-->
ന്യൂയോര്‍ക്ക്: സിറിയയിലെ ഐ.എസ്. ഭീകരതാവളങ്ങളില്‍ കനത്ത വ്യോമാക്രമണം നടത്തി യു.എസ്. സൈന്യം. ഒരാഴ്‌ച മുമ്പ് രണ്ട് യു.എസ്. സൈനികരെയും ഒരു സഹായിയേയും സിറിയയിലെ പാല്‍മിറയില്‍ ഐ.എസ്. കൊലപ്പെടുത്തിയതിനു തിരിച്ചടിയായാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്‌തമാക്കി.
''നമ്മുടെ മൂന്ന് രാജ്യസ്‌നേഹികളെ കൊലപ്പെടുത്തിയ ഭീകരര്‍ക്കുമേല്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ടു. മുന്‍കൂട്ടി നിശ്‌ചയിച്ച ദൗത്യം വളരെ വിജയകരമായിരുന്നു''- നോര്‍ത്ത് കരോലിനയിലെ റോക്ക് മൗണ്ടില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് വെളിപ്പെടുത്തി. ശക്‌തികൊണ്ട് ലോകമെങ്ങും സമാധാനം പുനഃസ്‌ഥാപിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കിഴക്കന്‍ സിറിയയിലെ ദേര്‍ അസ് സോര്‍ പ്രവിശ്യയില്‍ അഞ്ച് ഐ.എസ്. ഭീകരരെങ്കിലും യു.എസ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശനിരീക്ഷകന്‍ റാമി അബെ്‌ദല്‍ റഹ്‌മാന്‍ പറഞ്ഞു. ഐ.എസില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ചുമതലയുള്ള നേതാവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഐ.എസ്. സെല്ലുകളെ ലക്ഷ്യമിട്ട് വ്യോമാക്രമണമാണ് യു.എസ്. നടത്തിയതെന്നും കരയില്‍ നീക്കങ്ങളൊന്നുമുണ്ടായില്ലെന്നും സിറിയന്‍ സുരക്ഷാവൃത്തങ്ങള്‍ വ്യക്‌തമാക്കി. 'ഓപ്പറേഷന്‍ ഹോക്കിയെ' എന്നു പേരിട്ട സൈനികദൗത്യം ഐ.എസ്. ഭീകരരെയും അവരുടെ അടിസ്‌ഥാനസൗകര്യങ്ങളെയും ആയുധപ്പുരകളെയുമാണ് ലക്ഷ്യമിട്ടതെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു. എന്നാല്‍, ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ലെന്നും പ്രതികാരനടപടി മാത്രമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ശത്രുക്കളെ വേട്ടയാടി കൊന്നു. അത് തുടരുകയും ചെയ്യുമെന്നു പ്രതിരോധ സെക്രട്ടറി സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം പുറത്തായശേഷം 2024-ല്‍ നിലവില്‍വന്ന സര്‍ക്കാര്‍ യു.എസ്. സൈനികനീക്കങ്ങള്‍ക്കു പൂര്‍ണപിന്തുണയാണ് നല്‍കുന്നതെന്നു ട്രംപ് സ്വന്തം ഉടമസ്‌ഥതയിലുള്ള സാമൂഹികമാധ്യമമായ 'ട്രൂത്തി'ല്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്‌തമാക്കി. ഐ.എസിനെതിരായ പോരാട്ടം തുടരുമെന്നു വ്യക്‌തമാക്കിയ സിറിയന്‍ വിദേശകാര്യമന്ത്രാലയമാകട്ടെ, അതിനു പിന്തുണയേകാന്‍ അമേരിക്കയേയും സഖ്യരാഷ്‌ട്രങ്ങളെയും ക്ഷണിക്കുകയും ചെയ്‌തു.
സിറിയയുടെ മധ്യ, വടക്കുകിഴക്കന്‍ മേഖലകളിലാണു യു.എസ്. വ്യോമാക്രമണം നടന്നതെന്ന് 'അല്‍ജസീറ' ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഐ.എസിന്റെ 70 താവളങ്ങള്‍ക്കു നേരേയായിരുന്നു ആക്രമണം. പോര്‍വിമാനങ്ങളും ഹെലികോപ്‌ടറുകളും ദൗത്യത്തില്‍ പങ്കെടുത്തതായി യു.എസ്. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്‌തമാക്കി. ജോര്‍ദാന്‍ സൈന്യവും ആക്രമണത്തിനു പിന്തുണ നല്‍കി.
ഐ.എസിനു സ്വന്തം മണ്ണില്‍ സുരക്ഷിതതാവളമൊരുക്കില്ലെന്നു പ്രഖ്യാപിച്ച സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരാ സ്വന്തം പ്രതിഛായയും രാജ്യത്തിന്‍െ പ്രതിഛായയും മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്‌തു. സമീപകാലംവരെ അല്‍ ഷാരയെ ഭീകരനായാണ് യു.എസ്. കണക്കാക്കിയിരുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു തൊട്ടുമുമ്പ്, കഴിഞ്ഞമാസമാണ് അല്‍ ഷാരയെ ആഗോളഭീകരരുടെ പട്ടികയില്‍നിന്നു യു.എസ്. ഒഴിവാക്കിയത്. ഐ.എസിനെ ഉന്മൂലനം ചെയ്യാന്‍ യു.എസും ജോര്‍ദാനും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങള്‍ പുതിയ സിറിയന്‍ സര്‍ക്കാരിനും കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിനും മേല്‍ കടുത്തസമ്മര്‍ദമുണ്ടാക്കുന്നു. ഐ.എസില്‍ അവശേഷിക്കുന്നവരെയും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് 1000 യു.എസ്. സൈനികരാണ് നിലവില്‍ സിറിയയിലുള്ളത്.