Wednesday, March 11, 2026 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 12.07 PM

മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞ പ്രതിഭയായിരുന്നു ശ്രീനിവാസൻ: നവയുഗം.

uploads/news/2025/12/817111/a.jpg

ദമ്മാം: പ്രശസ്ത ചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

മലയാളി മനസ്സിന്റെ തുടിപ്പുകൾ തിരിച്ചറിഞ്ഞു, അതിനൊത്തു തൂലിക ചലിപ്പിച്ചും, അഭിനയമികവ് കൊണ്ടും മലയാളസിനിമയിലെ ഇതിഹാസതാരമായി മാറിയ പ്രതിഭയായിരുന്നു ശ്രീനിവാസൻ.

കച്ചവട സിനിമയിൽ സാധാരണ പ്രേക്ഷകന് കണ്ടു ശീലിച്ച പുരുഷസൗന്ദര്യത്തിന്റെയും, ആണത്വത്തിന്റെയും വാർപ്പ് മാതൃകകളോ, താരപ്പകിടിന്റെ മോടിയോ ഒരിയ്ക്കലുമില്ലാത്ത താരമായിരുന്നു ശ്രീനിവാസൻ. എന്നാൽ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് അതിനെയെല്ലാം മറികടന്ന്, താൻ നായകനായ സിനിമകൾക്ക് കച്ചവടവിജയത്തിന്റെ മിനിമം ഗ്യാരന്റി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അദ്ദേഹം നായകനായ പാവം പാവം രാജകുമാരൻ, പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ആനവാൽമോതിരം, മകന്റെ അച്ഛൻ, അറബിക്കഥ, പാസ്സഞ്ചർ, കഥ പറയുമ്പോൾ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായത് അതിന്റെ തെളിവാണ്.

തന്റെ കുറവുകളെ കളിയാക്കി അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങൾ മലയാളിയുടെ അപകർഷബോധത്തെയും, രാഷ്ട്രീയബോധത്തെയും സ്വാധീനിയ്ക്കുകയും, അദ്ദേഹം എഴുതിയ കഥാപാത്രങ്ങൾ മലയാളി സമൂഹത്തിന്റെ ഒരു കാരിക്കേച്ചർ രേഖാചിത്രമായി മാറുകയും ചെയ്തു. സന്ദേശം മുതൽ ഞാൻ പ്രകാശൻ വരെയുള്ള സിനിമകളിൽ എഴുതപ്പെട്ട ആ ആക്ഷേപഹാസ്യം സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ അവസാനകാലത്തെ വ്യക്തിപരമായ നിലപാടുകൾ പലപ്പോഴും പുരോഗമന സമൂഹത്തിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും, മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലാക്കാലത്തും ഓർമ്മിയ്ക്കപ്പെടുക തന്നെ ചെയ്യുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

Ads by Google
Sunday 21 Dec 2025 12.07 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW