലൂടെ ഉദേശിക്കുന്നത് കെ.എം.മാണിയെയാണെന്നും പ്രേക്ഷകന് വ്യക്തം.
രാഷ്ട്രീയകൊലപാതകങ്ങൾ ക്രിമിനലിസമല്ലെന്ന് ബോധപൂർവം സമർത്ഥിക്കുന്ന സമകാലിക നേതൃത്വങ്ങൾ രക്തസാക്ഷികളുടെ എണ്ണത്തിൽ അഭിമാനം കൊള്ളുമ്പോഴാണ്, ''ഈ മൃതദേഹം മറ്റാരുടേതുമല്ല; മരിച്ചാളുടേതാണ് '' എന്ന ഡയലോഗിൽ കാലാന്തരം പ്രകടമാകാതെ പോകുന്നതും. ''പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നവർ തമ്മിലുള്ള അന്തർധാരകൾ '' രാഷ്ട്രീയ കേസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇപ്പോഴും ഉയർന്നു കേൾക്കാറുമുണ്ട്.
ബിസിനസിലെ പരാജയവും ബ്രാന്റ് പ്രാധാന്യവും ചർച്ചയാക്കിയാണ് മിഥുനം സിനിമയിൽ ബിസ്ക്കറ്റ് കമ്പനിക്ക് ദാക്ഷായണിയെന്ന പേര് നൽകിയത്.
"ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല; അതു കൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും അറിയില്ല!'' എന്ന മറ്റൊരു സിനിമയിൽ ശ്രീനിയെഴുതിയ ഹാസ്യ സംഭാഷണ ശകലത്തിൽ പരമ്പരാഗത അറിവിന്റെ പൊരുളും കരുത്തുമാണ് പടരുന്നത്. തിരക്കിട്ട് എഴുതുന്നത് തന്നെയായിരുന്നു ശ്രീനിക്ക് തിരക്കഥ. "ഇപ്പൊ ശരിയാക്കിത്തരാം!" എന്ന മട്ട്..
പാരഡി ഗാനത്തിൽ പോലും കേസെടുക്കുന്ന സാഹചര്യത്തിൽ വേണം മൂന്നര പതിറ്റാണ്ട് മുന്നേ സന്ദേശത്തിലൂടെയടക്കം ശ്രീനിവാസൻ ഉയത്തിയ ആക്ഷേപ ഹാസ്യ വിമർശനങ്ങളെ വിലയിരുത്താൻ. "മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ, രാജപ്പാ" യെന്നു
സിനിമാ ലോകത്തേക്ക് തന്നെ വിരൽ ചൂണ്ടി ചോദിക്കാൻ സാധിച്ചതും ശ്രീനിക്ക് മാത്രം. "സത്യം പറയാലോ, ഒരു മാസം ഒന്ന് തട്ടി മുട്ടി ജീവിക്കാൻ ഒന്നരകോടി രൂപ വേണം" എന്നു ശ്രീനിവാസൻ പറയുമ്പോൾ സൂപ്പർ സ്റ്റാറുകൾക്ക് പോലും ചെറുചിരിയേ ചുണ്ടിൽ വിരിയൂ...
ലോക സിനിമയിൽ ചാർളി ചാപ്ലിന് തുല്യനായി ശ്രീനിവാസനെ വിശേഷിപ്പിക്കാം. രണ്ട് നൂറ്റാണ്ടിലെ കേരള രാഷ്ട്രീയ- സാമൂഹിക ചരിത്രമെടുത്താൽ ശ്രീനിവാസന് പകരം വെയ്ക്കാനുള്ളത് കുഞ്ചൻ നമ്പ്യാർ മാത്രം. ഇടയിലൊരു വി.കെ.എൻ. വന്നു പോയെങ്കിലും സാഹിത്യത്തിലെ ഗഹനത മൂലം സാധാരണക്കാർക്ക് അത്രകണ്ട് പ്രാപ്യമായതുമില്ല.
മലയാള സിനിമയിൽ ഇനിയും സൂപ്പർസ്റ്റാറുകളും സൂപ്പർ സംവിധായകരും രൂപപ്പെട്ടേക്കാം. എന്നാൽ മറ്റൊരു ശ്രീനിവാസൻ ഉണ്ടാവില്ല. ശ്രീനിയുടെ വഴി അയാളുടെത് മാത്രമായിരുന്നു. എന്തിന് ഇത്രേം നേരത്തെ പോയെന്ന് മലയാളി വിലപിക്കുന്നതും ഇതുകൊണ്ട് തന്നെ. സ്വർഗത്തിലിരുന്ന് സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ ശ്രീനിവാസൻ പറയും;
''എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ...!''

-ജിനേഷ് പൂനത്ത്

Ads by Google
ജിനേഷ് പൂനത്ത്
ജിനേഷ് പൂനത്ത്
Sunday 21 Dec 2025 03.41 PM
Ads by Google
LATEST NEWS
TRENDING NOW